ചിറയിൻകീഴ്: മതസൗഹാർദത്തിന്റെ വലിയ സന്ദേശം ഉയർത്തുന്ന നബിദിനാഘോഷത്തിന്റെ ഭാഗമാകാൻ പതിവുതെറ്റിക്കാതെ ഇക്കുറിയും ശ്യാമളകുമാരി ടീച്ചർ എത്തി. കഴിഞ്ഞ 23 വർഷമായി മുടക്കം വരുത്താതെ ഓരോ നബിദിനത്തിലും മിഠായികളുമായാണ് ടീച്ചർ പെരുമാതുറയിൽ എത്തുന്നത്.

To advertise here,

1998-2005 കാലയളവിൽ പെരുമാതുറ ഗവ. എൽ.പി. സ്കൂളിലെ പ്രഥമാധ്യാപികയായിരുന്നു ടീച്ചർ. പെരുമാതുറ ഗവൺമെന്റ് സ്‌കൂളിൽ അധ്യാപക ജോലി ആരംഭിച്ച സമയത്ത് സ്‌കൂളിലെ കുട്ടികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നബിദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ആരംഭിച്ചത്.

തുടർന്ന് വിരമിച്ചശേഷവും കൈനിറയെ മധുരവുമായി ടീച്ചർ മുടക്കംകൂടാതെ എല്ലാ നബിദിനത്തിലും പെരുമാതുറയിലെത്തും.

കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ നിരത്തുകളിൽ മധുരപലഹാര വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തിയതിന്റെ ഭാഗമായി പള്ളി കമ്മിറ്റിക്കാർക്ക് ഇതിനാവിശ്യമായ തുക സംഭാവന നൽകിയാണ് ഇത്തവണത്തെ ആഘോഷത്തിലും ടീച്ചർ പങ്കുചേർന്നത്.

അധ്യാപകവൃത്തിയിൽനിന്നും വിരമിച്ചുവെങ്കിലും പെരുമാതുറയിൽ നടക്കുന്ന ചെറുതും വലുതുമായ എല്ലാ പരിപാടികളിലും ടീച്ചറിന്റെ സാന്നിധ്യം വിദ്യാർഥികൾ ആവശ്യപ്പെടും.

മികച്ച അധ്യാപികയ്ക്കുള്ള ദേശീയ അവാർഡ് ജേതാവ് കൂടിയാണ് ടീച്ചർ. സ്ഥിരതാമസം കഴക്കൂട്ടത്താണെങ്കിലും തന്റെ പ്രിയപ്പെട്ട വിദ്യാർഥികളും രക്ഷിതാക്കളും വിളിച്ചാൽ പെരുമാതുറയിലേയ്ക്ക് ഓടിയെത്താൻ ടീച്ചർക്ക് ഒന്നും തടസ്സമാകില്ല.