ന്യൂഡല്‍ഹി വനിതാ മാധ്യമപ്രവര്‍ത്തകരെ ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം വാര്‍ത്താസമ്മേളനത്തിലേക്ക് വിളിച്ച് അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി. ഡല്‍ഹിയിലും യുപിയിലും നടന്ന വാര്‍ത്താസമ്മേളനങ്ങളില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയത് വിവാദമായിരുന്നു. വനിതകളെ ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാന്‍ മൗനം പാലിച്ചുവെന്നതായിരുന്നു പ്രധാന വിമര്‍ശനം. എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്സ് (ഐഡബ്ല്യുപിസി) എന്നിവയുള്‍പ്പെടെ നിരവധി മാധ്യമ സംഘടനകള്‍ ഈ നടപടിയെ 'വിവേചനപരം' എന്ന് അപലപിച്ചു. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നയതന്ത്ര പരിരക്ഷ ഉള്‍പ്പെടെ ഒരു കാരണവശാലും വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയ തീരുമാനത്തെ ന്യായീകരിക്കാനാവില്ലെന്ന് ഇരു സംഘടനകളും പറഞ്ഞു.

To advertise here,

അഫ്ഗാന്‍ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് യാതൊരു പങ്കുമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണം. വാര്‍ത്താസമ്മേളനത്തിലേക്ക് മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞെടുത്തത് മുംബൈയിലെ അഫ്ഗാനിസ്താന്റെ കോണ്‍സുല്‍ ജനറലാണെന്നും വാര്‍ത്താസമ്മേളനം നടന്ന അഫ്ഗാന്‍ എംബസി പ്രദേശം ഇന്ത്യന്‍സര്‍ക്കാരിന്റെ അധികാരപരിധിക്കുള്ളില്‍ വരില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെ അഫ്ഗാനിസ്താന്‍ എംബസിയിലായിരുന്നു മുത്താക്കിയുടെ വാര്‍ത്താസമ്മേളനം. വനിത മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കാതിരുന്നതോടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ടിഎംസി എംപി മഹുവാ മൊയ്​ത്ര, കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര, പി. ചിദംബരം തുടങ്ങിയ രാഷ്ട്രീയപ്രവര്‍ത്തകരും ഇതിനെതിരേ രംഗത്തെത്തിയിരുന്നു.

വിമര്‍ശനം ശക്തമായതോടെ, അഫ്ഗാന്‍ വിദേശകാര്യമന്ത്രിയുടെ സംഘം ഞായറാഴ്ചത്തെ വാര്‍ത്താസമ്മേളനത്തിനായി പുതിയ ക്ഷണക്കത്തുകള്‍ നല്‍കി. എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനമുള്ള, 'എല്ലാവരെയും ഉള്‍ക്കൊള്ളുന്ന' ഒരു പരിപാടിയാണിതെന്നും അവര്‍ അവകാശപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.