
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ കാഴ്ച മറച്ച് കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ബുധനാഴ്ച രാവിലെ ഡല്‍ഹിയിലെ ദൃശ്യപരിധി 50 മീറ്ററിലേക്ക് താഴ്ന്നു. വാഹനഗതാഗതത്തെ ഉള്‍പ്പെടെ ബാധിക്കുന്ന തരത്തില്‍ ദൃശ്യപരിധി കുറഞ്ഞതോടെ അധികൃതര്‍ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കനത്ത മൂടല്‍മഞ്ഞ് റെയില്‍, വ്യോമ ഗതാഗതത്തെയും സാരമായി ബാധിച്ചു. പറന്നുയരാനാകാത്തതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള 110 സര്‍വ്വീസുകളാണ് വൈകുന്നത്. ഡല്‍ഹി ലക്ഷ്യമാക്കിയുള്ള 25 ട്രെയിനുകള്‍ വൈകുന്നതായി ഉത്തര റെയില്‍വേ അറിയിച്ചു.
റോഡുകളിലെ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാഴ്ച മറയ്ക്കുന്ന തരത്തില്‍ അന്തരീക്ഷത്തില്‍ മഞ്ഞ് നിറഞ്ഞതിനാല്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടങ്ങളുണ്ടായത്. ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയിലുണ്ടായ വിവിധ അപകടങ്ങളിലായി ഒരാള്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേറ്റു. ബറേലിയില്‍ ദേശീയപാതയിലൂടെ അമിതവേഗത്തിലെത്തിയ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി.
ഉത്തരേന്ത്യയിലെ മറ്റ് നഗരങ്ങളിലും കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരിധി കുറഞ്ഞിരിക്കുകയാണ്. പാട്യാല, ലഖ്നൗ, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങളിലെ ദൃശ്യപരിധി 25 മീറ്ററായപ്പോള്‍ അമൃത്സറില് ദൃശ്യപരിധി പൂജ്യത്തിലേക്ക് താഴ്ന്നു.
താരതമ്യേനെ മെച്ചപ്പെട്ട നിലയിലായിരുന്ന ഡല്‍ഹിയിലെ വായുനിലവാരവും ഇപ്പോള്‍ താഴ്ന്നിട്ടുണ്ട്. 381-ലേക്കാണ് ഡല്‍ഹിയിലെ ശരാശരി വായുനിലവാരം താഴ്ന്നത്. ഡല്‍ഹി ആനന്ദ് വിഹാറിലെ വായുനിലവാരം 441 ആയി. ഗാസിയാബാദില്‍ 336, നോയിഡയില്‍ 363, മധ്യഡല്‍ഹിയിലെ ലോധി റോഡില്‍ 327, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 368 എന്നിങ്ങനെയാണ് ഡല്‍ഹിയിലെ മറ്റിടങ്ങളിലെ വായുനിലവാരം. രാജ്യതലസ്ഥാനത്തെ കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 24 ഡിഗ്രി സെല്‍ഷ്യസുമാണ്.
Content Highlights: 110 Flights, 25 Trains Hit By Dense Fog In Delhi, Visibility Near Zero.
Published: 27 Dec 2023, 11:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented