ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനും അജയ് മിശ്രയ്ക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ ആശിഷ് മിശ്ര പ്രതിയായതിന്റെ പശ്ചാത്തലത്തില്‍ പിതാവും മന്ത്രിയുമായ അജയ് മിശ്രയെ ക്രിമിനല്‍ എന്ന് വിളിച്ച് രാഹുല്‍ ഗാന്ധി. അജയ് മിശ്രയെ പുറത്താക്കുകയോ അയാള്‍ രാജിവെക്കുകയോ ചെയ്യണമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വ്യാഴാഴ്ച പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. 

To advertise here,

'മന്ത്രി രാജിവയ്ക്കണം. അയാള്‍ ഒരു കുറ്റവാളിയാണ്, ലഖിംപൂര്‍ ഖേരിയില്‍ നടന്ന കൊലപാതകത്തെ കുറിച്ച് സംസാരിക്കാന്‍ ഞങ്ങളെ അനുവദിക്കണം... സംഭവത്തില്‍ മന്ത്രിയക്ക് പങ്കുണ്ടെന്നും അത് ഗൂഢാലോചനയാണെന്ന് സംശയിക്കുന്നു' ലോക്്‌സഭയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അന്വേഷണ സംഘത്തിന്റെ 'ആസൂത്രിത ഗൂഢാലോചന' പരാമര്‍ശത്തില്‍ ചര്‍ച്ചകള്‍ ആവശ്യപ്പെട്ട് നിരവധി പ്രതിപക്ഷ എംപിമാര്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. 'ലഖിംപൂര്‍ ഇരകള്‍ക്ക് നീതി', 'എംഒഎസ് ഹോം പിരിച്ചുവിടുക' എന്നീ പ്ലക്കാര്‍ഡുകള്‍ പ്രതിപക്ഷ എംപിമാര്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടി.

എന്നാല്‍ ഈ ആവശ്യത്തിനായി സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ അനുവദിക്കില്ലെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു അറിയിച്ച്. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സംസാരിക്കുന്നതില്‍ നിന്ന് തടഞ്ഞത് കോണ്‍ഗ്രസില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ പ്രതിഷേധത്തിന് കാരണമായി.

മിശ്രയെ പുറത്താക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചത് അവരുടെ ധാര്‍മ്മിക പാപ്പരത്തത്തിന്റെ ഏറ്റവും വ്യക്തമായ തെളിവാണെന്ന് പ്രിയങ്ക ഗാന്ധി വദ്ര ട്വീറ്റ് ചെയ്തു.

Content Highlights: ajay mishra is a criminal says opposition in parliament