
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ പ്രതിഷേധ മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ്. സാങ്കേതിക വിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് പ്രമുഖ കമ്പനികളുടെ സിഇഒമാർ സംസാരിക്കുന്നതിനിടെയായിരുന്നു പുറത്ത് പ്രതിഷേധം അരങ്ങേറിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെതിരെ മുദ്രാവാക്യം വിളികളുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ടുകൾ ഊരിമാറ്റിയാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. സമ്മിറ്റ് നടന്ന വേദിക്ക് പുറത്ത് വലിയ ശബ്ദത്തിൽ മുദ്രാവാക്യം വിളികൾ ഉയർന്നതോടെയാണ് അവിടെയുണ്ടായിരുന്നവർ പ്രതിഷേധം ശ്രദ്ധിച്ചത്.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലൂടെ രാജ്യത്തിന് അർഹമായ ഗുണങ്ങൾ ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. സമ്മിറ്റിൽ പങ്കെടുക്കാനെത്തിയവരെയും ഉദ്യോഗസ്ഥരെയും സാക്ഷിയാക്കിയാണ് ഷർട്ട് ഊരിയുള്ള പ്രതിഷേധം അരങ്ങേറിയത്. സമ്മിറ്റിലെ എക്സിബിഷൻ ഹാളിൽ അതിക്രമിച്ചു കയറിയ പത്തോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു. പ്രധാനമന്ത്രി മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ചിത്രങ്ങളും’ഇന്ത്യ-യുഎസ് വ്യാപാര കരാർ’, ‘എപ്‌സ്റ്റീൻ ഫയൽസ്’ തുടങ്ങിയ മുദ്രാവാക്യങ്ങളും പതിച്ച വെള്ള ടി-ഷർട്ടുകൾ ഇവർ ഉയർത്തിപ്പിടിച്ചിരുന്നു.
പ്രതിഷേധം കനത്തതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ ബലമായി നീക്കം ചെയ്യുകയും തിലക് മാർഗ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വേദിയിലെ സുരക്ഷ വർദ്ധിപ്പിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. നിലവിൽ ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയുള്ള ക്യുആർ കോഡ് ഉപയോഗിച്ചാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.
കോൺഗ്രസിന്റെ പ്രതിഷേധത്തെ കടുത്ത ഭാഷയിലാണ് ബിജെപി വിമർശിച്ചത്. ഇന്ത്യയുടെ വളർച്ചയിലുള്ള അസൂയ മൂലമാണ് കോൺഗ്രസ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് ബിജെപി വക്താവ് നളിൻ കോലി ആരോപിച്ചു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം എഐ എന്നാൽ 'ആന്റി-ഇന്ത്യ' (anti-India) എന്നാണെന്നും, ഐഎൻസി എന്നത് യഥാർത്ഥത്തിൽ എഎൻസി (ആന്റി നാഷണൽ കോൺഗ്രസ്) ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിഷേധക്കാർ ഷർട്ട് ഇല്ലാത്തവർ മാത്രമല്ല, മര്യാദയില്ലാത്തവരുമാണെന്നും അദ്ദേഹം വിമർശിച്ചു.
Content Highlights: India AI Impact Summit 2026 showcased tech advancements but faced disruption from protesters against the India-US trade agreement.
Published: 20 Feb 2026, 02:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented