ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വേ. കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം തുടരുന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി വരുമെന്നും തൂക്കുസഭയ്ക്കുള്ള സാധ്യതയും എബിപി-സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നു.

To advertise here,

പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലും എ.എ.പി കോണ്‍ഗ്രസിനും ബിജെപിക്കും കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും ഒരു മൂന്നാംശക്തിയായി ഉയര്‍ന്നുവരികയാണെന്നും സര്‍വേ പറയുന്നു. തിരഞ്ഞെടുപ്പ് തോല്‍വികള്‍ കോണ്‍ഗ്രസിന്റെ എല്ലാ സംസ്ഥാന ഘടകങ്ങളിലും വന്‍ ആഭ്യന്തര കലഹങ്ങളിലേക്കെത്തിക്കുമെന്നുമാണ് പ്രവചനം.

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിക്ക് 41.3 ശതമാനം വോട്ടും അഖിലേഷ് യാദവിന്റെ നേതൃത്വലുള്ള മുഖ്യപ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിക്ക് 32 ശതമാനം വോട്ടുമാണ് സര്‍വേ പ്രവചിക്കുന്നത്. ബിഎസ്പിക്ക് 15 ശതമാനവും കോണ്‍ഗ്രസിന് ആറ് ശതമാനം വോട്ടും ലഭിക്കുമെന്നും പറയുന്നു. 2017-ല്‍ 41.4 ശതമാനം വോട്ട് നേടി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപിക്ക് ഇത്തവണയും വോട്ട് ശതമാനത്തില്‍ അത പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് സര്‍വേ പറയുന്നത്. അതേ സമയം ഉത്തര്‍പ്രദേശിലിപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയമായ ലഖിംപുര്‍ ഖേരി സംഭവത്തിന് ഒരു മാസം മുന്നെ നടന്ന സര്‍വേയുടെ റിപ്പോര്‍ട്ടുകളാണ് ഇതെന്നതും ശ്രദ്ധേയമാണ്.

സര്‍വേ അനുസരിച്ച് ബിജെപി 241 മുതല്‍ 249 സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. സമാജ് വാദി പാര്‍ട്ടിക്ക് 130 മുതല്‍ 138 സീറ്റുകളും ബിഎസ്പിക്ക് 15 മുതല്‍ 19 സീറ്റുകളും കിട്ടുമെന്ന് പ്രവചിക്കുന്നു. മൂന്ന് മുതല്‍ ഏഴ് സീറ്റുകളാണ് കോണ്‍ഗ്രസിന് പ്രതീക്ഷിക്കാവുന്നത്.

പഞ്ചാബ്

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന പ്രവചനമാണ് സര്‍വേയിലെ മുഖ്യഘടകം.117 അംഗ പഞ്ചാബ് നിയമസഭയില്‍ 49 മുതല്‍ 55 സീറ്റുകളാണ് എഎപിക്ക് സര്‍വേയില്‍ നല്‍കുന്നത്. കോണ്‍ഗ്രസിന് 30 മുതല്‍ 47 സീറ്റുകള്‍, അകാലിദളിന് 17 മുതല്‍ 25 സീറ്റുകള്‍, ബിജെപിക്ക് ഏറിയാല്‍ ഒരു സീറ്റ്, മറ്റുള്ളവര്‍ക്കും ഒരു സീറ്റ് വരെ കിട്ടാമെന്നും എബിപി-സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നു. എഎപി 36 ശതമാനം വോട്ടും കോണ്‍ഗ്രസ് 32 ശതമാനം വോട്ടും നേടിയേക്കും. അകാലിദള്‍ 22 ശതമാനവും ബിജെപി നാല് ശതമാനവും മറ്റുള്ളവര്‍ ആറ് ശതമാനവും വോട്ട്‌ പിടിക്കുമെന്നാണ് പ്രവചനം.

ഉത്തരാഖണ്ഡ്

ഉത്തര്‍പ്രദേശില്‍ ബിജെപി തന്നെ ഒരിക്കല്‍ കൂടി അധികാരത്തിലേറുമെന്നാണ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസിന് 34 ശതമാനവും ബിജെപിക്ക് 45 ശതമാനവും വോട്ട് വിഹിതമാണ് പ്രവചിക്കുന്നത്. മൂന്നാമാതായി എത്തുന്ന ആം ആദ്മി പാര്‍ട്ടിക്ക് 15 ശതമാനം വോട്ടുകള്‍ ഉത്തരാഖണ്ഡില്‍ പിടിക്കാനാകുമെന്ന പ്രവചനവും ശ്രദ്ധേയമാണ്. 

70 അംഗ നിയമസഭയാണ് ഉത്തരാഖണ്ഡിലേത്. ഇവിടെ ബിജെപി 42 മുതല്‍ 46 സീറ്റുകള്‍ പിടിക്കുമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസിന് 21 മുതല്‍ 25 ഉം എഎപിക്ക് നാല് സീറ്റ് വരെയും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുകള്‍ വരെയും അഭിപ്രായ സര്‍വേ പ്രവചിക്കുന്നു.

ഗോവ

40-അംഗ ഗോവ നിയമസഭയിലേക്ക് ബിജെപി ഒരിക്കല്‍ കൂടി അധികാരത്തില്‍ വരുമെന്ന് സര്‍വേ പ്രവചിക്കുന്നു. 24 മുതല്‍ 28 സീറ്റുകളാണ് ബിജെപിക്ക് പ്രതീക്ഷിക്കാവുന്നത്. കോണ്‍ഗ്രസിന് ഒന്ന് മുതല്‍ അഞ്ചു സീറ്റുകള്‍ മാത്രമാണ് പ്രവചിക്കുന്നത്. അതേ സമയം എഎപിക്ക് മൂന്ന് മുതല്‍ ഏഴ് വരെയും മറ്റുള്ളവര്‍ക്ക് നാല് മുതല്‍ എട്ട് സീറ്റുകളും സര്‍വേയില്‍ പറയുന്നുണ്ട്. 38 ശതമാനമാണ് ബിജെപിയുടെ വോട്ട് വിഹിതം കണക്കാക്കുന്നത്. കോണ്‍ഗ്രസ്-18, എഎപി-23 മറ്റുള്ളവര്‍ 21 ശതമാനവും വോട്ട് വിഹിതം പ്രവചിക്കുന്നു.

മണിപ്പൂര്‍

വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ 60 അംഗ നിയമസഭയിലേക്കാണ് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. 21 മുതല്‍ 25 സീറ്റുകള്‍ വരെ ഇവിടെ ബിജെപി നേടുമെന്നാണ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസിന് 18 മുതല്‍ 22 സീറ്റുകളും പ്രതീക്ഷിക്കുന്നുണ്ട്. എന്‍പിഎഫിന് നാല് മുതല്‍ എട്ട് വരെയും മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ അഞ്ച് സീറ്റുകളും പ്രതീക്ഷിക്കുന്നുണ്ട്.

ബിജെപിക്ക് 36 ശതമാനവും കോണ്‍ഗ്രസിന് 34 ശതമാനവും വോട്ട് വിഹിതം സര്‍വേ കണക്കാക്കുന്നുണ്ട്. എന്‍പിഎഫിന് ഒമ്പതും മറ്റുള്ളവര്‍ക്ക് 21 ശതമാനവും വോട്ട് വിഹിതം പ്രവചിക്കുന്നു.