തൃശ്ശൂർ: ‘‘രാവിലെ പത്തര കഴിഞ്ഞപ്പോ സൂപ്പർവൈസർ വിജിത എന്നെ വിളിച്ചു, സുഹറാത്താ ഓടിവാ... ദേ, ഇവിടെ പ്രസവം നടക്കുന്നു. ഞാൻ എത്തിയപ്പോഴേക്കും ആർ.പി.എഫി.ലെ വനിതാജീവനക്കാർ അവൾക്കുചുറ്റും കൂടിനിന്നിരുന്നു. ചായക്കടയിൽനിന്ന്‌ വാങ്ങിയ ചൂടുവെള്ളത്തിലിട്ട് അണുവിമുക്തമാക്കിയ കത്രിക ആരോ എത്തിച്ചു. സ്വന്തം മുറിയിലെ കിടക്കവിരികളും മറ്റും സ്റ്റേഷൻമാസ്റ്റർ ജോർജ് സാർ തന്നു. ധൈര്യത്തോടെ ഞാൻ പ്രസവമെടുത്തു’’ - തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ അസം സ്വദേശിയായ ജസ്മി(25)ന്റെ പ്രസവമെടുക്കാനിടയായത് ശുചീകരണത്തൊഴിലാളിയായ സുഹറ വിശദീകരിച്ചു. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിനോടുചേർന്ന് എസ്കലേറ്ററിനു പിൻവശത്തുള്ള സ്ഥലത്താണ് ജസ്മിൻ പെൺകുഞ്ഞിന് ജന്മം നൽകിയത്.

To advertise here,

ജസ്മിനും മൂന്നു വയസ്സുകാരൻ മകൻ സഹദ് അലിയും രണ്ടു ദിവസം മുൻപാണ് തൃശ്ശൂർ സ്റ്റേഷനിലെത്തിയത്. ചൈൽഡ്‌ലൈൻ പ്രവർത്തകർ അന്വേഷിച്ചപ്പോൾ ചൊവ്വാഴ്ച രാവിലെയുള്ള ട്രെയിനിൽ പോകാനാണെന്ന് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പ്രസവം നടന്നത്. ശുചീകരണത്തൊഴിലാളികളും റെയിൽവേ ജീവനക്കാരും ആർ.പി.എഫും ഒന്നിച്ചുനിന്ന് യുവതിക്ക് സഹായമേകി. മലപ്പുറം എടരിക്കോട്ടാണ് ജസ്മിന്റെ ഭർത്താവ് സുൽത്താൻ മുഹമ്മദ് കൂലിപ്പണി ചെയ്യുന്നത്. പ്രസവമടുത്തപ്പോൾ ഭാര്യയെ നാട്ടിലേക്ക്‌ ട്രെയിൻകയറ്റി വിട്ടതാണ്. എന്നാൽ, തന്നോട് പറയാതെ അവർ മടങ്ങിവന്നെന്നും ഇയാൾ പറയുന്നു.

യുവതിയുടെ ബാഗിൽനിന്ന് ലഭിച്ച നമ്പറിൽ സ്റ്റേഷൻ മാസ്റ്റർ എം.എ. ജോർജ് വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പിന്നാലെ ഫോട്ടോ അയച്ചുകൊടുത്തു. സുൽത്താൻ ചൊവ്വാഴ്ച ഉച്ചയോടെ തൃശ്ശൂർ ജനറൽ ആശുപത്രിയിലെത്തി. അതുവരെ സ്റ്റേഷനിലെ ചൈൽഡ്‌ലൈൻ പ്രവർത്തക അശ്വതിയുടെ സംരക്ഷണത്തിലായിരുന്നു സഹദ് അലി.

‘‘ആ ഓർമയിൽ ഞാൻ പൊക്കിൾക്കൊടി മുറിച്ചു’’

‘‘നഴ്സിങ്ങിന് മകൾ പഠിച്ചിരുന്നപ്പോൾ അവളുടെ പുസ്തകം മറിച്ചുനോക്കിയിരുന്നു. അന്ന് മനസ്സിൽപ്പതിഞ്ഞ കാര്യമുണ്ടായിരുന്നു. പൊക്കിൾക്കൊടി എത്ര സെന്റിമീറ്റർവെച്ച് മുറിക്കണമെന്നതായിരുന്നു അത്. ആ ഓർമയിൽ പൊക്കിൾക്കൊടി മുറിച്ചു’’ -അറുപതുകാരിയായ സുഹറയുടെ വാക്കുകളിൽ പിറവിക്ക് തുണയായതിന്റെ സന്തോഷം. വടക്കാഞ്ചേരി കുരിശുപള്ളിക്കു പിറകിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർ പത്തുവർഷമായി തൃശ്ശൂർ സ്റ്റേഷനിൽ ശുചീകരണവിഭാഗത്തിലെ ജോwലിക്കാരിയാണ്. നാരകത്തുപറമ്പിൽ കബീറിന്റെ ഭാര്യയാണ്.

രണ്ടാംതവണയാണ് സുഹറ സ്റ്റേഷനിൽ പ്രസവമെടുക്കുന്നത്. 2017-ൽ തൃശ്ശൂർ സ്റ്റേഷനിലെത്തിയ ട്രെയിനിൽ പ്രസവവേദനകൊണ്ട് പുളഞ്ഞ എറണാകുളം സ്വദേശിനിയെ കമ്പാർട്ട്മെന്റിൽക്കയറി സുഹറ സഹായിച്ചിരുന്നു. തെങ്ങുകയറ്റം, കൃഷിയിടങ്ങളിൽ യന്ത്രനടീൽ, തുന്നൽ ജോലി എന്നിവയും സുഹറക്കറിയാം. മൂന്നുപെൺമക്കളെ വിവാഹം കഴിച്ചയച്ചു. ജീവിത പ്രാരാബ്ദങ്ങൾ മൂലം മൂന്ന് സെന്റ് ഭൂമി വിറ്റു. സ്വന്തമായി വീടിനായി ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്.