
മൈസൂരു: മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചു. ഇന്നലെ രാവിലെ എട്ട് മണിക്കും ഇന്ന് രാവിലെ എട്ട് മണിക്കും ഇടയിലാണ് 11 മരണങ്ങളും സംഭവിച്ചത്. മരിച്ചവരൊക്കെയും ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സ തേടിയിരുന്നവരാണ്. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും ചികിത്സാപ്പിഴവ് അടക്കമുള്ള വീഴ്ചകളൊന്നുംതന്നെ ആശുപത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കർണാടക സർക്കാരിന് കീഴിലെ സ്വയംഭരണ അധികാരമുള്ള ആശുപത്രിയാണ് ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. മൈസൂരുവിലും ബെംഗളൂരുവിലുമടക്കം ഇവർക്ക് ബ്രാഞ്ചുകളുണ്ട്. ഹൃദ്രോഗത്തിന് പ്രാധാന്യം നൽകുന്ന ആശുപത്രിയാണ് മൈസൂരുവിലേത്. അവിടെയാണ് ഇപ്പോൾ അസ്വാഭാവികമായ കൂട്ടമരണം സംഭവിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ വലിയ തോതിലുള്ള സംഘർഷം ഉണ്ടായി.
ഐസിയുവിലടക്കം, ആശുപത്രിയിൽ മതിയായ ഡോക്ടർമാർ ഉണ്ടായിരുന്നില്ല എന്നാണ് രോഗികളുടെ കൂടെ ഉണ്ടായിരുന്നവർ ആരോപിക്കുന്നത്. എന്നാൽ, ഈ ആരോപണം ശരിയല്ല എന്ന് ആശുപത്രി സൂപ്രണ്ട് സദാനന്ദ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മരിച്ചവരൊക്കെയും അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നും അതുകൊണ്ടുതന്നെ മരണങ്ങളിൽ അസ്വാഭാവികതയുണ്ട് എന്ന് പറയാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുണ്ട്, 100-ലധികം രോഗികളെയാണ് ഒരു ദിവസം ഒരു ഡോക്ടർ നോക്കുന്നത് എന്നതും ശരിയാണ് എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ഇന്നലെ ഐസിയുവിൽ ആവശ്യത്തിന് ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. ചികിത്സാപ്പിഴവടക്കം ഒരുതരത്തിലുള്ള വീഴ്ചകളും ആശുപത്രിയുടെയോ ഡോക്ടർമാരുടെയോ പക്കൽനിന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിശ്ചിത സമയത്തിനുള്ളിൽ ഒരു ആശുപത്രിയിൽ, ഒരു പ്രത്യേക വിഭാഗത്തിലുള്ള രോഗികൾ കൂട്ടത്തോടെ മരണപ്പെട്ടതിൽ അസ്വാഭാവികത ഉണ്ടെന്നും വിഷയത്തിൽ വൈകാതെ അന്വേഷണം ആരംഭിക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. കർണാടക ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നും വൈകാതെ പ്രതികരണം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: 11 heart patients passed away within a 24-hour window at Jayadeva Hospital, Mysuru. Hospital Superintendent Sadananda denied medical negligence, citing the critical condition of patients. Health department has ordered an official investigation into the incident. Concerns raised regarding doctor-to-patient ratios at the facility.
Published: 17 Jun 2026, 05:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented