ഹാസൻ (കർണാടക): കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ജുട്ടനഹള്ളി ഗ്രാമത്തിലെ ഇഞ്ചിത്തോട്ടത്തിൽ അടിമവേലയ്ക്ക് നിർബന്ധിക്കപ്പെട്ട മലയാളികളുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പോലീസും ജില്ലാ ഭരണകൂടവും ചേർന്ന് രക്ഷപ്പെടുത്തി. മകനെ കാണാനില്ലെന്ന് കാട്ടി ഒരു തൊഴിലാളിയുടെ മാതാവ് നൽകിയ പോലീസ് പരാതിയുടെ അടിസ്ഥാനത്തിൽ ഹാസൻ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം നടത്തിയ റെയ്ഡിലാണ് ക്രൂരത പുറംലോകം അറിഞ്ഞത്.

To advertise here,

സംഘത്തിൽ പാലക്കാട് സ്വദേശിയും ഉൾപ്പെട്ടിരുന്നതായി മോചിപ്പിക്കപ്പെട്ട കാസർകോട് പുത്തിഗെ സ്വദേശിയായ ഉദയൻ പറഞ്ഞു. വർഷങ്ങളോളം നീണ്ട ക്രൂരതയാണ് തൊഴിലാളികൾ ഇവിടെ അനുഭവിച്ചിരുന്നത്. മൂന്നും നാലും വർഷമായി ഇവിടെ അടിമപ്പണി ചെയ്യുന്നവരുണ്ട്. കാപ്പിത്തോട്ടത്തിൽ ജോലിയാണെന്നും പ്രതിദിനം 700 രൂപ കൂലിയും ഭക്ഷണവും നൽകാമെന്നും വിശ്വസിപ്പിച്ചാണ് ഇവിടെ എത്തിച്ചത്. എന്നാൽ, പറഞ്ഞിരുന്ന ജോലിക്ക് പകരം ഇഞ്ചിത്തോട്ടത്തിലെ മണ്ണെടുപ്പ് ജോലിക്കാണ് നിയോഗിച്ചത്. 

തോട്ടത്തിലെത്തിയ തങ്ങൾക്ക് കൂലിയോ കൃത്യമായ ഭക്ഷണമോ വെള്ളമോ നൽകിയിരുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. രാവിലെ ആറ് മണി മുതൽ രാത്രി എട്ട് മണി വരെ പണിയെടുപ്പിക്കാറാണ് പതിവ്. ജോലി കഴിഞ്ഞ് വന്നാൽ ഒരു ഷെഡ്ഡിൽ പൂട്ടിയിടുമായിരുന്നു. ഫോൺ ഉപയോഗിക്കാനോ പുറത്തുപോകാനോ അനുവാദമുണ്ടായിരുന്നില്ല. രാവിലെ ജോലിക്കായി കൊണ്ടുപോകുമ്പോഴും തിരികെ ഷെഡിലേക്ക് എത്തിക്കുമ്പോഴും കനത്ത കാവലുണ്ടായിരുന്നു, രക്ഷപ്പെട്ട ഉദയൻ മാധ്യമങ്ങളോട് പറഞ്ഞു.

രക്ഷപ്പെടുത്തിയ തൊഴിലാളികളെ നിലവിൽ അവരുടെ സ്വദേശങ്ങളിലേക്ക് മടക്കിയയച്ചുകൊണ്ടിരിക്കുകയാണെന്ന് ഹാസൻ പോലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഉദയനെ ഹാസൻ അധികൃതർ കാസർകോട് ജില്ലാ ഭരണകൂടത്തിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് കൃഷിയിടത്തിന്റെ ഉടമയ്ക്കും തോട്ടം നടത്തിപ്പുകാർക്കുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഹാസൻ ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.