
അജ്മാൻ: യുഎഇയിലെ സാമൂഹികമാധ്യമ ഇൻഫ്ളുവൻസറായ മലയാളി യുവതിയുടെ ചിത്രങ്ങൾ അശ്ലീല പരാമർശത്തോടെ പ്രചരിപ്പിച്ചതിന് കണ്ണൂർ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂർ മട്ടന്നൂർ സ്വദേശിനിയുടെ ചിത്രങ്ങളാണ് മസാജ് സെന്ററിന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിച്ചത്.
ഇൻസ്റ്റഗ്രാമിൽ ഒട്ടേറെ ഫോളോവർമാരുള്ള യുവതിയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ അവർ ഷാർജയിലെ യാബ് ലീഗൽ സർവീസസിന്റെ സഹായത്തിൽ അജ്മാൻ പ്രോസിക്യൂഷൻ മുഖേന അജ്മാൻ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഷാർജയിലെ ഒരു പ്രമുഖ കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്. സർക്കാർ ലൈസൻസോടെയാണ് അവർ സാമൂഹിക മാധ്യമ മാർക്കറ്റിങ് നടത്തിവന്നിരുന്നത്. രണ്ട് മസാജ് സെന്ററുകളുടെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലാണ് യുവതിയുടെ ചിത്രങ്ങൾ അശ്ലീലച്ചുവയുള്ള അടിക്കുറിപ്പോടെ പ്രത്യക്ഷപ്പെട്ടത്.
സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയാൽ അഞ്ചുലക്ഷംവരെ പിഴ
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരേ യുഎഇയിൽ നിയമംശക്തമാണ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്‌ടോക്ക്, വാട്‌സാപ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ, ഭീഷണി, പോർവിളി നടത്തുന്നവരെല്ലാം വലിയവില നൽകേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം സൈബർ കുറ്റങ്ങൾചെയ്താൽ ഒന്നരലക്ഷം ദിർഹം മുതൽ അഞ്ചുലക്ഷം ദിർഹംവരെ പിഴയും ജയിൽശിക്ഷയും ലഭിക്കുമെന്ന് രാജ്യത്തെ നിയമം മുന്നറിയിപ്പ് നൽകുന്നു.
ഓൺലൈൻ വഴി മറ്റുള്ളവരെ അപകീർത്തിപ്പെടുത്തിയാൽ നേരിടേണ്ട നിയമപ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾ ബോധവത്കരണ പ്രചാരണങ്ങൾ നടത്തുന്നുണ്ട്.
ചെയ്യുന്ന തെറ്റിന്റെ വ്യാപ്തിയും പരിണിതഫലവും മനസ്സിലാക്കാതെയാണ് പലരും ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നതെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. നിലവിലെ നിയമമനുസരിച്ച് സൈബർ കുറ്റങ്ങൾക്ക് കനത്ത പിഴയും ജയിൽശിക്ഷയും നൽകുന്നതിനുപുറമേ നാടുകടത്തുകയും ചെയ്യും.
നിയമം പാലിക്കണം, ബോധവത്കരിക്കണം
സാമൂഹികമാധ്യമങ്ങളിൽ മറ്റുള്ളവരുടെ ചിത്രങ്ങൾക്ക് മോശം അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അസഭ്യം പറയുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾ പ്രവാസികൾ നടത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും കളിയിൽ തുടങ്ങി കാര്യമാകുന്ന പോർവിളികൾ സാമൂഹികമാധ്യമങ്ങളിൽ കാണാം.
ഏതുവിഷയത്തെക്കുറിച്ചും സാമൂഹികമാധ്യമങ്ങളിലൂടെ പരസ്പരം വാക്‌പോരുകൾ നടത്തുന്നവർ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. രാജ്യത്തെ നിയമങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്ലാത്തവരാണ് ഇത്തരം അധിക്ഷേപങ്ങൾ നടത്തുന്നവർ ഭൂരിഭാഗവും. ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ വ്യക്തിഗത വിവരങ്ങൾ പകർത്തുകയോ അനുവാദമില്ലാതെ അവ പ്രസീദ്ധീകരിക്കുകയോ ചെയ്യുന്നതിലൂടെ വ്യക്തിയുടെ സ്വകാര്യത ലംഘിക്കപ്പെടുന്നു.
ഇതും യുഎഇ നിയമപ്രകാരം കുറ്റകരമാണെന്നും പ്രോസിക്യൂഷൻ ഓർമ്മിപ്പിക്കുന്നു. കൂടാതെ, അപകടങ്ങളിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്ത വ്യക്തികളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും പങ്കുവെയ്ക്കുന്നതും കുറ്റകരമാണ്.
മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്ന ശബ്ദരേഖ, വീഡിയോ, ചിത്രം എന്നിവ പ്രചരിപ്പിച്ചാൽ ഒരുവർഷം തടവും ഒന്നരലക്ഷം മുതൽ അഞ്ചുലക്ഷം ദിർഹംവരെ പിഴയും ലഭിക്കും. സാമൂഹികമാധ്യമങ്ങളിൽ ഇടപെടുമ്പോൾ അതീവജാഗ്രത പാലിക്കണമെന്ന് ആവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നുണ്ട്.
Content Highlights: UAE based Malayali influencer`s photos used with obscene remarks. Kannur resident arrested in Ajman for defamation. Case filed via Ajman Prosecution.
Published: 06 Jan 2026, 08:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented