ന്യൂഡൽഹി: 2020 മേയ് മാസത്തിൽ ഗാൽവൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യ നടത്തിയ സേനാവിന്യാസത്തിന്‍റെ വിവരങ്ങൾ പുറത്ത്. സംഘർഷത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 68000-ത്തോളം സൈനികരെയും മറ്റ് ആയുധ സാമ​ഗ്രികളും വ്യോമസേനയുടെ സഹായത്തോടെ കിഴക്കൻ ലഡാക്കിലേക്ക് എയർലിഫ്റ്റ് ചെയ്തതിരുന്നതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

To advertise here,

68,000 സൈനികർ, 90-ലധികം ടാങ്കുകൾ, ഏകദേശം 330 ബിഎംപി ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങൾ, റഡാർ സംവിധാനങ്ങൾ, പീരങ്കികൾ  എന്നിവയടങ്ങിയ കരസേനയുടെ ഒന്നിലധികം ഡിവിഷനുകളെ വ്യോമസേന എയർലിഫ്റ്റ് ചെയ്തതായാണ് വെളിപ്പെടുത്തൽ. നിയന്ത്രണ രേഖയിലെ ജനവാസയോഗ്യമല്ലാത്ത വിവിധ പ്രദേശങ്ങളിൽ വേ​ഗത്തിൽ സേനയെ വിന്യസിക്കുന്നതിനായി വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് എയർലിഫ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. ഒരു പ്രത്യേക ഓപ്പറേഷന് വേണ്ടിയായിരുന്നു എയർലിഫ്റ്റ് എന്നാണ് സൂചനകൾ.

ചൈനയിൽ നിന്നുമുണ്ടായേക്കാവുന്ന നീക്കങ്ങൾ കണക്കിലെടുത്ത് നിരവധി യുദ്ധവിമാനങ്ങളും പ്രദേശത്ത് വിന്യസിച്ചിരുന്നു. പട്രോളിങ്ങിനായി റഫാൽ, മിഗ് -29 എന്നീ വിമാനങ്ങളായിരുന്നു ഉപയോ​ഗിച്ചിരുന്നത്. കൂടാതെ, സുഖോയ് സു-30 എംകെഐ, ജാഗ്വാർ യുദ്ധവിമാനങ്ങളും ചൈനീസ് സൈനികരുടെ സ്ഥാനവും നീക്കങ്ങളും നിരീക്ഷിക്കുന്നതിനായി പ്രദേശത്തുണ്ടായിരുന്നു. ഇവയുടെ നിരീക്ഷണ പരിധി ഏകദേശം 50 കിലോമീറ്ററുകളോളം വരുമെന്നാണ് റിപ്പോർട്ട്‌. 

സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളടക്കം 9000 ടണ്ണോളം ഭാരമടങ്ങുന്ന സാമ​ഗ്രികളാണ് വ്യോമസേന എയർലിഫ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രദേശത്ത് നിരീക്ഷണത്തിനാവശ്യമായ എല്ലാ സംവിധാനവും ഒരുക്കുന്നതിൽ വ്യോമസേന വഹിച്ച് പങ്കാണ് പുറത്തുവന്നിരിക്കുന്നത്. ഏറെ പ്രതികൂലമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടായിരുന്നു വ്യോമസേന തങ്ങളുടെ ലക്ഷ്യം പൂർത്തീകരിച്ചത്.

ഗാൽവൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ഏറെ ബാധിച്ചിരുന്നു. 2020 ജൂണിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. തുടർന്ന് നിരവധി നയതന്ത്ര, സൈനിക ചർച്ചകൾക്കാണ് രാജ്യം സാക്ഷിയായത്.