തൊടുപുഴ: റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളുടെ ജീവൻ രക്ഷിച്ചതിന്, കേന്ദ്രസർക്കാരിന്റെ അവാർഡ് ലഭിച്ച, വണ്ണപ്പുറം സ്വദേശിയും മകനും അതിന്റെ തുക അപകടത്തിൽപ്പെട്ടയാൾക്കുതന്നെ കൈമാറി. തൊടുപുഴ വണ്ണപ്പുറത്തെ വൈദ്യനായ പുതുപ്പറമ്പിൽ ബേബിയും പന്ത്രണ്ടുവയസ്സുള്ള മകൻ ആൽഫ്രഡുമാണ് തങ്ങൾക്ക് ലഭിച്ച 25,000 രൂപ അപകടത്തിൽപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടിലായ തൊടുപുഴ സ്വദേശി റെജികുമാറിന് കൈമാറിയത്.

To advertise here,

2025 നവംബർ 16-ന് രാത്രി വണ്ടമറ്റം ബൈപ്പാസിലായിരുന്നു സംഭവം. ബൈക്ക് അപകടത്തിൽപ്പെട്ട് റോഡരികിൽ ബോധരഹിതനായി കിടന്ന റെജികുമാറിനെ അതുവഴിവന്ന ബേബിയും മകൻ ആൽഫ്രഡും ചേർന്ന് കൃത്യസമയത്ത് (‘ഗോൾഡൻ അവർ’) മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോലഞ്ചേരി ആശുപത്രിയിലും എത്തിച്ചു.

ചികിത്സയ്ക്കൊടുവിൽ റെജികുമാർ ജീവിതത്തിലേക്ക് തിരിച്ചെത്തി. റോഡപകടങ്ങളിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കുന്നവർക്കായി കേന്ദ്ര ഗതാഗതമന്ത്രാലയം ഏർപ്പെടുത്തിയ രാഹ്–വീർ പദ്ധതിപ്രകാരം ഇരുവർക്കും പുരസ്‌കാരം ലഭിക്കുകയായിരുന്നു. കാളിയാർ പോലീസ് സ്റ്റേഷനിൽനടന്ന പ്രത്യേകചടങ്ങിൽ ഇവരെ പോലീസ് ഉദ്യോഗസ്ഥർ ആദരിച്ചു.

തുടർന്നാണ്, ചികിത്സയിൽ കഴിയുന്ന റെജികുമാറിന്റെ സാമ്പത്തിക പ്രയാസങ്ങൾ കണക്കിലെടുത്ത് പാരിതോഷികത്തുക മുഴുവൻ അദ്ദേഹത്തിന് കൈമാറാൻ ബേബി തീരുമാനിച്ചത്.

ഈ ഇടപെടൽ സമൂഹത്തിന് വലിയ മാതൃകയാണെന്ന് കാളിയാർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.വി.വിഷ്ണു പറഞ്ഞു. ബിജു വർഗീസ്, സീനിയർ പോലീസ് ഉദ്യോഗസ്ഥരായ പി.പി. നിഷാദ്, ജയേഷ് ഭാസ്കരൻ, ബിനു ജെ. മാറാട്ട്, വണ്ണപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ സുബൈർ തുടങ്ങിയവർ പങ്കെടുത്തു.