കോട്ടയം: പുതുപ്പള്ളിയില്‍ വെള്ളിയാഴ്ച ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളന വേദിയില്‍ തനിക്കരികില്‍ നിന്ന മറിയാമ്മ ഉമ്മന്റെ കൈയില്‍ കെട്ടിയ വാച്ച് കണ്ടപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് കൗതുകം. വാച്ചിന്റെ ഡയലില്‍ തെളിമയോടെ രാജീവ് ഗാന്ധിയുടെ ചിത്രം. ചിത്രം കണ്ടതും രാഹുലിന്റെ മുഖത്ത് സമ്മിശ്രവികാരം. മറിയാമ്മയുടെ കൈത്തണ്ട അടുത്ത് ചേര്‍ത്ത് രാഹുല്‍ വാച്ച് അടുത്ത് നോക്കുമ്പോള്‍ ആ കണ്ണുകളില്‍ സന്തോഷം വന്ന് നിറയുന്നുണ്ടായിരുന്നു.

To advertise here,

എവിടെനിന്ന് വാച്ച് കിട്ടിയെന്നായി രാഹുല്‍. ചെറിയ വാക്കുകളില്‍ മറിയാമ്മ ഉത്തരം നല്‍കി. ആ വാച്ചിന്റെ കഥ തേടിയപ്പോള്‍ എത്തി നിന്നത് 1990-ലാണ്. ആഘോഷവേദികളില്‍നിന്ന് കിട്ടുന്ന സമ്മാനങ്ങളോ ഷാളുകളോ ഒന്നും വീട്ടിലേക്ക് കൃത്യമായി കൊണ്ടുവരുന്ന ശീലമുള്ളയാളായിരുന്നില്ല ഉമ്മന്‍ചാണ്ടി. എങ്കിലും ഒരുരാത്രി വീട്ടില്‍ എത്തിയപ്പോള്‍ ഒരു സ്‌നേഹസമ്മാനം ഭാര്യ മറിയാമ്മ ഉമ്മനെ ഏല്‍പ്പിച്ചു.

ഒരിക്കലും നശിക്കാത്ത ഓര്‍മയായി ഭാര്യ സൂക്ഷിച്ചുവെക്കുമെന്ന് ഉറപ്പുള്ളതായിരുന്നു ആ സമ്മാനം. ഒരു വാച്ച്.. വലിയ ബ്രാന്‍ഡിന്റെ വില കൂടിയ വാച്ചല്ല. പകരം സാധാരണ ഒരു കമ്പനിയുടെ വാച്ച്. വെള്ള ഡയലില്‍ രാജീവ് ഗാന്ധിയുടെ ചിത്രമുണ്ട്്. ഒപ്പം ഐഎന്‍ടിയുസി എന്ന്് എഴുതിയിട്ടുണ്ട്്. 

35-വര്‍ഷം മുന്‍പ് ആ വാച്ച് മറ്റാര്‍ക്കും നല്‍കാതെ തന്റെ ഹൃദയത്തോട് ചേര്‍ന്നവള്‍ക്ക് സമ്മാനിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് അറിയുമായിരുന്നിരിക്കണം. രാജീവ്ജിയുടെ ചിത്രമുള്ള വാച്ച് മറിയാമ്മ ഒരിക്കലും നഷ്ടമാക്കില്ല. അത് കുടംബത്തില്‍ എന്നും ഉണ്ടാകുമെന്ന്. കെടാതെ രാജീവ്ജിയുടെ ഓര്‍മകളുമെന്ന ആ ചിന്ത തെറ്റിയില്ല. ഇന്നും മറിയാമ്മയുടെ കൈയില്‍ ആ വാച്ച് ഓടുന്നുണ്ട്. തെളിമ മങ്ങാതെ രാജീവ്ഗാന്ധിയുടെ ചിത്രവും.

പുതുപ്പള്ളിയില്‍ രണ്ടാംവട്ടം രാഹുല്‍

പുതുപ്പള്ളി: പുതുപ്പള്ളിയില്‍ രാഹുല്‍ഗാന്ധി എത്തുന്നത് ഇത് രണ്ടാംതവണ. രണ്ടുവര്‍ഷം മുമ്പ് ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തി. ചടങ്ങില്‍ പൂര്‍ണമായി പങ്കെടുത്താണ് രാഹുല്‍ഗാന്ധി മടങ്ങിയത്. രണ്ടാം അനുസ്മരണ ദിനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി നടത്തിയ പുഷ്പാര്‍ച്ചന രാഹുലിന്റെ ഹൃദയാഞ്ജലിയായി.

രണ്ടു പതിറ്റാണ്ട് താന്‍ കണ്ടറിഞ്ഞ ഉമ്മന്‍ചാണ്ടിയുടെ വ്യക്തിത്വമാണ് രാഹുല്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കുവെച്ചത്. രാഷ്ട്രീയത്തിന് ഉമ്മന്‍ചാണ്ടിയെന്ന നേതാവ് സമ്മാനിച്ച മാതൃകയാണ് രാഹുല്‍ എടുത്തു പറഞ്ഞത്. സഹാനുഭൂതിയോടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ നോക്കിക്കണ്ട ഉമ്മന്‍ചാണ്ടിയെന്ന നേതാവിന്റെ രാഷ്ട്രീയം രാഹുല്‍ വാക്കുകളില്‍ വ്യക്തമാക്കി. 

ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പറഞ്ഞ ഓരോവാക്കും സദസ്സ് കൈയടികളോടെ സ്വീകരിച്ചു. ഭാരത് ജോഡോ യാത്രയുമായി കേരളത്തിലെത്തിയ അനുഭവവും അദ്ദേഹം പങ്കുവെച്ചു. അന്ന് ഉമ്മന്‍ചാണ്ടിയോട് നടക്കരുതെന്ന് പറഞ്ഞു. അദ്ദേഹം സമ്മതിച്ചില്ല. ഒടുവില്‍ ഏറെ നിര്‍ബന്ധിച്ചാണ് അദ്ദേഹത്തെ കാറിലേക്ക് കയറ്റിയതെന്ന് രാഹുല്‍ ഓര്‍ത്തു. 

കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമെന്നാണ് രാഹുല്‍ ഉമ്മന്‍ചാണ്ടിയെ വിശേഷിപ്പിച്ചത്.പുതുപ്പള്ളിയുടെ ഹൃദയത്തില്‍ എന്നും ഉമ്മന്‍ചാണ്ടിയുണ്ടെന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു പള്ളിയങ്കണത്തിലെയും കല്ലറയിലെയും തിരക്ക്. ജനങ്ങളോടുള്ള കരുതലില്‍ ചുവപ്പുനാടയുടെ കുരുക്കഴിച്ച പ്രിയനേതാവിന്റെ ഓര്‍മകള്‍ അവിടെ നിറഞ്ഞു.