ന്യൂഡല്‍ഹി: ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ നടന്ന യോഗത്തില്‍ ഏക സിവില്‍കോഡ് വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരന്മാര്ക്ക് തുല്യ അവകാശമാണ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതെന്നും രണ്ട് തരത്തിലുള്ള നിയമവുമായി രാജ്യത്തിന് എങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി ചോദിച്ചു. ഭോപ്പാലില്‍ ബിജെപി പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണിത്.
'ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് രണ്ട് വ്യത്യസ്ത നിയമങ്ങളുണ്ടെങ്കില്‍ ആ കുടുംബത്തിന് നല്ല രീതിയില്‍ മുന്നോട്ടുപോകാനാകുമോ? അങ്ങനെയെങ്കില്‍ രണ്ട് നിയമവുമായി ഒരു രാജ്യത്തിന് എങ്ങനെ മുന്നോട്ടുപോകാനാകും? നമ്മുടെ ഭരണഘടനയും പൗരന്മാര്ക്ക് തുല്യ അവകാശമാണ് ഉറപ്പുനല്‍കുന്നത്. സുപ്രീംകോടതി പോലും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ചിലര്‍ മുസ്ലീം സമുദായത്തിലുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണ്'- മോദി പറഞ്ഞു.
മുത്തലാഖിനെതിരേയും ശക്തമായ വിമര്‍ശനം മോദി ഉന്നയിച്ചു. മുത്തലാഖ് വിഷയത്തിലും മുസ്ലീം ജനവിഭാഗത്തിലുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. മുത്തലാഖിന് വേണ്ടി വാദിക്കുന്നവര്‍ വോട്ട് ബാങ്കിനായി മുസ്ലീം പെണ്‍കുട്ടികളോട് കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും മുത്തലാഖ് സ്ത്രീകളെ മാത്രമല്ല, അവരുടെ കുടുംബങ്ങളെ കൂടിയാണ് നശിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.
മുസ്ലീം പെണ്‍കുട്ടികളെ അടിച്ചമര്‍ത്താനായി അവരുടെ മേല്‍ മുത്തലാഖിന്റെ കുരുക്ക് കെട്ടിവയ്ക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു. അവരാണ് മുത്തലാഖിനെ പിന്തുണയ്ക്കുന്നത്. അതുകൊണ്ടാണ് മുസ്ലീം സഹോദരിമാരും പെണ്‍കുട്ടികളും ബിജെപിക്കൊപ്പം നില്‍ക്കുന്നതെന്നും മോദി പറഞ്ഞു.
മുത്തലാഖ് ഇസ്ലാമില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണെങ്കില് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായ ഈജിപ്ത്, ഇന്‍ഡൊനീഷ്യ, ഖത്തര്‍, ജോര്‍ദാന്‍, സിറിയ, ബംഗ്ലാദേശ്, പാകിസ്താന് എന്നീ രാജ്യങ്ങളില്‍ ഇത് പിന്തുടരാത്തത് എന്തുകൊണ്ടാണെന്നും മോദി ചോദിച്ചു. ജനസംഖ്യയുടെ 90 ശതമാനവും സുന്നി മുസ്ലീംങ്ങളുള്ള ഈജിപ്തില്‍ 90 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ മുത്തലഖ് നിരോധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച മോദി ഏത് രാഷ്ട്രീയ പാര്‍ട്ടികളാണ് തങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മുസ്ലീംങ്ങള്‍ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു.
2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഭയപ്പെടുന്നതിനാലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കുന്നതെന്നും പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി വിമര്‍ശിച്ചു. അഴിമതി കാരണം ജയിലിലേക്ക് പോകുമെന്ന ഭയമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കാനുള്ള കാരണമെന്നും മോദി പറഞ്ഞു.
Content Highlights: "How Can Country Run On 2 Laws?" PM's Strong Pitch For Uniform Civil Code
Published: 27 Jun 2023, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented