
മനാമ: ബഹ്‌റൈനില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിരോധമന്ത്രാലയ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഗോള സുരക്ഷാ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം കുറിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ഡയറക്ടര്‍ ജനറല്‍ ജോണ്‍ ചിപ്മാന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കിള്‍ പോംപിയോ മനാമ ഡയലോഗ് ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ നാലു മുതല്‍ ആറു വരെ മനാമ റിട്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ അരങ്ങേറുന്ന പതിനാറാമത് മനാമ ഡയലോഗ് എന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പേര്‍ വെര്‍ച്വല്‍ ആയി പങ്കെടുക്കുന്നുണ്ടെങ്കിലും കോവിഡിന്റെ സാഹചര്യത്തിലുള്ള നിയന്ത്രണത്തില്‍ 80 പ്രതിനിധികള്‍ മാത്രമാണ് നേരിട്ടെത്തുന്നത്.
ഇത്തവണ ആദ്യമായി ഇസ്രായേലില്‍ നിന്നുള്ള പ്രതിനിധിയും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുവെന്നുള്ളത് ശ്രദ്ധേയമാണ്. ജെറുസലേം സെന്റര്‍ ഫോര്‍ പബ്ലിക് അഫയേഴ്സ് പ്രസിഡന്റ് ദോര്‍ ഗോള്‍ഡ് ആണ് ഇസ്രായിലിനെ പ്രതിനിധീകരിച്ചു നേരിട്ട് പങ്കെടുക്കുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റേയും മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെയും ഉപദേശകനായും ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ആയും മികവ് തെളിയിച്ച ദോര്‍ ഗോള്‍ഡിന്റെ പ്രഥമ ബഹ്റൈന്‍ സന്ദര്ശനവുമാണിത്. ഇന്ത്യയില്‍നിന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രതിനിധിസംഘം പങ്കെടുക്കാറുണ്ടെങ്കിലും ഇത്തവണ നേരിട്ട് പങ്കെടുക്കുന്നില്ലെന്ന് ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ മാതൃഭൂമിയോടു പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാരും വിദേശകാര്യ-നയതന്ത്ര ഉദ്യോഗസ്ഥരും മിലിട്ടറി-നേവി വിഭാഗങ്ങളിലെ ഉന്നതോദ്യോഗസ്ഥരും മനാമ ഡയലോഗില്‍ വെര്‍ച്വല്‍ ആയി പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുന്നത് വിവിധ പ്‌ളീനറി സെഷനുകളാണ്.. ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ട് സെഷനുകള്‍ നടക്കുന്നുണ്ട്. കനത്ത സുരക്ഷാവലയത്തില്‍ നടക്കുന്ന ഉച്ചകോടിയിലേക്ക് പ്രത്യേകം അക്രെഡിറ്റേഷനുള്ളവര്‍ക്കു മാത്രമാണ് പ്രവേശനം.
ബഹ്റൈന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, സൗദി അറേബ്യന്‍ വിദേശകാര്യമന്ത്രി ഹിസ് ഹൈനസ് പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ്, യു കെ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍, കൊറിയന്‍ വിദേശകാര്യമന്ത്രി കാങ് കെയുങ് വാഹ്, ഇറാഖി വിദേശകാര്യമന്ത്രി ഫുആദ് ഹുസൈന്‍ തുടങ്ങി ഏതാനും പ്രതിനിധികള്‍ നേരിട്ട് പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. യു എസ് ഡെപ്യൂട്ടി സെക്രട്ടറി (ട്രെഷറി) ജസ്റ്റിന്‍ മ്യൂസിനിച്ച്, യമന്‍ വിദേശകാര്യമന്ത്രി അബുബക്കര്‍ അല്‍ ഖിര്‍ബി, തായ് വിദേശകാര്യ സഹമന്ത്രി വിജാവത് ഇസാരഭാക്ക്ടി, തുടങ്ങിയവരും, ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍, ജര്‍മ്മനി, അഫ്ഗാനിസ്ഥാന്‍, നോര്‍വെ, ജപ്പാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍നിന്നുള്ള പ്രതിരോധമന്ത്രാലയ പ്രതിനിധികളും നയതന്ത്ര പ്രമുഖരും ഉച്ചകോടിയില്‍ വെര്‍ച്യുല്‍ ആയി പങ്കെടുക്കും.
മിഡില്‍ ഈസ്റ്റിലെ പ്രധാനപ്പെട്ട ഈ സുരക്ഷാ ഉച്ചകോടിയില്‍, വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍, പ്രതിരോധ മന്ത്രിമാര്‍, വിദേശകാര്യ മന്ത്രിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍, സൈനിക, രഹസ്യാന്വേഷണ മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രസക്തമായ സുരക്ഷയും വിദേശനയവും മേഖല നേരിടുന്ന മറ്റു വെല്ലുവിളികളും ചര്‍ച്ചാവിഷയമാവും
മുതിര്‍ന്ന മന്ത്രിമാര്‍, സൈനിക, രഹസ്യാന്വേഷണ മേധാവികള്‍, ഉന്നത നയതന്ത്രജ്ഞര്‍, അഭിപ്രായ രൂപീകരണക്കാര്‍, വിശകലന വിദഗ്ധര്‍, എന്നിവര്‍ മേഖലയിലെ വെല്ലുവിളികളെ സംബന്ധിച്ച സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ബഹ്‌റൈനെക്കൂടാതെ ഇന്ത്യ, യു.ഏ.ഈ., ആസ്‌ത്രേലിയ, ചൈന, ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മ്മനി, പാക്കിസ്ഥാന്‍, റഷ്യ, സൗദി അറേബ്യ, സിംഗപ്പൂര്‍, ബ്രിട്ടന്‍, അമേരിക്ക, തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ മനാമ ഡയലോഗില്‍ എല്ലാ വര്‍ഷവും പങ്കെടുക്കാറുണ്ട്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് സംഘടിപ്പിക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും.
Content Highlight: Mike Pompeo opens Manama Dialogue 2020
Published: 04 Dec 2020, 11:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented