ന്യൂഡല്‍ഹി: സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശയാത്രയില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എംപിക്ക് എഐസിസിയുടെ അനുമതി. പ്രതിനിധി സംഘത്തിലേക്ക് കോണ്‍ഗ്രസ് പേരു നിര്‍ദേശിക്കാതിരിക്കേ കേന്ദ്രം തരൂരിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തരൂര്‍ ഉള്‍പ്പെടെ പ്രതിനിധി സംഘത്തിന്റെ ഭാഗമായ നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും പാര്‍ട്ടി അനുമതി നല്‍കിയത്. അതേസമയം, വിദേശയാത്രയ്ക്ക് പോകാന്‍ പാര്‍ട്ടിയോട് അനുമതി തേടിയിരുന്നില്ലെന്ന് തരൂരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. 

To advertise here,

വിദേശത്തേക്ക് പോകുന്ന പ്രതിനിധി സംഘത്തിന്റെ ഭാഗമാക്കാനുള്ള നാല് എംപിമാരുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് മേയ് പതിനാറിനാണ് കേന്ദ്രം തങ്ങളെ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. തുടര്‍ന്ന്, അന്നേദിവസം ഉച്ചയ്ക്കുതന്നെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ രാഹുല്‍ നാല് എംപിമാരുടെ പേര് നല്‍കി.

എന്നാല്‍ 17-ാം തീയതി അര്‍ധരാത്രി, കോണ്‍ഗ്രസ് നല്‍കിയ പട്ടികയിലെ ഒരു പേരുമാത്രം ഉള്‍പ്പെടുത്തി കേന്ദ്രം പട്ടിക പുറത്തുവിടുകയായിരുന്നു. ഇത്രയും സുപ്രധാനമായ ഒരു വിഷയത്തില്‍പോലും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. 

തരൂരും മനീഷ് തിവാരിയും ഉള്‍പ്പെടെയുള്ളവര്‍ അനുമതിയില്ലാതെ വിദേശത്തേക്ക് പോയിരുന്നെങ്കില്‍ അത് പാര്‍ട്ടി നടപടികൾക്ക് വഴിതെളിക്കുമായിരുന്നു. എന്നാല്‍, എഐസിസി അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ അത്തരം നടപടികള്‍ ഉണ്ടാകില്ലെന്ന് വ്യക്തമാണ്. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ കോണ്‍ഗ്രസ് ഇത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, കോണ്‍ഗ്രസിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കി, രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പാര്‍ട്ടി ആരോപിക്കുന്നുമുണ്ട്. ബിജെപി മോശം രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനം, പ്രധാനമന്ത്രി പങ്കെടുക്കുന്ന സര്‍വകക്ഷി യോഗം എന്നീ ആവശ്യങ്ങളില്‍നിന്ന് കോണ്‍ഗ്രസ് പിന്നോട്ടില്ലെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.