കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികള്‍ മടങ്ങുകയാണ്. കേരളത്തിന്റെ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യാന്‍ വേണ്ടത്ര ആളില്ലാത്ത സ്ഥിതി വന്നിരിക്കുന്നു. മഴക്കാലത്തിനു മുമ്പ് കെട്ടിടനിര്‍മാണങ്ങള്‍ പൂര്‍ത്തിയാകില്ലെന്ന് ആശങ്ക. ഈ ജോലികള്‍ മലയാളികള്‍ ഏറ്റെടുക്കുമോ. കേരളത്തില്‍ പലയിടത്തും ഒറ്റപ്പെട്ട ചലനങ്ങള്‍ കാണാനുണ്ട്. പക്ഷേ, അപ്പോഴും ചോദ്യങ്ങള്‍ ബാക്കിയാണ്. അതിഥിതൊഴിലാളികള്‍ ഒഴിച്ചിട്ട ശൂന്യത പരിഹരിക്കുമോ. സ്വന്തം സമ്പത്ത് ഇതരസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്ന സ്ഥിതി കുറേയെങ്കിലും ഒഴിവാക്കാനാകുമോ. വിവിധ ജില്ലകളിലെ അനുഭവങ്ങളിലൂടെ...

''ജോലിചെയ്യാന്‍ പത്ത് മലയാളിയെ കിട്ടുമോ?'' കടുത്തുരുത്തി നിര്‍മാണമേഖലയിലെ കരാറുകാരന്‍ കോട്ടയം ടൗണില്‍ രാവിലെ എത്തിയ മാധ്യമപ്രവര്‍ത്തകനോട് വിളിച്ചുചോദിച്ചു. അതിഥിതൊഴിലാളികള്‍ രാവിലെ തെരുവില്‍ ജോലികാത്തുനിന്നിരുന്നതുപോലെ മലയാളികള്‍ ആരെങ്കിലും പണികാത്ത് റോഡിലുണ്ടോ എന്നറിയാനാണ് വിളി. ഇല്ലെന്ന് മറുപടി പറഞ്ഞതോടെ മറുതലയ്ക്കല്‍ നിരാശ.

വന്‍കിട നിര്‍മാണം കരാറെടുത്ത് നടത്തുകയും അതിഥിതൊഴിലാളികള്‍ക്ക് സ്വന്തം ചെലവില്‍ ലോക്ഡൗണ്‍കാലത്ത് താമസസൗകര്യമൊരുക്കുകയും ചെയ്തയാളാണ് ഇപ്പോള്‍ മലയാളി തൊഴിലാളികളെ തേടുന്നത്. അദ്ദേഹം ആഹാരം നല്‍കി താമസിപ്പിച്ച അതിഥികള്‍ നാട്ടിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞിരുന്നു. പക്ഷേ, തീവണ്ടി ഓടിത്തുടങ്ങിയതോടെ അവര്‍ ഒരു പ്രഭാതത്തില്‍ ടാറ്റാ പറഞ്ഞു, ഏറ്റെടുത്ത പണികള്‍ വെള്ളത്തിലുമായി.

ഈ കടുത്തുരുത്തിക്കാരന്റെ അനുഭവമുള്ളവര്‍ കേരളത്തിലെമ്പാടുമുണ്ട്. അതിഥിതൊഴിലാളികളുടെ വൈദഗ്ധ്യത്തില്‍ വിശ്വാസമര്‍പ്പിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തവര്‍. മടങ്ങിയ അതിഥികള്‍ക്ക് പകരം മലയാളി തൊഴില്‍ ചെയ്യുമോ?ഇതേവരെ മലയാളികള്‍ അത്തരം ജോലികള്‍ ഏറ്റെടുത്തതായി അറിവില്ല.

അതിഥികള്‍ മടങ്ങിയപ്പോള്‍

കേരളത്തില്‍ 35 ലക്ഷം അതിഥിതൊഴിലാളികള്‍ ഉണ്ടായിരുന്നെന്നാണ് 2018-ല്‍ സംസ്ഥാനസര്‍ക്കാര്‍ സഹായത്തോടെ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സി നടത്തിയ പഠനത്തില്‍ കണ്ടത്. 2013-ല്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ കണ്ടത് 25 ലക്ഷം ഉണ്ടെന്നാണ്. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതിയായ ആവാസില്‍ രജിസ്റ്റര്‍ചെയ്തത് 5.08 ലക്ഷം പേരാണ്. ലോക്ഡൗണ്‍ കാലത്ത് സുപ്രീംകോടതിയില്‍ നല്‍കിയ കണക്ക് 21,556 ക്യാമ്പുകളിലായി 4.48 ലക്ഷം പേരുണ്ടെന്നാണ്. 1.67 ലക്ഷം പേര്‍ മടങ്ങിപ്പോയി. ബാക്കിയുള്ളവരില്‍ 1.20 ലക്ഷം മടങ്ങാനൊരുങ്ങുന്നു. 1.61 ലക്ഷം പേര്‍ മടങ്ങുന്നില്ലെന്നാണ് അറിയിച്ചത്. കേരളത്തില്‍ എത്ര അതിഥിതൊഴിലാളികള്‍ അവശേഷിക്കുന്നുവെന്നതിന് വ്യക്തമായ ഉത്തരമില്ല. എന്തായാലും ഇത്രയും തൊഴിലാളികള്‍ മടങ്ങിയപ്പോള്‍ത്തന്നെ കേരളം പ്രയാസം നേരിടുന്നു.

CARDരജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ അതിഥിതൊഴിലാളികള്‍ കേരളത്തിനെ ചലിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു എന്നതിന്റെ സൂചനകള്‍ വന്നുകൊണ്ടിരിക്കുന്നു. ഹോട്ടല്‍, മീന്‍, കോഴിക്കട, ബാര്‍ബര്‍-ബ്യൂട്ടി പാര്‍ലര്‍, കെട്ടിടനിര്‍മാണം, കൃഷി തുടങ്ങി ഒട്ടേറെ മേഖലകളാണ് ഇവരുടെ മടക്കത്തോടെ പ്രയാസത്തിലായത്. ഹെയര്‍സ്‌റ്റൈല്‍ ഒരുക്കുന്നതില്‍ വിദഗ്ധരായ ഇവരുടെ അഭാവം ബാര്‍ബര്‍ ഷോപ്പുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് കോട്ടയത്തെ സ്ഥാപനയുടമയായ ഷിജി ജോര്‍ജ് പറഞ്ഞു.

മീന്‍, കോഴി കടകളില്‍ മടികൂടാതെ അത് വൃത്തിയാക്കി, നല്‍കുന്നതില്‍ അതിഥിതൊഴിലാളികള്‍ മിടുക്കരായിരുന്നു. നവരാത്രികാലത്ത് ബംഗാളികള്‍ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ കോഴി പൊരിച്ചത് ഹോട്ടലില്‍ കിട്ടാത്ത സംഭവമുണ്ടായിട്ടുണ്ട്.

ജോലി റെഡിയാണ്, മലയാളികള്‍ ഇറങ്ങുമോ? നാട്ടിലേക്ക് മടങ്ങിയ അവിദഗ്ധതൊഴിലാളികളായ മലയാളികളും മറ്റും ക്വാറന്റീന്‍ കാലം കഴിഞ്ഞാല്‍ ഇത്തരം തൊഴില്‍ മേഖലകളിലേക്ക് വരുമോ.

(തുടരും)

Content Highlights: There is employment, Are you ready Keralites?