എ. രാമചന്ദ്രൻ-കലയും ജീവിതവും- എം.എ. ബേബി
നമ്മുടെ നാട്ടിൽ പിറന്ന്‌ കലാലോകത്ത്‌ എക്കാലവും ഒാർമിക്കപ്പെടുംവിധം പ്രതിഭതെളിയിച്ച വിരലിലെണ്ണാവുന്നവരിൽ പ്രമുഖനാണ്‌ അച്യുതൻ രാമചന്ദ്രൻ നായർ എന്ന എ. രാമചന്ദ്രൻ. രാജാ രവിവർമ, കെ.സി.എസ്‌. പണിക്കർ, കെ.ജി. സുബ്രഹ്മണ്യം എന്നീ പേരുകളാണ്‌ ഇക്കൂട്ടത്തിൽ കലാചരിത്രത്തിൽ ചേർത്തുവെക്കാനാവുക. ഹോസെ മാർട്ടി എന്ന ക്യൂബൻ ദേശീയ കവി സ്വന്തം ജീവിതപാത തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്‌ ശ്രദ്ധേയമായ ഒരഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി: ‘ഏതുമേഖലയിലെ പ്രവർത്തനംവഴിയാണ്‌ തന്റെ കഴിവുകൾ ഏറ്റവും കൂടുതൽ സമൂഹത്തിന്‌ പ്രയോജനകരമാവുക എന്ന്‌ കണ്ടെത്തിവേണം താൻ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട രംഗമേതാണെന്ന്‌ തീരുമാനിക്കാൻ’. അത്തരം ആലോചനകൾക്കുശേഷമാവണം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന്‌ എം.എ. പാസായശേഷം രാം കിങ്കർ െബയ്‌ജിന്റെ ശിഷ്യത്വംതേടി ബേൽപുരിലെ വിശ്വഭാരതി സർവകലാശാലയിലേക്ക്‌ എ. രാമചന്ദ്രൻ യാത്രതിരിച്ചത്‌.

To advertise here,

അവരുടെ പ്രഥമ സമാഗമത്തിന്റെ അനുഭവം രാമചന്ദ്രൻ സാറിൽനിന്ന്‌ നേരിട്ടുകേട്ട ഓർമ മനസ്സിലേക്ക്‌ കടന്നുവരുന്നു. തന്റെ ചില ഡ്രോയിങ്ങുകൾ ഗുരുവിന്റെ മതിപ്പ്‌ പ്രതീക്ഷിച്ച്‌ രാം കിങ്കർ ബെയ്‌ജിനുനേരേ നീട്ടി. അതുവാങ്ങിയ രാം കിങ്കർ അവ ചുരുട്ടിക്കൂട്ടിക്കളഞ്ഞു. എല്ലാം ആദ്യംമുതൽ പഠിക്കണം എന്ന അന്ത്യശാസനമായിരുന്നു അത്‌. ആദ്യം വലിയ അപമാനബോധം തോന്നിയെങ്കിലും തന്നെ പഠിപ്പിക്കേണ്ട ഗുരു രാം കിങ്കർതന്നെയാണെന്ന്‌ നല്ല തീർച്ചയുണ്ടായിരുന്ന എ. രാമചന്ദ്രൻ അവിടെ ഉറച്ചുനിന്നു. രാം കിങ്കറിൽനിന്നും ബിനോദ്‌ ബിഹാരി മുഖർജിയിൽനിന്നും ആ അന്തരീക്ഷത്തിൽനിന്നും ആവോളം പഠിച്ചു. ലോകകലാരംഗം ആദരിക്കുന്ന മലയാളി കലാകാരൻ എ. രാമചന്ദ്രൻ അങ്ങനെയാണ്‌ രൂപപ്പെട്ടത്‌.
നൂറ്‌ വാല്യങ്ങളടങ്ങുന്ന ഇ.എം.എസിന്റെ സമ്പൂർണകൃതികളുടെ മുഖപ്പേജുകൾ തയ്യാറാക്കുന്നത്‌ അദ്ദേഹത്തിന്റെ നേതൃത്വത്തിലായാലെന്ത്‌? -പി. ഗോവിന്ദപ്പിള്ളയെന്ന പി.ജി.യുമായി ചർച്ചചെയ്തുണ്ടാക്കിയ ധാരണ പാർട്ടി അംഗീകരിച്ചതോടെ രാമചന്ദ്രൻ സാറിനോട്‌ ഇക്കാര്യം ഞങ്ങൾ ചർച്ചചെയ്തു. അക്കാലംമുതലാണ്‌ ഞങ്ങൾ തമ്മിലെ വ്യക്തിബന്ധം കൂടുതൽ ദൃഢമാകുന്നത്‌. അത്‌ അദ്ദേഹത്തിന്റെ ജീവിതപങ്കാളി ടാൻ യുവാൻ ചമേലിയുമായും കൂടപ്പിറപ്പിനുതുല്യമായ സ്നേഹബന്ധത്തിലെത്തിച്ചു.

