ന്യൂ ഡെൽഹി: എയർ ഇന്ത്യ വിമാനം അബദ്ധത്തിൽ പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ജൂൺ 22-ന് ഡൽഹിയിൽനിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് പോയ എഐ479 വിമാനമാണ് അന്താരാഷ്ട്ര അതിർത്തി ലംഘിച്ചത്.

To advertise here,

അമൃത്‌സർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി നടത്തിയ പറക്കലിനിടെയാണ്‌ അല്പനേരം പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. എയർ ട്രാഫിക് കൺട്രോളിൽനിന്നുള്ള നിർദ്ദേശങ്ങൾ പിന്തുടരുന്നതിനിടയിൽ വിമാനം അന്താരാഷ്ട്ര അതിർത്തി കടക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.

സംഭവം ബന്ധപ്പെട്ട ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് ആഭ്യന്തരമായി അന്വേഷണം നടത്തിവരികയാണെന്നും വിമാനക്കമ്പനി അറിയിച്ചു. യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു.