ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനെ പൈലറ്റ് മർദിച്ചതായി ആരോപണം. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റാണ് സ്പൈസ് ജെറ്റ് യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചത്. സംഭവം എയർ ഇന്ത്യ എക്സ്പ്രസ് സ്ഥിരീകരിക്കുകയും പൈലറ്റിനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

തന്റെ നാല് മാസം പ്രായമുള്ള കുഞ്ഞിനും കുടുംബത്തിനുമൊപ്പം യാത്ര ചെയ്യുകയായിരുന്ന അങ്കിത് ദിവാൻ എന്ന യുവാവിനാണ് ദുരനുഭവം ഉണ്ടായത്. ചെറിയ കുഞ്ഞ് ഒപ്പമുണ്ടായിരുന്നതിനാൽ വിമാനത്താവള ജീവനക്കാരുടെ നിർദ്ദേശപ്രകാരം സ്റ്റാഫ് ആൻഡ് പിആർഎം സെക്യൂരിറ്റി ചെക്ക് സൗകര്യം ഉപയോഗിക്കുന്നതിനിടയിലാണ് പ്രശ്നങ്ങൾ ഉണ്ടായത്. അവിടെയുണ്ടായിരുന്ന ചില ജീവനക്കാർ ക്യൂ ലംഘിക്കാൻ ശ്രമിച്ചത് അങ്കിത് ചോദ്യം ചെയ്തു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ക്യാപ്റ്റൻ വീരേന്ദർ, അങ്കിതിനോട് തർക്കിക്കുകയും അക്ഷരാഭ്യാസമില്ലേ, ബോർഡുകൾ വായിക്കാൻ അറിയില്ലേ എന്ന് ചോദിച്ച് അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. വാക്കുതർക്കം രൂക്ഷമായതോടെ പൈലറ്റ് തന്നെ ശാരീരികമായി ആക്രമിച്ചുവെന്നും അങ്കിത് ആരോപിച്ചു. മൂക്കിൽ നിന്ന് ചോരയൊലിക്കുന്ന അങ്കിതിന്‍റെ ചിത്രങ്ങൾ എക്സിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിൽ തന്റെ ഷർട്ടിലായ രക്തം പൈലറ്റിന്റെ ഷർട്ടിലും പറ്റിയിട്ടുണ്ടെന്ന് അങ്കിത് എക്സിൽ കുറിച്ചു. ഈ സംഭവം തന്റെ കുടുംബത്തിന്റെ അവധിക്കാല യാത്രയെ നശിപ്പിച്ചുവെന്നും ആക്രമണത്തിന് സാക്ഷിയായ തന്റെ ചെറിയ മകൾക്ക് ഇത് വലിയ മാനസിക ആഘാതമുണ്ടാക്കിയെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു. പൈലറ്റ് മറ്റൊരു വിമാനത്തിൽ യാത്രക്കാരനായി പോകുന്നതിനിടെയാണ് ഈ തർക്കം ഉണ്ടായതെന്ന് വിമാനക്കമ്പനി വിശദീകരിച്ചു. ജീവനക്കാരന്റെ പെരുമാറ്റത്തെ ശക്തമായി അപലപിച്ച കമ്പനി അന്വേഷണം പൂർത്തിയാകുന്നത് വരെ ഇയാളെ ചുമതലകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്തതായി അറിയിച്ചു. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി.

കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയവും വിഷയത്തിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. കുറ്റാരോപിതനായ പൈലറ്റിനെ അടിയന്തരമായി വിമാനം പറത്തുന്നതിൽ നിന്ന് വിലക്കുന്നതിന് മന്ത്രാലയം നിർദ്ദേശം നൽകി. സംഭവത്തെക്കുറിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, സിഐഎസ്എഫ് എന്നിവരിൽ നിന്ന് റിപ്പോർട്ട് തേടുകയും ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.