അദ്ദേഹത്തിന്റെ അമൂല്യമായ ചിത്ര-ശില്പ ശേഖരങ്ങൾ കേരളത്തിനുസമ്മാനിക്കുന്ന വിശദമായ രേഖകൾ മുഖ്യമന്ത്രി പിണറായി വിജയനെ ഏൽപ്പിക്കാൻ അദ്ദേഹം എന്നെയാണ്‌ ഏതാനും മാസങ്ങൾക്കുമുമ്പ്‌ ചുമതലപ്പെടുത്തിയത്‌. അദ്ദേഹത്തിന്റെ കലാസൃഷ്ടികളെപ്പറ്റി ഒട്ടേറെ പഠനങ്ങളുണ്ട്‌; പുസ്തകങ്ങളും. ഏറ്റവുമൊടുവിൽ അദ്ദേഹത്തിന്റെ ശില്പങ്ങളിൽ, വെടിയേറ്റ ഗാന്ധി ഒരു വലിയ രാഷ്ട്രീയപ്രസ്താവനകൂടിയാണ്‌.  ഇന്നത്തെ ‘രാഷ്ട്രീയ ഇന്ത്യ’ ഗാന്ധിയുടെ പ്രസക്തി ഒാർക്കണമെന്നാണ്‌ അതിന്റെ അർഥം. ‘യയാതി’യും ‘താമരപ്പൊയ്‌ക’യും രാജസ്ഥാനിലെ മനുഷ്യരുംപോലുള്ള അദ്ദേഹത്തിന്റെ അതിപ്രശസ്ത കലാസൃഷ്ടികൾക്ക്‌ സമാന്തരമായി സാമൂഹിക-ദാർശനിക വിഷയങ്ങൾ അദ്ദേഹത്തിന്റെ കാൻവാസുകളിലും ശില്പങ്ങളിലും കടന്നുവരുന്നത്‌ ശ്രദ്ധേയമാണ്‌.
ടാഗോറിന്റെ സ്വാധീനമാണ്‌ എടുത്തുപറയാനുള്ള മറ്റൊന്ന്‌. ‘എവിടെ മനസ്സ്‌ നിർഭയവും ശിരസ്സ്‌ സമുന്നതവുമായിരിക്കുന്നുവോ’ എന്നുതുടങ്ങുന്ന ‘ഗീതാഞ്ജലി’യിലെ വരികൾ ടാഗോറിന്റെ ശരീരത്തിൽ പ്രതിധ്വനിക്കുന്നതായി ആവിഷ്കരിച്ചിട്ടുള്ള ശില്പം അദ്ദേഹത്തിന്റെ മാസ്റ്റർപീസായി എനിക്ക്‌ തോന്നുന്നു.

ക്യൂബൻ ഐക്യദാർഢ്യസമിതിയുടെയും സഫ്‌ദർ ഹശ്മി മെമ്മോറിയൽ ട്രസ്റ്റിന്റെയും പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയുണ്ടായി. ബോസ്‌ കൃഷ്ണമാചാരിയും റിയാസ്‌ കോമുവും സഹകലാകാരുംചേർന്ന്‌ ആരംഭിച്ച കൊച്ചി-മുസിരിസ്‌ ബിനാലെയുടെ ഉറച്ച പിന്തുണക്കാരിൽ അദ്ദേഹം എന്നുമുണ്ടായിരുന്നു. കലയുടെ ലോകത്തിൽ കേരളത്തെയും ഇന്ത്യയെയും അടയാളപ്പെടുത്താൻ ഊർജസ്വലരായ പുതുതലമുറ കലാകാരർക്കാണ്‌ സാധിക്കുക എന്നും അദ്ദേഹം ആവർത്തിച്ചിരുന്നു.നമ്മുടെ സമൂഹത്തിലെ അനാരോഗ്യകരമായ ചില പ്രവണതകൾ അദ്ദേഹം സൗമ്യമായ ഭാഷയിൽ നിശിതമായി വിമർശിച്ചിട്ടുണ്ട്‌. കേരള ലളിതകലാ അക്കാദമിയുടെ ചെയർമാനായി പ്രവർത്തിക്കുന്നതിനിടയിൽ തനിക്കുണ്ടായ തിക്താനുഭവം ആരോടും പരിഭവമില്ലാതെയാണ്‌ അദ്ദേഹം എന്നോട്‌ പങ്കുവെച്ചത്‌.

ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ സംഘടിപ്പിക്കപ്പെട്ട ‘മാനവീയം സാംസ്കാരികമിഷന്റെ’ ഭാഗമായാണ്‌ രാജാ രവിവർമ പുരസ്കാരം ഏർപ്പെടുത്തിയത്‌. എ. രാമചന്ദ്രൻ ചെയർമാനായ പ്രഥമ പുരസ്കാരനിർണയസമിതി ആദ്യത്തെ അവാർഡിന്‌ കെ.ജി. സുബ്രഹ്മണ്യനെയാണ്‌ ഐകകണ്ഠ്യേന നിശ്ചയിച്ചത്‌.
കേരളത്തിലെ കലാപഠനപരിപാടികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച്‌ പരിഹാരം നിർദേശിക്കാൻ 2006-’11ലെ വി.എസ്‌. അച്യുതാനന്ദൻ സർക്കാർ എ. രാമചന്ദ്രൻ അധ്യക്ഷനായ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയുണ്ടായി. പ്രസ്തുതകമ്മിറ്റിയുടെ നിർദേശപ്രകാരം നമ്മുടെ കലാപഠനമേഖലയിൽ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. മാവേലിക്കരയിലെ അന്തർസർവകലാശാലാ പഠനകേന്ദ്രം ഒരുദാഹരണമാണ്‌. അധികമാർക്കും അറിയാത്ത ഒരു കാര്യമുണ്ട്‌: ഏഴുവർഷം ഗൗരവമായി ശാസ്ത്രീയസംഗീതം പഠിക്കാൻ അദ്ദേഹത്തിന്‌ സാധിച്ചു. ശാന്തിനികേതൻകാലത്ത്‌ രവീന്ദ്രസംഗീതവും ഒട്ടൊക്കെ പഠിച്ചു.

ഇതൊക്കെ മനസ്സിൽവെച്ച്‌, അദ്ദേഹത്തിന്റെ കാൻവാസുകളും ശില്പങ്ങളും സംഗീതസാന്ദ്രമാണെന്ന്‌ ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട്‌ പ്രതിവചിച്ചു: ‘‘അതു ശരിയാണോ എന്നറിയില്ല. എന്തായാലും ചമേലിക്ക്‌ എന്നോട്‌ പ്രണയമുണ്ടായതിൽ എന്റെ പാട്ടും ഒരു പങ്കുവഹിച്ചിട്ടുണ്ടെന്നുതോന്നുന്നു’’.
ശ്രീപെരുമ്പത്തൂരിൽ രാജീവ്‌ഗാന്ധി ബോംബ്‌ സ്ഫോടനത്തിൽ വധിക്കപ്പെട്ട സ്ഥലത്ത്‌ സ്മാരകമായി എ. രാമചന്ദ്രൻ ആവിഷ്കരിച്ച പ്രതിഷ്ഠാപനസമുച്ചയം വളരെ പ്രത്യേകതയുള്ള ഒരു കലാവിഷ്കാരമാണ്‌. ഇന്ത്യയുടെ സഹസ്രാബ്ദങ്ങളിൽ പടർന്നുകിടക്കുന്ന ചരിത്ര-സാംസ്കാരിക സ്മൃതികൾ അവിടെ വിന്യസിച്ചിരിക്കുന്നു. ബഹുസ്വരതയുടെ കലാസമുച്ചയം. എന്നാൽ ഏകാധിപത്യത്തിന്റെ ഇരുൾ പരക്കുന്ന നാളുകളിൽ, ഇന്ത്യ എന്ന ആശയത്തിന്റെ വക്താവായിരുന്ന എ. രാമചന്ദ്രന്റെ വേർപാട്‌ വലിയ ശൂന്യത സൃഷ്ടിക്കുന്നു.

