ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് നേരെ മഷിയേറ്. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഒരു സ്ത്രീ ദീപ്കെയ്ക്ക് നേരെ മഷി ഒഴിക്കുകയായിരുന്നു.

To advertise here,

ഈ സംഭവത്തെത്തുടർന്ന് സമരവേദിയിൽ വലിയ തോതിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും ദീപ്കെയുടെ അനുയായികൾ സ്റ്റേജിലേക്ക് ഇരച്ചുകയറുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പങ്കുവെച്ച ദിപ്കെ, 'നീല എന്റെ നിറമാണ്... ജയ് ഭീം!' എന്നാണ് കുറിച്ചത്. മഷിയെറിഞ്ഞ സ്ത്രീയുടെ വ്യക്തിവിവരങ്ങളോ ലക്ഷ്യമോ വ്യക്തമല്ല.

നിരാഹാരമിരിക്കുകയായിരുന്ന സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക്കിനെ പോലീസ് ബലമായി നീക്കം ചെയ്ത് ആശുപത്രിയിലാക്കിയതിനെ തുടർന്ന്, ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം ഉണ്ടായത്.

നീറ്റ് (NEET) പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ജൂൺ 28 മുതലാണ് വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. 21 ദിവസത്തെ സമരത്തിനിടെ അദ്ദേഹത്തിന് 9.5 കിലോയോളം ഭാരം കുറഞ്ഞതായും ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പ്രതിഷേധത്തിനിടെ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ദിപ്കെ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു. ഇതിനിടെ, വാങ്ചുകിന്റെ നിരാഹാര സമരത്തിന് പിന്തുണയുമായി എസ്എഫ്‌ഐ ദേശീയ നേതാക്കളും നിരാഹാരസമരം ആരംഭിക്കുമെന്ന് അറിയിച്ചു.

എസ്എഫ്‌ഐ അഖേലേന്ത്യ പ്രസിഡന്റ് ആദർശ് എം. സജി, ഓൾ ഇന്ത്യ ജോയിന്റ് സെക്രട്ടറി അയിഷെ ഘോഷും ജന്തർ മന്ദറിലെ ക്രാന്തി കോർണറിൽ നിരാഹാര സത്യാഗ്രഹമിരിക്കും എന്ന് എക്‌സിലൂടെ അറിയിച്ചു.