ദുബായ്: കനത്ത ഹൂതി ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച ഭാഗികമായി തുറന്നു.

വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്കായി തുറന്നുനൽകുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

To advertise here,

ആക്രമണങ്ങളെത്തുടർന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരിക്കുന്ന വിമാനത്താവളം തുറക്കുന്നത് ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾക്ക് ആശ്വാസമാകും.

ആദ്യഘട്ടത്തിൽ സൗദി വിമാനക്കമ്പനികളുടെ സർവീസുകൾ മാത്രമേ ഉണ്ടാകൂ. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനുമുൻപ് അതത് എയർലൈനുമായി ബന്ധപ്പെട്ട് ടെർമിനലിനെക്കുറിച്ചുള്ള വിവരങ്ങൾ ഉറപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബറിന്റെ തുടക്കത്തിൽ റിയാദ് വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണങ്ങളിൽ ഇന്ത്യക്കാരനടക്കം 13 പേർ മരിച്ചിരുന്നു.

ആക്രമണം തുടർന്ന് ഹൂതികൾ

: സൗദിയിലെ പ്രധാന നഗരങ്ങൾ ലക്ഷ്യമാക്കി ഞായറാഴ്ചയും കനത്ത ഹൂതി ആക്രമണം. റിയാദ് ലക്ഷ്യമാക്കി വന്ന ഒരു മിസൈലും രണ്ടു ഡ്രോണുകളും തടഞ്ഞെന്ന് സൗദി അറിയിച്ചു. രാജ്യത്തിന്റെ തെക്കൻപ്രദേശങ്ങൾ ലക്ഷ്യമാക്കിയ 10 ഹൂതി മിസൈലുകളാണ് സൗദി ഞായറാഴ്ച നിർവീര്യമാക്കിയത്.

സൗദി വിമാനത്താവളം, ഊർജകേന്ദ്രങ്ങൾ, വ്യോമസേനാതാവളങ്ങൾ എന്നിവ ലക്ഷ്യമിട്ടെന്ന് ഹൂതികൾ അവകാശപ്പെട്ടതിനുപിന്നാലെയാണ് ആക്രമണം. ശനിയാഴ്ച തടഞ്ഞ രണ്ടു ഹൂതി മിസൈലുകളുടെ അവശിഷ്ടങ്ങൾ മക്കയിലും മദീനയിലും പതിച്ചെന്ന് സൗദി പറഞ്ഞു. എന്നാൽ, വിശുദ്ധ നഗരങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നാണ് ഹൂതികൾ പറയുന്നത്.