മാള (തൃശ്ശൂർ): ചൂട് സഹിക്കാൻ പറ്റുന്നില്ല, കഴിഞ്ഞ കുറച്ചുദിവസമായി എവിടെയും കേട്ടിരുന്നത് ഇതുമാത്രമാണ്. പകലും രാത്രിയും സഹിക്കാനാകാത്ത ചൂട്. എന്നാൽ വി.കെ. ശ്രീധരനും കുടുംബവും പറയുന്നു, ഇവിടം എപ്പോഴും കൂളാണ്. ഇളംകാറ്റുള്ള തണുത്ത അന്തരീക്ഷമാണ് ഒരേക്കർ വരുന്ന ഈ പുരയിടത്തിൽ. മാളയ്ക്കടുത്ത് അണ്ണല്ലൂർ വാത്യാട്ട് വീട്ടിൽ വി.കെ. ശ്രീധരനും കുടുംബവും ചേർന്ന് പുരയിടം വനമാക്കി മാറ്റിയിട്ട് 25 കൊല്ലം. സ്വാഭാവികവനത്തിന്റെ ഉൾക്കരുത്താണ് ഇവരുടെ വീടിനു ചുറ്റും. 500-ഓളം ചെടികളും മരങ്ങളും ഇവിടെയുണ്ട്. ഇതിൽത്തന്നെ 125 ഇനങ്ങളുണ്ടെന്നതും പ്രത്യേകതയാണ്. 50-ൽപ്പരം വ്യത്യസ്ത പക്ഷികളും എല്ലാ വർഷവും ഇവിടെ എത്താറുണ്ട്. ഇവിടെ വീഴുന്ന മരങ്ങളും ഇലകളും മണ്ണിലേക്കുതന്നെ ചേരും.

To advertise here,

തൃശ്ശൂർ ജില്ലയിലെ 20 ജൈവവൈവിധ്യ ഫാംസ്കൂളുകളിൽ ഒന്നാണ് ഈ പുരയിടം. പഴങ്ങൾ കിളികൾക്കും മറ്റു ജീവികൾക്കും ഭക്ഷണമായി വിട്ടുകൊടുത്തിരിക്കുന്നു. അന്യംനിന്നുപോകുന്ന പൂച്ചപ്പഴം, ചകിരിപ്പഴം, മുള്ളൻപഴം, കാരപ്പ എന്നിവയും പുരയിടവനത്തിലുണ്ട്.തൊണ്ടിപ്പഴം, ഓടപ്പഴം, കർളി, ഞാറ, മൈലോമ്പി, വെട്ടി തുടങ്ങിയവയുടെ ചെടികളും സംരക്ഷിക്കുന്നുണ്ട്. കൂടാതെ മുട്ടിപ്പഴം, ദുരിയാൻ, ചെറിമായ, മിറാക്കിൾ ഫ്രൂട്ട്, സൂര്യനാം ചെറി, അവക്കാഡോ, പിസ്ത, പീനട്ട് ബട്ടർ തുടങ്ങിയ പഴച്ചെടികളും കാണാം.

ആരോഗ്യപ്പച്ച, കരിമുത്തിൽ, ഈശ്വരി, സമുദ്രപ്പച്ച, ശിംശിഭ (അശോകം), അയമോദകം, വിവിധ തുളസികൾ, ചതുർമുല്ല, കുറിച്ചിക്കൊടി (അപ്പുപ്പൻതാടി) തുടങ്ങിയ അപൂർവ ഔഷധസസ്യങ്ങളും ഇവിടെയുണ്ട്. നീരോട്ടി, മരോട്ടി, മണിമരുത്, മുളകൾ, ഈറ്റ, വീട്ടി, കുമിഴ്, പലകപ്പയ്യാനി, രുദ്രാക്ഷം, സംസ്ഥാനശലഭമായ ബുദ്ധമയൂരിയുടെ മാതൃവൃക്ഷമായ മുള്ളിലം എന്നിവയും പുരയിടത്തെ ഹരിതാഭമാക്കുന്നു.

പഞ്ചായത്ത് സെക്രട്ടറി തസ്‌തികയിൽനിന്ന് വിരമിച്ച ഈ 67 കാരൻ 25 വർഷമായി കില ഫാക്കൽറ്റിയാണ്. സംഗീത നാടക അക്കാദമി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. പരിസ്ഥിതി, നാട്ടറിവ് മേഖലകളുമായി ബന്ധപ്പെട്ട് 16 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022-ൽ വനമിത്ര പുരസ്കാരം ലഭിച്ചു. ആദിവാസി സാക്ഷരതയുടെ അസി. പ്രോജക്ട് ഓഫീസറായിരുന്നപ്പോൾ മികച്ച പ്രവർത്തനത്തിന് 1993-ൽ സർക്കാർ അവാർഡ് ലഭിച്ചു.

1996-ൽ അയ്യങ്കാളി അവാർഡ്, 2003-ൽ പഞ്ചായത്ത് സെക്രട്ടറിക്കുള്ള അവാർഡ്. സ്വരാജ് കേരളയുടെ പുരസ്കാരം, 1992-ൽ സാമൂഹികപ്രവർത്തനത്തിന് പ്ലാറ്റൂൺ അവാർഡ്, കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നാട്ടറിവും കെ.വി. ദയാലിൽനിന്നുള്ള പ്രചോദനവും ഉൾക്കൊണ്ടാണ് പുരയിടത്തിൽ വനമൊരുക്കിയത്. ഭാര്യ രമണിയും മക്കളായ പതംഗ്, ധനുസ്സ് എന്നിവരും ശ്രീധരന് പിന്തുണയുമായി ഒപ്പമുണ്ട്. മകൻ ധനുസ്സ് പക്ഷിനിരീക്ഷകനും തേനീച്ചക്കർഷകനുമാണ്.