
മുംബൈ: അമുൽ പരസ്യങ്ങളുടെ പ്രതീകമായ ‘അമുൽ ഗേളി’ന്റെ സ്രഷ്ടാവും പരസ്യമേഖലയിലെ പ്രമുഖനുമായ സിൽവസ്റ്റർ ഡാകുന അന്തരിച്ചു. ധവളവിപ്ലവത്തിന്റെ പിതാവായ അമുൽ കുര്യന്റെ നിർദേശപ്രകാരം അമുൽ ബട്ടറിനായി 1966-ലാണ് ‘അട്ടർലി ബട്ടർലി’ എന്ന പരസ്യവാചകത്തോടെ അമുൽ ഗേളിനെ അവതരിപ്പിച്ചത്. ലോകത്ത് ഏറ്റവുമധികക്കാലം തുടർച്ചയായി പരസ്യപ്രചാരണത്തിൽ കഥാപാത്രമായി വന്നുകൊണ്ടിരിക്കുകയാണ് അമുൽ ഗേൾ. ഇന്നും അമുൽ പരസ്യങ്ങളിൽ നർമപ്രധാനമായ പരസ്യവാചകങ്ങളോടെ ഈ കഥാപാത്രം നിറഞ്ഞുനിൽക്കുന്നു.
1966-ലാണ് അമുലിന്റെ മാതൃകമ്പനിയായ ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് എതിരാളികളായിരുന്ന പോൾസണിന്റെ ‘ബട്ടർ ഗേളിനു’ ബദലായി പരസ്യം തയ്യാറാക്കാൻ സിൽവസ്റ്റർ ഡാകുന എം.ഡി.യായ അഡ്വർടൈസിങ് ആൻഡ് സെയിൽസ് പ്രമോഷൻ (എ.എസ്.പി.) എന്ന കമ്പനിയെ സമീപിച്ചത്.
കുസൃതിക്കാരിയായ ഒരു പെൺകുട്ടിയെ മുൻനിർത്തി വീട്ടമ്മമാരുടെ ഹൃദയങ്ങളിലൂടെ ഇന്ത്യയിലെ അടുക്കളയിലേക്കു നടന്നുകയറുന്ന പരസ്യമായിരുന്നു അമുൽ കുര്യൻ മുന്നോട്ടുവെച്ചത്. ആർട്ട് ഡയറക്ടറായിരുന്ന യൂസ്റ്റേസ് ഫെർണാണ്ടസിന്റെ സഹായത്തോടെ ചുവന്ന പുള്ളിയുടുപ്പും ഇതിനുചേരുന്ന റിബ്ബണും പോണിയും ചുവന്ന ഷൂവും ധരിച്ച് നീലമുടിയുള്ള അമുൽ ഗേൾ അവതരിച്ചു. തിരുവനന്തപുരം എം.പി. ശശി തരൂരിന്റെ സഹോദരിമാരായ ശോഭയും സ്മിതയുമാണ് അമുൽ ഗേളായി പരിണമിച്ചത്. അമുൽ പരസ്യം തരംഗമായതോടെ 1969-ൽ അദ്ദേഹം ഡാകുന കമ്യൂണിക്കേഷൻസ് എന്ന കമ്പനിക്കു തുടക്കമിട്ടു. നിലവിൽ അതിന്റെ ചെയർമാനായിരുന്നു. മൊറാർജി ദേശായി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന എച്ച്.എം. പട്ടേലിന്റെ മകളും മുംബൈയിലെ സെയ്ന്റ് സേവ്യേഴ്സ് കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയുമായ നിഷയാണ് ഭാര്യ. മകൻ രാഹുൽ ഡാകുന പരസ്യരംഗത്തുപ്രവർത്തിക്കുന്നു.
Content Highlights: 'Amul Girl' creator Sylvester daCunha is no more
Published: 22 Jun 2023, 10:07 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented