ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ  ഷൂ എറിയാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിസ്ഥാനത്തുള്ള അഭിഭാഷകന്‍. ദൈവമാണ് തന്നേക്കൊണ്ട് അത് ചെയ്യിച്ചതെന്ന് അഡ്വ. രാകേഷ് കിഷോര്‍ വാർത്താ ഏജൻസിയോട് പറഞ്ഞു.

To advertise here,

“ദൈവമാണ് എന്നെ കൊണ്ടത് ചെയ്യിച്ചത്. ഞാന്‍ മാപ്പ് പറയാനോ ഖേദം പ്രകടിപ്പിക്കാനോ ഉദ്ദേശിക്കുന്നില്ല. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല”, രാകേഷ് കിഷോര്‍ പ്രതികരിച്ചു. താന്‍ ജുഡീഷ്യറിയെ വളരെയധികം ബഹുമാനിക്കുന്നു. ചീഫ് ജസ്റ്റിസ് ആരുതന്നെയായാലും അദ്ദേഹത്തെയും ബഹുമാനിക്കുന്നു’, രാകേഷ് കിഷോര്‍ വ്യക്തമാക്കി.

മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനര്‍നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കേസിനിടെ ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും രാകേഷ് കിഷോര്‍ പറഞ്ഞു.

തിങ്കളാഴ്ചയാണ് സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ്  ബി.ആര്‍. ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമമുണ്ടായത്. അഭിഭാഷകരുടെ മെന്‍ഷനിങ് (കേസുകള്‍ വേഗം പരിഗണിക്കണമെന്ന് അഭ്യര്‍ഥിക്കല്‍) നടക്കുന്നതിനിടെയായിരുന്നു സംഭവം. ജസ്റ്റിസ് കെ.വിനോദ്ചന്ദ്രന്‍ കൂടി ഉള്‍പ്പെട്ട ബെഞ്ചിനുനേരെയാണ് അഡ്വ.രാകേഷ് കിഷോറിന്റെ അതിക്രമമുണ്ടായത്. സനാതനധര്‍മത്തെ അവഹേളിച്ചാല്‍ പൊറുക്കില്ലെന്ന മുദ്രാവാക്യവും രാകേഷ് കിഷോര്‍ മുഴക്കിയിരുന്നു. സുരക്ഷാ ജീവനക്കാരെത്തിയാണ് രാകേഷിനെ പുറത്താക്കിയത്. ഇതുമൂലം കോടതിനടപടികള്‍ അല്‍പ്പസമയത്തേക്ക് തടസ്സപ്പെടുകയും ചെയ്തു. തങ്ങളുടെ ശ്രദ്ധ ഇത്തരം സന്ദര്‍ഭങ്ങളില്‍ നഷ്ടപ്പെടാറില്ലെന്ന് ചീഫ് ജസ്റ്റിസ് കോടതി നടപടികള്‍ പുനരാരംഭിച്ചുകൊണ്ടുപറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ മയുര്‍ വിഹാര്‍ സ്വദേശിയായ രാകേഷിനെ മൂന്ന് മണിക്കൂറോളം ഡല്‍ഹി പോലീസ് ചോദ്യം ചെയ്തിരുന്നു. പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ട് മണിയോടെ ഇയാളെ വിട്ടയച്ചു. സംഭവത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളും അഭിഭാഷക സംഘടനകളും ശക്തമായി പ്രതിഷേധിച്ചു. അഡ്വ.രാകേഷ് കിഷോറിനെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്യുകയും കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നത് വിലക്കുകയും ചെയ്തു. ചീഫ് ജസ്റ്റിനുനേരെ നടന്ന അതിക്രമത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസ് കാണിച്ച സംയമനത്തെ പുകഴ്ത്തുകയും ചെയ്തു.