ഒഹായോ: 30 വര്‍ഷത്തിലേറെയായി ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍നിന്ന് കുഞ്ഞിനെ വരവേറ്റ് ഒഹായോയിലെ ദമ്പതികള്‍. ലണ്ടന്‍ സ്വദേശികളായ ലിന്‍ഡ്‌സെ പിയേഴ്‌സ് (35), ടിം പിയേഴ്‌സ് (34) എന്ന ദമ്പതികളാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് തഡ്ഡിയസ് ഡാനിയല്‍ പിയേഴ്‌സ് എന്ന് പേരിട്ട കുഞ്ഞിനെ അവര്‍ വരവേറ്റത്.
1992-ല്‍ ശീതീകരിച്ച ഭ്രൂണങ്ങളില്‍നിന്ന് 2022-ല്‍ ഒറിഗോണില്‍ ജനിച്ച ഇരട്ടകളുടെ പേരിലുണ്ടായിരുന്ന മുന്‍ റെക്കോര്‍ഡിനെ തകര്‍ത്തിരിക്കുകയാണ് തഡ്ഡിയസിന്റെ ജനനം. അതേസമയം, കഴിഞ്ഞ ഏഴ് വര്‍ഷമായി ഒരു കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു എന്നും മറ്റൊന്നും മനസിലില്ലായിരുന്നുവെന്നും ലിന്‍ഡിസെയും ടിമ്മും പറയുന്നു, 'റെക്കോര്‍ഡുകളെക്കുറിച്ച് ചിന്തിച്ചല്ല ഞങ്ങള്‍ ഇതിന് ഇറങ്ങിത്തിരിച്ചത് - ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ വേണമായിരുന്നു, അത്രമാത്രം,' ലിന്‍ഡ്‌സെ പറഞ്ഞു.
1994-ല്‍ ലിന്‍ഡ ആര്‍ച്ചര്‍ഡ് (ഇപ്പോള്‍ 62) ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) വഴി ഉത്പാദിപ്പിച്ച നാല് ഭ്രൂണങ്ങളില്‍ ഒന്നില്‍നിന്ന് വികസിപ്പിച്ചെടുത്ത കുഞ്ഞാണ് തഡ്ഡിയസ്. ഏകദേശം 30 വര്‍ഷത്തോളം ദ്രവ നൈട്രജനില്‍ ശീതീകരിച്ച് സൂക്ഷിച്ച ശേഷം, 2023 നവംബറില്‍ ഭ്രൂണങ്ങളിലൊന്ന് ലിന്‍ഡ്‌സെയുടെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റുകയായിരുന്നു.
നാല് ഭ്രൂണങ്ങളില്‍ ഒന്ന് ലിന്‍ഡയുടെതന്നെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയും അതിലൂടെ ഒരു മകള്‍ ജനിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ 30 വയസ്സുള്ള ഈ മകള്‍ക്ക് 10 വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ബാക്കി മൂന്ന് ഭ്രൂണങ്ങളും ഇവര്‍ ശീതീകരിച്ച് സൂക്ഷിക്കുകയായിരുന്നു എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ ലിന്‍ഡ വിവാഹമോചിതയായി. പിന്നാലെ ഭ്രൂണങ്ങളുടെ സംരക്ഷണാവകാശം ലിന്‍ഡയ്ക്ക് ലഭിച്ചു.
വിവാഹമോചനത്തിന് ശേഷമാണ് ലിന്‍ഡ, നൈറ്റ്ലൈറ്റ് ക്രിസ്ത്യന്‍ അഡോപ്ഷന്‍സിനെയും അവരുടെ 'സ്‌നോഫ്‌ലേക്‌സ്' പ്രോഗ്രാമിനെയും കുറിച്ച് മനസ്സിലാക്കിയത്. മതം, വംശം തുടങ്ങിയ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ദത്തെടുക്കുന്ന കുടുംബങ്ങളെ തിരഞ്ഞെടുക്കാന്‍ ദാതാക്കളെ ഈ പ്രോഗ്രാം അനുവദിക്കുന്നു. തന്റെ ഭ്രൂണം 'ദത്തെടുക്കുന്നത്' വെളുത്ത വര്‍ഗ്ഗക്കാരായ, ക്രിസ്ത്യാനികളായ ദമ്പതികളായിരിക്കണം എന്നായിരുന്നു ലിന്‍ഡയുടെയും താല്‍പ്പര്യം.
'ലിന്‍ഡ്‌സെയും ടിമ്മും കുഞ്ഞ് തഡ്ഡിയസിന്റെ ചിത്രങ്ങള്‍ അയച്ചുതന്നപ്പോള്‍ ഞാന്‍ ആദ്യം ശ്രദ്ധിച്ചത്, എന്റെ മകള്‍ കുഞ്ഞായിരുന്നപ്പോള്‍ എങ്ങനെയിരുന്നോ അതുപോലെയാണ് അവനെ കാണാന്‍ എന്നതാണ്. ഞാന്‍ എന്റെ ബേബി ബുക്ക് എടുത്ത് ചിത്രങ്ങള്‍ ഒരുമിച്ചുവെച്ച് താരതമ്യം ചെയ്തു, അവര്‍ സഹോദരങ്ങളാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.' ലിന്‍ഡ പറയുന്നു.
റീപ്രൊഡക്റ്റീവ് എന്‍ഡോക്രൈനോളജിസ്റ്റും റിഫോംഡ് പ്രെസ്ബിറ്റേറിയനുമായ ജോണ്‍ ഗോര്‍ഡനാണ് ലിന്‍ഡ്‌സെക്കും ടിമ്മിനും വേണ്ടി ഭ്രൂണം മാറ്റിവെച്ച ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് നടത്തുന്നത്. 'ഞങ്ങള്‍ പിന്തുടര്‍ന്നുപോരുന്ന ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്, അവയെല്ലാം ഞങ്ങളുടെ മതപരമായ വിശ്വാസത്തില്‍ നിന്നാണ് വരുന്നത്. ഓരോ ഭ്രൂണവും ജീവിക്കാനുള്ള അവസരം അര്‍ഹിക്കുന്നുണ്ട്. ആരോഗ്യമുള്ള ഒരു കുഞ്ഞായി മാറാന്‍ കഴിയാത്ത ഒരേയൊരു ഭ്രൂണം, ഒരു രോഗിയുടെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റാന്‍ അവസരം ലഭിക്കാത്ത ഭ്രൂണം മാത്രമാണ്. ആ അവസരം നിഷേധിക്കപ്പെടാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.' അദ്ദേഹം പറയുന്നു.
Content Highlights: worlds oldest baby has just been born in ohio age at time of birth is 30 good news world news
Published: 02 Aug 2025, 09:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented