
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഡ്രോണ്‍ ചട്ടത്തിലൂടെ രാജ്യത്ത് എയര്‍ ടാക്‌സി സര്‍വീസ് യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നിരത്തുകളില്‍ ഓടുന്ന ഊബര്‍ ടാക്‌സികള്‍ക്ക് സമാനമായി വായുവിലൂടെ എയര്‍ ടാക്‌സികള്‍ ഓടുന്ന കാലം അധികം വിദൂരമല്ലെന്നും പുതിയ ഡ്രോണ്‍ ചട്ടത്തിന് കീഴില്‍ രാജ്യത്ത് എയര്‍ ടാക്‌സി സര്‍വീസ് സാധ്യമാണെന്നാണ് തന്റെ വിശ്വാസമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ആഗോള തലത്തില്‍ എയര്‍ ടാക്‌സികള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. നിരവധി സ്റ്റാര്‍ട്ട് അപ് കമ്പിനികള്‍ ഇതിനായി മുന്നോട്ടുവരുന്നുണ്ട്. രാജ്യത്തെ പുതിയ ഡ്രോണ്‍ ചട്ടത്തിലൂടെ ഊബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്ക് സമാനമായി എയര്‍ ടാക്‌സികള്‍ വായുവിലൂടെ പറക്കുന്നത് കാണാനാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രം പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് വ്യോമയാന മന്ത്രിയുടെ പ്രതികരണം. പുതിയ ചട്ടങ്ങള്‍ പ്രകാരം ഡ്രോണുകള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പറും ഓണ്‍ലൈന്‍ രജിസ്ട്രേഷനും ആവശ്യമാണ്. ലൈസന്‍സ് ഫീസും കുറച്ചു. ഡ്രോണുകളുടെ ഉപയോഗം, വില്‍പന, വാങ്ങല്‍ എന്നിവയ്ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രോണ്‍ ഭാരപരിധി 300 കിലോ ഗ്രാമില്‍ നിന്ന് 500 കിലോഗ്രാമായും വര്‍ധിപ്പിച്ചു. ഇതില്‍ ഡ്രോണ്‍ ടാക്സികളും ഉള്‍പ്പെടുന്നു.
ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ വ്യവസ്ഥചെയ്യുന്ന ചട്ടങ്ങള്‍ പുറത്തിറക്കിയത്.
ആഗോളതലത്തില്‍ നിരവധി കമ്പനികള്‍ എയര്‍ ടാക്‌സി നിര്‍മാണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. 2024 പാരീസ് ഒളിമ്പിക്‌സ് വേളയില്‍ തങ്ങള്‍ വികസിപ്പിച്ച രണ്ട് സീറ്റുള്ള എയര്‍ ടാക്‌സിയുടെ സര്‍വീസ് ആരംഭിക്കാനാകുമെന്ന് ജര്‍മന്‍ എയര്‍ ടാക്‌സി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വോളോകോപ്റ്റര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2025 ഓടെ എയര്‍ ടാക്‌സി സര്‍വീസ് തുടങ്ങുമെന്ന് കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയും അറിയിച്ചിട്ടുണ്ട്.
content highlights: Air Taxis Very Possible Under New Drone Policy: Aviation Minister
Published: 26 Aug 2021, 07:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented