ലോകത്തിലെ ആദ്യത്തെ പൂർണമായും സജ്ജമായ ഫ്ലൈയിങ് ടാക്സി (പറക്കും ടാക്സി) സ്റ്റേഷൻ ദുബായിൽ ഒരുങ്ങി. ഇതോടെ യു.എ.ഇ.യിലെ ജനങ്ങൾക്ക് യാത്ര ചെയ്യാൻ പുതിയൊരു മാർഗം കൂടി ഒരുങ്ങും. നിലവിൽ നാല് സ്റ്റേഷനുകളാണ് ഒരുക്കുന്നത്. ഇതിൽ ആദ്യത്തേത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തയ്യാറായിക്കഴിഞ്ഞു. ഈ വർഷം അവസാനത്തോടെ പൊതുജനങ്ങൾക്കായി എയർ ടാക്സി സേവനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

To advertise here,

ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് എയർ ടാക്സി സ്റ്റേഷൻ്റെ പ്രവർത്തനപുരോഗതി എക്സിൽ പങ്കുവെച്ചു. 'ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം സ്ഥിതി ചെയ്യുന്ന, ലോകത്തിലെ ആദ്യത്തെ ദുബായ് എയർ ടാക്സി സ്റ്റേഷൻ്റെ പുരോഗതി ഇന്ന് ഞാൻ വിലയിരുത്തി. സ്റ്റേഷൻ സജ്ജമാണ്.' അദ്ദേഹം പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഡൗൺടൗൺ, പാം ജുമൈറ, ദുബായ് മറീന എന്നിവയുൾപ്പെടെയുള്ള വിപുലമായ ശൃംഖലയുടെ ഭാഗമാണിതെന്നും ഈ വർഷം അവസാനത്തോടെ അതിൻ്റെ നിർമാണം പൂർത്തിയാകുമെന്നും ഈ വർഷം അവസാനത്തോടെ പൊതുജനങ്ങൾക്കായുള്ള സേവനം ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

3100 ചതുരശ്ര മീറ്ററിൽ നിർമിച്ച നാല് നില കെട്ടിടം, രണ്ട് ടേക്ക് ഓഫ്- ലാൻഡിങ് പാഡുകൾ, പാർക്കിങ്, ഇലക്ട്രിക് വിമാനത്തിനുള്ള ചാർജിങ് സ്റ്റേഷനുകൾ, എയർ കണ്ടീഷൻ ചെയ്ത പാസഞ്ചർ ഏരിയ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് എയർ ടാക്സി സ്റ്റേഷൻ.

ജോബി ഏവിയേഷനാണ് എയർ ടാക്സിക്ക് വേണ്ടിയുള്ള ഇലക്ട്രിക് എയർക്രാഫ്റ്റുകൾ നിർമിക്കുന്നത്. ഈ എയർക്രാഫ്റ്റുകൾ വെർട്ടിക്കലായി ടേക്ക് ഓഫ് ചെയ്യുകയും ലാൻ്റ് ചെയ്യുകയും ചെയ്യും. വൈദ്യുതോർജത്തിലാണ് ഇതിൻ്റെ പ്രവർത്തനം. ദൈർഘ്യം കുറഞ്ഞ നഗര യാത്രകൾക്ക് വേണ്ടിയാണിത് രൂപകല്പന ചെയ്തിരിക്കുന്നത്. ഹെലിക്കോപ്റ്ററുകളേക്കാൾ 100 മടങ്ങ് ശബ്ദം കുറവാണിവയ്ക്ക്.

യാത്രാസമയം വളരെയധികം കുറയുമെന്നതാണ് എയർ ടാക്സി യാത്രയുടെ പ്രധാന സവിശേഷത. ദുബായ് വിമാനത്താവളത്തിൽ നിന്ന് പാം ജുമൈറയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യാൻ 45 മിനിറ്റ് വേണം. എന്നാൽ എയർ ടാക്സിയിൽ പത്ത് മിനിറ്റിൽ കൂടുതൽ സമയം വേണ്ടിവരില്ല.