(സിപിഎം പൊളിറ്റ് ബ്യൂറോ അംഗമാണ് ലേഖകന്‍)

placeholder
എ.രാമചന്ദ്രന്റെ പെയിന്റിങ്‌

വേരുകളുള്ള നാടോടി- റിയാസ് കോമു

രണ്ടുമാസത്തിനകം വെനീസ് ബിനാലെ വരാനിരിക്കുന്നു. അതിനൊരു പ്രത്യേകതയുണ്ട്. അതിൽ പങ്കെടുക്കുന്ന 80 ശതമാനം കലാകാരരും ഇന്ന് ജീവിച്ചിരിപ്പില്ല. യൂറോപ്യൻ മോഡേണിസത്തിന്റെ സ്വാധീനമുണ്ടായ വ്യത്യസ്ത രാജ്യങ്ങളിൽനിന്ന് മരിച്ചുപോയ ആർട്ടിസ്റ്റുകളുടെ കലാശേഖരമാണ് അവിടെ പ്രദർശിപ്പിക്കുന്നതിലെ പ്രധാനഭാഗം.…ഇന്ത്യയിൽനിന്ന് ആറ് മഹാരഥന്മാരുടെ സൃഷ്ടികളാണ് അവിടെ പ്രദർശിപ്പിക്കുന്നത്. ജാമിനി റോയ്, സൂസ, റാസ, രാംകുമാർ, ബി. പ്രഭ, അമൃതാ ഷേർഗിൾ, ടെക്‌സ്റ്റൈൽ കലാകാരി മോണിക്ക കൊറിയ  തുടങ്ങിയവർ. സ്മരണയിലേക്കുമാറിയ ഇന്ത്യൻ മോഡേണിസ്റ്റുകൾക്ക് അന്താരാഷ്ട്രവേദി കിട്ടുന്ന നാടകീയമായ ആ സന്ദർഭം കാത്തിരിക്കുമ്പോഴാണ് രാമചന്ദ്രൻ വിടപറയുന്നത്. അങ്ങനെ രാമചന്ദ്രനും ആ സ്മരണയിലേക്ക്‌ പ്രവേശിക്കുന്നു. മരണം ഒരു ആർട്ടിസ്റ്റിന്റെ പുനർജനിയാണ്.

രാമചന്ദ്രനെയും കെ.ജി. സുബ്രഹ്മണ്യത്തെയും എം.എഫ്. ഹുസൈനെയും പോലുള്ള ഇന്ത്യൻ മോഡേണിസ്റ്റുകളെ ഞാൻ കാണുന്നത്  നെഹ്‌റൂവിയൻ സാർവജനീനത്വത്തിന്റെ തുടർച്ചയായാണ്. അവരെല്ലാം ഒരുതരത്തിൽ രാഷ്ട്രനിർമിതിയിൽ പങ്കാളികളാവുകയായിരുന്നു. അവർ ഭാഷയിലും കൈകാര്യംചെയ്ത  വിഷയങ്ങളിലും നൽകിയ സംഭാവനകളിൽ, സമൂഹങ്ങളെ കൂടെനിർത്തിയതിൽ, സംസ്കാരത്തെയും കരകൗശലത്തെയും ഗോത്രപാരമ്പര്യങ്ങളെയുംപറ്റി സംസാരിച്ചതിൽ... എല്ലാം അങ്ങനെയൊരു ഏകീകരണത്തിന്റെ ദൗത്യമുണ്ടായിരുന്നു.

