പൂണെ: പാര്‍ട്ടി പിളര്‍ത്തി ഏക്‌നാഥ് ഷിന്ദേ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായ അനന്തരവന്‍ അജിത് പവാറുമായി ശരദ് പവാര്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ സജീവം. ശനിയാഴ്ച പുണെയിലെ വ്യവസായി അതുല്‍ ചോര്‍ദിയയുടെ കൊറേഗാവ് പാര്‍ക്കിലെ വീട്ടിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മണിക്കൂറുകളോളം ഇരുവരും ഒരുമിച്ചുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, കൂടിക്കാഴ്ചയെക്കുറിച്ച് അവരോട് ചോദിക്കണമെന്നായിരുന്നു എന്‍.സി.പി. നേതാവ് അമോല്‍ മിത്കരിയുടെ പ്രതികരണം. കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ചയായതെന്ന് അജിത് പവാറിനോടും ശരദ് പവാറിനോടും ജയന്ത് പാട്ടീലിനോടും ചോദിക്കണമെന്നായിരുന്നു ബി.ജെ.പി. എം.എല്‍.എ. അതുല്‍ ഭട്ഖാല്‍ക്കറിന്റെ പ്രതികരണം.
ശരദ് പവാറിനും അജിത് പവാറിനും പുറമേ, എന്‍.സി.പി. പവാര്‍ പക്ഷം മഹാരാഷ്ട്ര പ്രസിഡന്റായ ജയന്ത് പാട്ടീലും കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. മാധ്യമങ്ങളെ മാറ്റിനിര്‍ത്തിയായിരുന്നു കൂടിക്കാഴ്ച. അതുല്‍ ചോര്‍ദിയയുടെ വീട്ടില്‍നിന്ന് പവാര്‍ മടങ്ങി ഒരുമണിക്കൂറിലേറെ കഴിഞ്ഞാണ് അജിത് പവാര്‍ അവിടെനിന്ന് മടങ്ങിയത്. ശരദ് പവാറും അജിത് പവാറും വിവിധ പരിപാടികള്‍ക്കായി ശനിയാഴ്ച പൂണെയിലുണ്ടായിരുന്നു.
പാര്‍ട്ടി ഒന്നാവണമെന്ന ആവശ്യവുമായി നേരത്തെ ഒന്നിലേറെ തവണ അജിത് പവാര്‍ ശരദ് പവാറിനെ കണ്ടിരുന്നു. എന്നാല്‍, ഇത്തവണത്തേത് രഹസ്യകൂടിക്കാഴ്ചയാണെന്നതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. ഇരുപക്ഷങ്ങളുടേയും ലയനമടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ബി.ജെ.പിക്കൊപ്പം ചേരാന്‍ തങ്ങളില്ലെന്ന് പവാര്‍ അജിത്തിനോട് ആവര്‍ത്തിച്ചെന്നാണ് സൂചന.
ഇതിനിടെയാണ് ശനിയാഴ്ച തന്നെ നടന്ന രണ്ടു പ്രധാന സര്‍ക്കാര്‍ പരിപാടികളില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ അസാന്നിധ്യം ചര്‍ച്ചയാവുന്നത്. പുണെയിലെ ചൗന്ദ്‌നി ചൗക്കിലെ മേല്‍പ്പാലം ഉദ്ഘാടനത്തില്‍ ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയായിരുന്നു ഉദ്ഘാടകന്‍. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഷിന്ദേ പരിപാടികളില്‍ പങ്കെടുക്കാതിരുന്നതെന്ന് അജിത് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ശരദ് പവാര്‍ തന്റെ നേതാവായി തുടരുമെന്ന് അജിത് പവാറിനോടൊപ്പം പോയ ദിലീപ് വത്സെ പറഞ്ഞിരുന്നു. പവാറിന്റെ സാന്നിധ്യത്തിലായിരുന്നു ഷിന്ദേ മന്ത്രിസഭയിലെ സഹകരണമന്ത്രിയായ വത്സെയുടെ പ്രതികരണം.
Content Highlights: ajit pawar sharad pawar secret meet eknath shinde maharsathra politics ncp shiva sena
Published: 13 Aug 2023, 10:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented