ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, യുഎസ് വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാർക്കോ റൂബിയോയുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. ഇൻഡോ-പസഫിക് മേഖലയിലെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനം, അതിർത്തി കടന്നുള്ള ഭീകരവാദം, സമുദ്ര സുരക്ഷ, പശ്ചിമേഷ്യയിലെ രൂക്ഷമാകുന്ന സാഹചര്യം എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും ഇരുവരും തമ്മിലുള്ള ചർച്ചകൾ നടക്കുക.
ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നടക്കുന്ന ഇന്ത്യൻ-അമേരിക്കൻ പ്രതിനിധി സംഘങ്ങളുടെ കൂടിക്കാഴ്ചയിൽ പ്രതിരോധ സഹകരണം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ, ഊർജ്ജ സുരക്ഷ എന്നിവയുൾപ്പെടെയുള്ള തന്ത്രപരമായ വിഷയങ്ങൾ ചർച്ചയാകും.
ദക്ഷിണേഷ്യയിലെ സുരക്ഷാ ആശങ്കകളെക്കുറിച്ച് ഡോവൽ ധരിപ്പിക്കും. മേഖലയിൽ പ്രവർത്തിക്കുന്ന ഭീകര കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാൻ യുഎസ് പിന്തുണ തേടുകയാണ് ലക്ഷ്യം. ലഷ്‌കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ പാകിസ്താൻ കേന്ദ്രീകൃത ഭീകര സംഘടനകൾക്കും ഐഎസ് (ISIS) ബന്ധമുള്ളവർക്കുമെതിരെ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കണമെന്നും ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ യോജിച്ച് പോരാടണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം.
മയക്കുമരുന്ന് മാഫിയകൾ, സംഘടിത കുറ്റകൃത്യ ശൃംഖലകൾ, ഭീകരവാദികൾ എന്നിവർ തമ്മിലുള്ള ബന്ധങ്ങൾ അന്താരാഷ്ട്ര തലത്തിൽ വർധിച്ചുവരുന്നുണ്ട്. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഗുണ്ടാനേതാക്കൾ സഹായം നൽകുന്നതിനെ കുറിച്ചും, അതിനെ ഒരുമിച്ച് നിന്ന് ഇല്ലാതാക്കേണ്ടതിനെക്കുറിച്ചും ഇരുരാജ്യങ്ങളും ചർച്ച ചെയ്യാൻ സാധ്യതയുണ്ടെന്നും ഉന്നത സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഡോവൽ-റൂബിയോ ചർച്ചകളുടെ ഒരു പ്രധാന ഭാഗം ഇൻഡോ-പസഫിക് മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചായിരിക്കും. പ്രത്യേകിച്ച് സമുദ്ര സുരക്ഷയും കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ. ദക്ഷിണ ചൈനാ കടലിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ പ്രതിരോധിക്കാനുള്ള നടപടികളും ഇരുപക്ഷവും ചർച്ച ചെയ്യും.
ക്വാഡ് (Quad) സംവിധാനം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും മാരിടൈം ഡൊമെയ്ൻ അവയർനെസിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നത് വർധിപ്പിക്കുന്നതിനെക്കുറിച്ചും ഇരു പ്രതിനിധി സംഘങ്ങളും ചർച്ച ചെയ്‌തേക്കുമെന്നും ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു.
മലബാർ പോലുള്ള സംയുക്ത സൈനികാഭ്യാസങ്ങളുടെ വിപുലീകരണ സാധ്യത യോഗം വിലയിരുത്തും. പ്രധാന സമുദ്ര പാതകളുടെയും സപ്ലൈ ചെയിനുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ തന്ത്രപരമായ പ്രാധാന്യവും ഇരുരാജ്യങ്ങളും ചർച്ച ചെയ്‌തേക്കാം. 'ഇന്ത്യ-യുഎസ് ഇനിഷ്യേറ്റീവ് ഓൺ ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്‌നോളജി' (iCET) പോലുള്ള പദ്ധതികൾക്ക് കീഴിൽ ആഴത്തിലുള്ള സൈനിക സഹകരണത്തിലും സംയുക്ത പ്രതിരോധത്തിലും ചർച്ചകൾ നടക്കും.
സാങ്കേതിക വിദ്യ കൈമാറ്റം, നൂതന സംവിധാനങ്ങളുടെ വികസനം, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള പ്രതിരോധ-വ്യവസായ സഹകരണം ശക്തിപ്പെടുത്തൽ എന്നിവ ചർച്ചയിൽ ഉൾപ്പെട്ടേക്കാമെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പ്രാദേശിക സുരക്ഷാ വെല്ലുവിളികളിൽ ഇരുരാജ്യങ്ങളും കൂടുതൽ യോജിച്ചു പ്രവർത്തിക്കാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ, ഇന്ത്യയും വാഷിങ്ങ്ടണും തമ്മിലുള്ള പ്രതിരോധ-തന്ത്രപരമായ പങ്കാളിത്തത്തിന് ഈ ചർച്ചകൾ കൂടുതൽ കരുത്ത് പകരും എന്നാണ് വിലയിരുത്തൽ.
Content Highlights: High-level strategic dialogue between Ajit Doval and Marco Rubio. Focus on Indo-Pacific stability and countering China's regional influence. Enhanced intelligence sharing on cross-border terrorism and organized crime. Advancing defence industrial collaboration under the iCET framework. Strengthening the Quad partnership and maritime domain awareness.
Published: 24 May 2026, 10:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented