ആലപ്പുഴ: 'നിന്റെ സഹോദരനായ അഹറോന് മഹിമയും അഴകും നല്‍കുന്നതിന് അവനുവേണ്ടി വിശുദ്ധവസ്ത്രങ്ങള്‍ നിര്‍മിക്കുക'. ബൈബിള്‍ പഴയനിയമം പുറപ്പാട് പുസ്തകത്തിന്റെ 28-ാം അധ്യായത്തില്‍ പുരോഹിത വസ്ത്രങ്ങളെക്കുറിച്ച് മോശയോടു ദൈവം കല്‍പ്പിച്ചതുപോല കുട്ടനാട്ടുകാരിയായ ടിറ്റിയോട് അതു പറഞ്ഞത് ഒരു സുഹൃത്താണ്. പത്താംക്ലാസിനുശേഷം തയ്യല്‍ പഠിച്ച കാലം. ആദ്യമൊക്കെ ടിറ്റി തയ്ച്ചിരുന്നത് സാധാരണ വസ്ത്രങ്ങളായിരുന്നു.

To advertise here,

ഒരു വൈദികന്റെ ളോഹ തുന്നാന്‍ സുഹൃത്താണ് ആവശ്യപ്പെട്ടത്. അതു വേറിട്ട തുടക്കമായി. ഇപ്പോള്‍ വെളിയനാട് കുന്നങ്കരി പുത്തന്‍കളത്തില്‍ ടിറ്റി ബിജോയ്ക്ക് തിരുവസ്ത്രങ്ങള്‍ തയ്ക്കുന്നതില്‍ വിശ്രമമില്ല. കുര്‍ബാനയ്ക്കും മറ്റു ചടങ്ങുകള്‍ക്കും മെത്രാന്‍മാരും വൈദികരും ധരിക്കുന്ന കാപ്പ സെറ്റാണ് പ്രധാന ഇനം. ദിവസവും മൂന്നും നാലും കാപ്പ സെറ്റുകള്‍ തയ്ക്കാറുണ്ട്.

അഞ്ചുവര്‍ഷംകൊണ്ട് ഈ മുപ്പത്തഞ്ചുകാരി ഇരുന്നൂറോളം വൈദികര്‍ക്കായി തയ്ച്ചത് പതിനായിരത്തോളം പുരോഹിതവസ്ത്രങ്ങളാണ്. അതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കായി. 

പള്ളികളിലെ മദ്ബഹയില്‍ ഉപയോഗിക്കുന്ന തിരശ്ശീല, വിരിക്കൂട്ട്, ചിത്തോല, മേശവിരി, ബൈബിള്‍ സ്റ്റാന്‍ഡില്‍ ഇടുന്ന കവറുകള്‍ തുടങ്ങിയവയും തയ്ക്കുന്നു. നാടകവേദിയിലേക്ക് ആവശ്യമായ തിരശ്ശീലകളും തുണിത്തരങ്ങളും തയ്ച്ചുകൊടുക്കുന്ന പിതാവില്‍നിന്നും പള്ളിത്തിരുവസ്ത്രങ്ങളും മുത്തുക്കുടകളും മറ്റും നിര്‍മിക്കുന്ന പിതാവിന്റെ സഹോദരനില്‍ നിന്നുമാണ് ടിറ്റി തയ്യലിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കിയത്.

കാലംചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായ്ക്ക് തിരുവസ്ത്രം തയ്ച്ചുകൊടുക്കുമായിരുന്നു ടിറ്റി. പരിചയക്കാരനായ വൈദികന്‍ മുഖേനയാണ് അതിനവസരം കിട്ടിയത്. ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭാ സ്ഥാപകന്‍, കാലംചെയ്ത മാര്‍ അത്തനേഷ്യസ് യൊഹാന്റെ തിരുവസ്ത്രവും തയ്ച്ചിരുന്നു. വിവിധ സഭകളിലേക്കുള്ള ഓര്‍ഡറുകള്‍ വിദേശങ്ങളില്‍നിന്നും ലഭിക്കുന്നുണ്ട്.

ഒരു കാപ്പയ്ക്ക് നാലരമീറ്ററോളം തുണി വേണം. മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും തുണിത്തരം കണ്ടെത്തി ചിത്രമെടുത്ത് അയച്ചുകൊടുക്കും. അവര്‍ക്കിഷ്ടപ്പെട്ടാല്‍ പണി തുടങ്ങും. ഒരു സാധാരണ കാപ്പ സെറ്റിന് കുറഞ്ഞത് 6,800 രൂപയാകും. തുണിയുടെ മേന്മ, ചിത്രത്തുന്നലിന്റെ വ്യാപ്തി എന്നിവയ്ക്കനുസരിച്ച് വില മാറും. റഷ്യന്‍ തുണിക്കാണ് വില കൂടുതല്‍.

കാപ്പ വസ്ത്രം നശിപ്പിക്കില്ല. സൂക്ഷിച്ചുവെക്കും. പഴകുമ്പോള്‍ പുതിയതു തയ്പിക്കും. ഓരോ സഭയ്ക്കും ഓരോ നിറമാണ്. കുടുംബശ്രീ റീബില്‍ഡ് കേരള ഡിവലപ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായുള്ള വായ്പയെടുത്താണ് ടിറ്റി തൊഴില്‍ തുടങ്ങിയത്. ഇലക്ട്രീഷ്യനായ ബിജോയാണ് ഭര്‍ത്താവ്. ബിന്റോ, അന്ന എന്നിവര്‍ മക്കളും.