നാടുകടത്തപ്പെട്ട, പലായനത്തിൽ മരിക്കേണ്ടിവന്ന എം.എഫ്. ഹുസൈന്റെ റിട്രോസ്പെക്ടീവ് വെനീസ് ബിനാലെയിൽ കിരൺ നാഡാർ മ്യൂസിയം പ്രദർശിപ്പിക്കുന്നുണ്ട്. അതിന് ‘ദ റൂട്ടഡ് നൊമാഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്-വേരുകളുള്ള നാടോടി. എ. രാമചന്ദ്രനെ നമ്മൾ എങ്ങനെ വിളിക്കും? അദ്ദേഹവും വേരുകളുള്ള നാടോടി ആയിരുന്നോ? മലയാളി ആർട്ടിസ്റ്റുകളുടെ ജീവിതയാഥാർഥ്യം എ. രാമചന്ദ്രനിലും  കാണാം. കല പഠിക്കാൻ പുറത്തുപോകുന്നു.  അന്വേഷണങ്ങളിലൂടെ കടന്നുപോകുന്നു.  ആ കാലത്ത് സജീവമായിരുന്ന സ്ഥലങ്ങളിലൂടെ യാത്രചെയ്യുന്നു. ശാന്തിനികേതനിൽ പോകുന്നു. ഡൽഹിയിൽ പോകുന്നു. നല്ല കലാ അധ്യാപകനാകുന്നു. വിജയിച്ച ഒരു മലയാളിചിത്രകാരന്റെ ജീവചരിത്രമാണ് അദ്ദേഹത്തിന്റേത്. സാമ്പത്തികപിന്തുണയ്ക്കും സ്വാതന്ത്ര്യത്തിനും മറ്റൊരുതരം ജീവിതത്തിനുംവേണ്ടി നാട്ടിൽനിന്ന് പോകേണ്ടിവന്ന ഒരു കലാകാരൻ. പക്ഷേ, അതിന്റെ വേദനയെ തന്നിൽത്തന്നെ അദ്ദേഹം നിർത്തി.

placeholder
കേരളത്തെക്കുറിച്ച് അധികമൊന്നും അദ്ദേഹം സംസാരിച്ചിരുന്നില്ല. കേരളീയമായല്ല വരച്ചതും. പക്ഷേ, കേരളത്തിന്റെ ചുമർച്ചിത്രകലാ പാരമ്പര്യത്തെ വേറൊരു രീതിയിൽ അദ്ദേഹം വരച്ചുചേർത്തെന്നും ആധുനികീകരിച്ചെന്നും പറയാം. ‘യയാതി’ സീരീസിലും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ മൊത്തത്തിലും കാണുന്ന വർണസങ്കലനം നമ്മുടെ   ചുവർച്ചിത്രപാരമ്പര്യത്തെ ഓർമിപ്പിക്കുന്നു. അതിൽ വേറെ സംസ്കാരങ്ങൾ എഴുതിച്ചേർക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ചിത്രകലയിൽ അതുവരെ ഉൾക്കൊള്ളിക്കാതിരുന്ന പ്രത്യേകരീതിയിലുള്ള മിത്തുകളും സംസ്കാരങ്ങളും അവയിൽ  ഇഴുകിച്ചേർന്നു.
അടുത്തിടപെട്ട സന്ദർഭങ്ങളിലെല്ലാം അദ്ദേഹത്തിന്റെ അസാധാരണമായ  നർമബോധത്തിന്റെ ഊർജം അനുഭവപ്പെട്ടിരുന്നു. വി.കെ.എന്നിൽ കണ്ടതുപോലെയുള്ള നർമബോധം. സ്വന്തം പോർട്രെയ്‌റ്റുകൾ വരച്ചതും നർമഭാവനയിലാണ്.  കേരളത്തിൽനിന്ന് മാറിനിന്ന നമ്മുടെ ചിത്രകാരരിൽ ശ്രദ്ധേയനായിരുന്നിട്ടും അദ്ദേഹത്തിനു വേണ്ടത്ര അംഗീകാരം കേരളത്തിൽ ലഭിച്ചെന്ന് എനിക്കുതോന്നുന്നില്ല. ഇവിടെനിന്ന് ഒരംഗീകാരവും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ലെന്നും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സൃഷ്ടികളിലെല്ലാം ഒരു ഒളിഞ്ഞിരിക്കുന്ന പുഞ്ചിരിയുണ്ട്. രാമചന്ദ്രന്റെ വേർപാട് കലാലോകത്തിന് വലിയൊരു  നഷ്ടമാണെന്ന് ഞാൻ വിലപിച്ചാൽ അതിനെ ദാർശനികമായൊരു  പുച്ഛത്തോടെ ചിരിച്ചുതള്ളുന്ന  രാമചന്ദ്രനെ എനിക്കിപ്പോൾ കാണാം.
  (കൊച്ചി ബിനാലെയുടെ സ്ഥാപകരിലൊരാളായ റിയാസ് കോമു ചിത്രകാരനും ക്യൂറേറ്ററുമാണ്)
 
 
 
 
placeholder
 
 
placeholder
എ.രാമചന്ദ്രന്റെ പെയിന്റിങ്‌