ശ്രീനഗർ: ജമ്മുകശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിൽ (എൻസി) ആഭ്യന്തരഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്. ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ഇക്കഴിഞ്ഞദിവസമുണ്ടായ പുനഃസംഘടനയാണ് പല എംഎൽഎമാരിലും അതൃപ്തിക്ക് വഴിതെളിച്ചതെന്നാണ് വിവരം. പാർട്ടിക്കുള്ളിൽ കൂടുതൽ ജനാധിപത്യം വേണമെന്നും മന്ത്രിസഭയാകെ രാജിവെക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

To advertise here,

ശ്രീനഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപി, ആഗാ റുഹുള്ള മെഹ്ദി പാർട്ടിയിൽനിന്ന് രാജിവെക്കാനൊരുങ്ങുന്നു എന്ന വാർത്തയ്ക്കിടെയാണ് നാഷണൽ കോൺഫറൻസിൽ വലിയൊരു വിഭാഗം എംഎൽഎമാർ അതൃപ്തരാണെന്ന റിപ്പോർട്ടും വരുന്നത്. നവംബർ മൂന്നാംതീയതി പാർട്ടി അംഗത്വവും എംപി സ്ഥാനവും രാജിവെക്കുമെന്നാണ് മെഹ്ദി പ്രഖ്യാപിച്ചിട്ടുള്ളത്.

ഒമർ അബ്ദുള്ളയ്‌ക്കെതിരേ രൂക്ഷവിമർശനവും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ മെഹ്ദി ഉന്നയിച്ചിരുന്നു. ‘കുടുംബത്തിന് കൈമാറിക്കിട്ടിയ സ്വകാര്യസ്വത്ത് എന്ന വിധത്തിലാണ് യുവരാജാവും ഉപജാപകവൃന്ദവും ജമ്മു കശ്മീരിനെ കാണുന്നത്. ആളുകൾ വോട്ട് ചെയ്തശേഷം മിണ്ടാതിരിക്കണമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്’, മെഹ്ദി വിമർശിച്ചു.

അതേസമയം, പന്ത്രണ്ടിലധികം എംഎൽഎമാർ കൈസർ ജംഷൈദ് ലോണിന്റെ വസതിയിൽ വെള്ളിയാഴ്ച വൈകീട്ട് യോഗം ചേർന്നെന്നാണ് വിവരം. ലോലാബ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയാണ് കൈസർ. നിലവിലെ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും രാജിവെക്കണമെന്നും അഭിപ്രായ ഐക്യത്തിലൂടെ പുതിയ മന്ത്രിസഭ രൂപവത്കരിക്കണമെന്നുമുള്ള ആവശ്യം ഉന്നയിക്കാനാണ് ഈ എംഎൽഎമാരുടെ നീക്കം. അതിനിടെ ഈ യോഗത്തിൽ പങ്കെടുത്ത മുബാരക് ഗുൽ എന്ന എംഎൽഎയെ പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പാർട്ടി അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള നീക്കി.

2024 ഒക്ടോബർ 16-നാണ് കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അഞ്ച് മന്ത്രിമാരും അധികാരമേറ്റു. 90 അംഗ നിയമസഭയാണ് ജമ്മു കശ്മീരിന്റേത്. മന്ത്രിമാരുടെ എണ്ണം, സഭയുടെ ആകെ അംഗസഖ്യയുടെ 10 ശതമാനം കൂടാൻ പാടില്ലെന്നാണ് ചട്ടം. അങ്ങനെ നോക്കുമ്പോൾ, മുഖ്യമന്ത്രി ഉൾപ്പെടെ ജമ്മു കശ്മീർ സർക്കാരിലെ അനുവദനീയമായ മന്ത്രിമാരുടെ എണ്ണം ഒമ്പത് ആണ്. ആർക്കൊക്കെ മന്ത്രിപദം നൽകണമെന്ന കാര്യത്തിൽ തീരുമാനമാകാതിരുന്നതിനാൽ രണ്ടുകൊല്ലത്തോളമായി ബാക്കി മന്ത്രിപദങ്ങൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഒക്ടോബർ 27-നാണ് നാല് മന്ത്രിമാർ പുതുതായി ചുമതലയേറ്റത്. പിന്നാലെ എംഎൽഎമാർക്കിടയിൽ അഭിപ്രായവ്യത്യാസം രൂപപ്പെടുകയായിരുന്നു.