ഒരാൾ പ്രത്യേക മതത്തിൽ ജനിച്ചതിൽ വ്യക്തിക്ക് പങ്കില്ലെന്നാണ് ഇവരുടെ വിശ്വാസം

മലപ്പുറം: ഓണവും നബിദിനവും പെരുന്നാളും പുതുവർഷവും ക്രിസ്മസും ഒരുപോലെ ആഘോഷിക്കുന്ന ഒരു മതസമൂഹമുണ്ട് കേരളത്തിൽ. അതാണ് ഇസ്ലാമിലെ ത്വരീഖത്തുകളിലൊന്നായ നഖ്ശബന്ദിയ്യക്കാർ. കേരളത്തിന്റെ വിവിധഭാഗങ്ങളിലായി അയ്യായിരത്തോളം നഖ്ശബന്ദിയ്യ കുടുംബങ്ങളാണുള്ളത്. കൂടുതലും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ.
കോഴിക്കോട് കൊടുവള്ളിയിലാണ് കേരളത്തിലെ ആസ്ഥാനം. അവിടത്തെ പി.വി. സയിദ് ഷാഹുൽ ഹമീദ് ആണ് പ്രധാനഗുരു. ഖലീഫയായിരുന്ന അബൂബക്കർ സിദ്ദീഖിനെയാണ് നഖ്ശബന്ദിയ്യക്കാർ പിന്തുടരുന്നതെന്ന് കിഴിശ്ശേരി ത്വരീഖത്ത് കമ്മിറ്റി പ്രസിഡന്റ് ആമദ് ചുണ്ടിക്കാട്ടിൽ പറഞ്ഞു.
പൂക്കളങ്ങളും മാവേലിയും ഓണക്കളികളും മത്സരങ്ങളും വിഭവസമൃദ്ധമായ സദ്യയുമൊക്കെയായാണ് ശാഖകളുടെ നേതൃത്വത്തിലുള്ള ഓണാഘോഷം. കഴിഞ്ഞവർഷം നബിദിനവും ഓണവും അടുത്തടുത്ത ദിവസങ്ങളിലായിരുന്നതിനാൽ ഒരുമിച്ചാണ് ആഘോഷിച്ചത്. കിഴിശ്ശേരി ശാഖയിലെ ഇത്തവണത്തെ ഓണാഘോഷവും നബിദിനവും 25-നാണ്.
എല്ലാവർഷവും ഓണത്തിന് പരിസരത്തെ പാവങ്ങളായ ഹൈന്ദവകുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകും. പലരും വീടുകളിൽ പൂക്കളമിടും. എൻ.ബി.ടി. സാംസ്കാരിക-വിദ്യാഭ്യാസനിലയത്തിൽ വലിയ പൂക്കളമിടും. രാവിലെ ഏഴുമുതൽ 10 വരെ നബിദിനാഘോഷമാണ്. തുടർന്ന് തിരുവാതിരക്കളിയടക്കമുള്ള കലാപരിപാടികൾ. ഉച്ചയ്ക്ക് ഓണസദ്യ. തുടർന്ന് ഓണമത്സരങ്ങൾ. ആഘോഷങ്ങൾ രാത്രിവരെ നീളും.
ദേശീയാഘോഷമായാണ് ഓണത്തെ കാണുന്നതെന്ന് ആമദ് പറഞ്ഞു. പുതുവർഷവും ക്രിസ്മസും ഒരുമിച്ച് ആഘോഷിക്കും. ഇതിനൊന്നും അവർക്ക് മതപരമായ യാതൊരു തടസ്സവുമില്ല. ജനിച്ചിടത്ത് നന്മചെയ്യുക എന്നതാണ് ത്വരീഖത്തിന്റെ പ്രധാന ഉപദേശം.
പ്രത്യേക മതത്തിൽ ജനിച്ചതിൽ വ്യക്തിക്ക് പങ്കില്ല, ദൈവമാണ് തീരുമാനിക്കുന്നത്. സ്നേഹമാണ് ദൈവം, കർമമാണ് ആരാധന -ഇതാണ് ത്വരീഖത്ത് പ്രചരിപ്പിക്കുന്ന തത്ത്വം.
മദ്യപാനം നിഷിദ്ധമാണ്. 2007 മുതൽ പുകവലിയും നിരോധിച്ചിട്ടുണ്ട്. അംഗങ്ങൾ പുകവലിച്ചാൽ കർശന നടപടിയുണ്ടാവും. അഞ്ചുനേരം നിസ്കരിക്കുമെങ്കിലും അംഗങ്ങൾ പള്ളിയിൽ പോവാറില്ല. ആഴ്ചയിൽ ഒരുദിവസത്തെ ഖുർആൻ പഠനക്ലാസ് നിർബന്ധമാണ്.
Content Highlights: Around 5,000 Naqshbandi Sufi families in Kerala celebrate Onam, Milad-un-Nabi, Christmas, and New Year with equal fervor, organizing Onam sadya, pookkalam, and cultural events to promote communal harmony and love.
Published: 21 Aug 2026, 07:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented