
കോഴിക്കോട്: 'എല്ലാരും ചൊല്ലണ്... എല്ലാരും ചൊല്ലണ്... കല്ലാണ് നെഞ്ചിലെന്ന്... കരിങ്കല്ലാണ് നെഞ്ചിലെന്ന്...' മുത്തശ്ശി പാടിയപ്പോള്‍ കുട്ടികള്‍ തലയാട്ടി താളമിട്ട് ചുവടുവെച്ചു. ആംഗ്യമിട്ടവര്‍ മുത്തശ്ശിപ്പാട്ടുകള്‍ക്കൊപ്പം ചേര്‍ന്നു. പിന്നെ മുത്തശ്ശിമാര്‍ പറഞ്ഞ കഥകള്‍കേട്ട് കുഞ്ഞിക്കണ്ണുകളില്‍ ആശ്ചര്യംതൂവി. പാട്ടും കഥകളുമായി കുഞ്ഞുകൂട്ടുകാരോട് കൂട്ടുകൂടിയപ്പോള്‍ മുത്തശ്ശിമാരുടെ മുഖത്തും സന്തോഷച്ചിരി നിറഞ്ഞു.
കോര്‍പ്പറേഷനിലെ വെസ്റ്റ്ഹില്‍ വാര്‍ഡില്‍ സംഘടിപ്പിച്ച 'നിനവ് - ആംഗ്യപ്പാട്ടും കഥകളുമായ് മുത്തശ്ശിമാര്‍ അങ്കണവാടിയിലേക്ക്' പരിപാടിയാണ് കണ്ടുനിന്നവരുടെ മനസ്സിലും 'കുട്ടിക്കളി' നിറച്ചത്. ഉദ്ഘാടനത്തിനെത്തിയ മേയര്‍ ബീനാ ഫിലിപ്പും ആംഗ്യപ്പാട്ടുപാടിയും കഥകള്‍പറഞ്ഞും കുട്ടികള്‍ക്കൊപ്പംകൂടി. വാര്‍ഡ് കൗണ്‍സിലര്‍ എം.കെ. മഹേഷിന്റെ മനസ്സില്‍ പിറന്ന ആശയമാണ് 'നിനവി'ലൂടെ നടപ്പാക്കിയത്.
''അണുകുടുംബങ്ങളില്‍ ജീവിക്കുന്ന പുതിയകുട്ടികള്‍ മുത്തശ്ശിക്കഥകളും പാട്ടുകളും കേള്‍ക്കാതെയാണ് വളരുന്നത്. പലപ്പോഴും ഒറ്റപ്പെട്ടുകഴിയുന്ന മുത്തശ്ശിമാര്‍ക്കും കുട്ടികളെ ലാളിക്കാനോ കഥകള്‍ പറഞ്ഞുകൊടുക്കാനോ പുതിയകാലത്ത് കഴിയുന്നില്ല. ഇതാണ് ഇങ്ങനെയൊരു ആശയത്തിലേക്ക് നയിച്ചത്'' - എം.കെ. മഹേഷ് പറഞ്ഞു.
നിനവ് നടപ്പാക്കാനായി വാര്‍ഡ് പരിധിയില്‍നിന്ന് 32-ഓളം മുത്തശ്ശിമാരെ തിരഞ്ഞെടുക്കുകയാണ് ആദ്യംചെയ്തത്. പിന്നെ അവര്‍ക്ക് ആംഗ്യപ്പാട്ടുകളിലും നാട്ടുപാട്ടുകളിലും മറ്റും പരിശീലനംനല്‍കി. ശിശുക്ഷേമസമിതി അംഗം സുരേഷാണ് പരിശീലനംനല്‍കിയത്. വാര്‍ഡില്‍ 11 അങ്കണവാടികളാണുള്ളത്. ഇനി എല്ലാ ആഴ്ചകളിലും ഒരുദിവസം, ഈ മുത്തശ്ശിമാര്‍ അങ്കണവാടികളിലെത്തും. തിരഞ്ഞെടുക്കപ്പെട്ടവരില്‍, അതത് അങ്കണവാടി പ്രദേശത്തുള്ള മുത്തശ്ശിമാരാണ് അവര്‍ക്കരികിലെ അങ്കണവാടികളിലെത്തുക. കുറച്ചുനാളുകള്‍ കഴിഞ്ഞാല്‍ ഇവര്‍ മാറിമാറി ഓരോ അങ്കണവാടികളിലുമെത്തുന്ന രീതിയാക്കും.
''കുഞ്ഞുപ്രായത്തില്‍ പഠിക്കുന്ന ഇത്തരം പാട്ടുകളും കഥകളും കുട്ടികള്‍ ഒരിക്കലും മറക്കില്ല. പ്രായമായവരുടെ മാനസികോല്ലാസത്തിനും തലമുറകളെത്തമ്മില്‍ വിളക്കിച്ചേര്‍ക്കുന്നതിനും നാടിന്റെ പൈതൃകം ഊട്ടിയുറപ്പിക്കുന്നതിനും പരിപാടി ഏറെ പ്രയോജനംചെയ്യും. കോര്‍പ്പറേഷനിലെ എല്ലാ വാര്‍ഡുകളിലേക്കും സംസ്ഥാനത്താകെയും വ്യാപിപ്പിക്കാവുന്ന പദ്ധതിയാണിത്'' - മഹേഷ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഭട്ട് റോഡ് ബീച്ച് 'സമുദ്ര' ഓഡിറ്റോറിയത്തില്‍ ബീനാ ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. എം.കെ. മഹേഷ് അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി. ദിവാകരന്‍ മുഖ്യാതിഥിയായി. കൗണ്‍സിലര്‍ വി.പി. മനോജ്, സിഡിപിഒ ജിഷിത സോമന്‍, നാഷണല്‍ ആയുഷ് മിഷന്‍ പ്രോഗ്രാം മാനേജര്‍ ഡോ. അനീന, വയോമിത്രം കോഡിനേറ്റര്‍ ജിഷോം, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. സുരേഷ്ബാബു, വാര്‍ഡ് കണ്‍വീനര്‍ വി. മനോജ്, ടി.കെ. പ്രകാശിനി എന്നിവര്‍ സംസാരിച്ചു.
Content Highlights: ninavu program started in kozhikode old age care good news
Published: 09 Jul 2025, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented