പത്തനംതിട്ട: വഴിയിൽ തിളങ്ങിക്കിടന്ന മാല കണ്ട പെൺകുട്ടി അതെടുത്ത് തൊട്ടടുത്ത ജൂവലറിയിൽ കയറി കടയുടമയുടെ നേരെ നീട്ടി. “റോഡിൽ കിടന്നുകിട്ടിയ മാലയാണ് അങ്കിളേ..” എന്നുപറഞ്ഞ് പെൺകുട്ടി വേഗം ഇറങ്ങി. മാലയുടെ യഥാർഥ ഉടമയെ കണ്ടെത്തിയാൽ വിളിച്ചുപറയാനായി പേരോ നമ്പറോ തരൂ എന്ന് കടയുടമ പറഞ്ഞെങ്കിലും അതൊന്നും വേണ്ട, ബസ് വരുന്നുണ്ടെന്ന് പറഞ്ഞ് അവൾ മറഞ്ഞു. കോഴഞ്ചേരി പൊയ്യാനി ജങ്ഷനിലെ ശ്രീലക്ഷ്മി ജൂവലറിയിൽ കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. മാല കൈയ്യിൽ കിട്ടിയ കടയുടമ അനിൽ കുമാറും സത്യസന്ധതയുടെ പ്രതിരൂപമായി മാറുകയായിരുന്നു. കടയടച്ചശേഷം അദ്ദേഹം ആറന്മുള സ്റ്റേഷനിലെത്തി മാല പോലീസിനെ ഏൽപ്പിച്ചു. ഒരുലക്ഷത്തോളം അടുത്ത് വിലവരുന്ന താലിമാലയായിരുന്നു അത്.

To advertise here,

ഈ സമയം ഏറ്റവും പ്രിയപ്പെട്ട താലിമാല നഷ്ടപ്പെട്ട വേദനയിലായിരുന്നു ചെറുകോൽ കിഴക്കേപ്പുരയിൽ അഞ്ജലി മനീഷ്. കൊട്ടാരക്കരയിൽ ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് തിരികെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മാല നഷ്ടപ്പെട്ടത്. വീട്ടിൽ വന്നശേഷമാണ് മാല പോയതറിഞ്ഞത്. കോഴഞ്ചേരി ബസ് സ്റ്റാൻഡിൽ എത്തി അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. കരഞ്ഞുകലങ്ങിയ കണ്ണുമായി പിറ്റേന്ന് രാവിലെ ആറന്മുള പോലീസിൽ പരാതി നൽകാനായി എത്തിയ അഞ്ജലി കാത്തിരുന്നത് ആനന്ദവാർത്തയായിരുന്നു. ഇനി തിരിച്ചുകിട്ടില്ലെന്ന് കരുതിയ മാല അഞ്ജലിയുടെ കൈയിലേക്ക് പോലീസ് നീട്ടി.

എന്നാൽ കാര്യങ്ങൾ ഇവിടെ തീർന്നില്ല. തന്റെ മാല തിരികെ കിട്ടാൻ കാരണക്കാരിയായ പെൺകുട്ടിയെ അഞ്ജലി അന്വേഷിച്ചുതുടങ്ങി, പോലീസും. സംഭവദിവസം വൈദ്യുതിയില്ലാതിരുന്നതിനാൽ ജൂവലറിയിലെ സിസിടിവി പ്രവർത്തിച്ചിരുന്നില്ല. ഇനിയെന്ത് ചെയ്യുമെന്ന് കരുതിയെങ്കിലും പോലീസിന്റെ വിശദമായ അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെപ്പറ്റി അറിഞ്ഞു. റാന്നി മക്കപ്പുഴ പടിത്തറയ്ക്കൽ വീട്ടിൽ പി.അദ്വൈത (19) എന്ന കോളേജ് വിദ്യാർഥിനി. കോഴഞ്ചേരി മുത്തൂറ്റ് കോളേജിൽ ഒന്നാം വർഷ ലാബ് ടെക്നീഷ്യൻ കോഴ്സിന് പഠിയ്ക്കുന്നു .തങ്കമനസിനുടമയായ അദ്വൈതയുടെ വീട്ടിൽ ചൊവ്വാഴ്ച രാത്രി അഞ്ജലിയും ജുവലറി ഉടമയും എത്തി. പൊന്നിൽതീർത്ത സമ്മാനംനൽകി. ഒരു ഗ്രാം വരുന്ന രണ്ട് മോതിരം.

അദ്വൈതയിലേക്ക് എത്തിയത് ഇങ്ങനെ

മാല കൊണ്ടുവന്ന പെൺകുട്ടി കോളേജ് യൂണിഫോമിലാണെന്ന് ജുവലറി ഉടമ പോലീസിനോട് പറഞ്ഞിരുന്നു. ശനിയാഴ്ച പ്രവർത്തിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആറന്മുള പോലീസ് നടത്തിയ അന്വേഷണം നിർണായകമായി. കൂടാതെ, അദ്വൈത മാല കൊടുക്കുമ്പോൾ സീനിയർ വിദ്യാർഥി ജൂവലറിയിലുണ്ടായിരുന്നു. മാല അന്വേഷിച്ച് ആരെങ്കിലും വന്നോ എന്ന് അദ്വൈത ചൊവ്വാഴ്ച ഈ കുട്ടിയോട് ചോദിച്ചു. ‘മാതൃഭൂമി ന്യൂസിൽ’ തിങ്കളാഴ്ച വന്ന വാർത്ത ശ്രദ്ധിച്ച പെൺകുട്ടി അധ്യാപകരോട് ഇതുപറയുകയും അവർ പോലീസിൽ അറിയിക്കുകയുമായിരുന്നു. അങ്ങനെ മാലയുടെ ഉടമ അദ്വൈതയുടെ അടുക്കലെത്തി. സന്തോഷം മനസ് നിറഞ്ഞ് തുളുമ്പിയതോടെ അഞ്ജലി അദ്വൈതയെ കെട്ടിപ്പിടിച്ച് സ്നേഹസമ്മാനമായ മോതിരം കൈയ്യിൽ ഇട്ടുകൊടുത്തു.