
ന്യൂഡൽഹി: ഗോസംരക്ഷകനും ഹരിയാണയിലെ നുഹ് കലാപക്കേസിലെ പ്രതിയുമായ ബിട്ടു ബജ്‌റംഗിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചതായി പരാതി. വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞ് ബണ്ടി എന്നയാളും കൂട്ടാളികളും ചേർന്ന് 30,000 രൂപ തട്ടിയെടുത്തതെന്നാണ് ആരോപണം. സംഭവത്തിൽ ബിട്ടു ബജ്‌റംഗിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേസിലെ മുഖ്യപ്രതിയായ ബണ്ടി എന്നയാൾ ബിട്ടുവിന്റെ അയൽക്കാരന്റെ ബന്ധുവാണ്. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ബിട്ടു, ബണ്ടിയോടാണ് വിവാഹാലോചനകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് റാണി എന്ന് പേരുള്ള സ്ത്രീയെ ബണ്ടി പരിചയപ്പെടുത്തിനൽകി. തുടർന്ന് ബണ്ടിയും റാണിയും വിവാഹാലോചനകൾക്കായും പെണ്ണുകാണലിനുമായി ബിട്ടുവിനെ അലിഗഢിലേക്ക് കൊണ്ടുപോയി. മൂന്നുതവണ ഇവർ ബിട്ടുവുമായി അലിഗഢിൽ പോയെങ്കിലും വിവാഹാലോചനകളൊന്നും ശരിയായില്ല. ഇതിനുപിന്നാലെയാണ് ബണ്ടി ഒരു യുവതിയുടെ ചിത്രം അയച്ചുനൽകിയത്.
യുവതിയുടെ ചിത്രം കണ്ടതോടെ ബിട്ടുവിന് ഇഷ്ടമായി. തുടർന്ന് 2025 സെപ്റ്റംബറിൽ ബണ്ടിയും റാണിയും പ്രതിശ്രുത വധുവും ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയവരും ബിട്ടുവിന്റെ വീട്ടിലെത്തി. വിവാഹവും ഉറപ്പിച്ചു.
2026 ഫെബ്രുവരി ഏഴാം തീയതി വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതിനുമുന്നോടിയായി വധുവിന് വസ്ത്രങ്ങളും മറ്റും വാങ്ങാനായി ബിട്ടു ബണ്ടിയുടെ അക്കൗണ്ടിലേക്ക് 30,000 രൂപയും അയച്ചുനൽകി. എന്നാൽ, വിവാഹദിവസം ബിട്ടുവും ബന്ധുക്കളും അലിഗഢിൽ എത്തിയപ്പോൾ പറഞ്ഞ സ്ഥലത്ത് ആരെയും കണ്ടില്ല. ബണ്ടിയെയും റാണിയെയും ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് പ്രതിശ്രുത വധുവിനെ ഫോണിൽ വിളിച്ചെങ്കിലും വിവാഹത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതെന്നും ബിട്ടുവിന്റെ പരാതിയിൽ പറയുന്നു.
Content Highlights: Cow protector Bittu Bajrangi was allegedly defrauded of ₹30,000 by a man named Bunty and associates, who promised to arrange a marriage. Police are investigating.
Published: 22 Feb 2026, 09:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented