കോഴിക്കോട്ടെ രുചിപ്പെരുമയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരാൾ കോഴിക്കോട് വന്നുപോയാൽ അവരോട് മടങ്ങിച്ചെല്ലുമ്പോൾ ആദ്യം ചോദിക്കുന്നത് ഹൽവയൊന്നും കൊണ്ടുവന്നില്ലേ എന്നായിരിക്കും തീർച്ച. നാടിന്റെ പേര് മാർക്കറ്റ് ചെയ്യാനറിയാവുന്നവരുമാണ് കോഴിക്കോട്ടുകാർ. എന്നിട്ടും കോഴിക്കോടൻ ഹൽവയ്ക്ക് ഒരു ബ്രാൻഡ് ഇല്ലല്ലോ എന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരം ഒരു ചിന്തയിൽ നിന്നാണ് ഫുൽവ പിറക്കുന്നത്.
സാനു, ഷഹബാസ്, ഇർഫാൻ, തഷരീഫ് എന്നീ നാല് വിദ്യാർഥികൾ ചേർന്നാണ് 2023 നവംബറിൽ കാലിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിക്കുന്നത്. ഇവരിൽ ഒരാൾ കാശ്മീരിൽപോയപ്പേൾ അവിടെ ചില ഹോട്ടലുകൾ പ്രാദേശികമായി ലഭിക്കുന്ന പഴങ്ങളും മറ്റും വളരെ വൃത്തിയോടെ മനോഹരമായ ‘ഗിഫ്റ്റ് ഹാമ്പറു’കളിൽ (സമ്മാനക്കൂടകൾ) നൽകുന്നത് ശ്രദ്ധിച്ചു. അങ്ങനെയാണ് പ്രിയപ്പെട്ടവർക്കായി വാങ്ങി സമ്മാനിക്കാവുന്നവിധം 24 തരം കോഴിക്കോടൻ ഹൽവയുടെ ഒരു പ്രീമിയം സ്വീറ്റ് ബോക്സ് തയ്യാറാക്കുന്നതിനെക്കുറിച്ച് ഇവർ ആലോചിച്ചത്. ഫുൽവയുടെ ആദ്യത്തെ ഉത്പന്നമായിരുന്നു അത്. ഇപ്പോൾ വിവിധ തരം ഹൽവ പെട്ടികൾ ഫുൽവയ്ക്കുണ്ട്. 24,12,1, എന്നിങ്ങനെ കോഴിക്കോടൻ ഹൽവയുടെ രുചി വൈവിധ്യം ഫുൽവയുടെ ബ്രാൻഡ് പേരിൽ ഇപ്പോൾ ലഭ്യമാണ്.
ജില്ലകളിലെ ചെറുകിട ഹലുവ നിർമ്മാതാക്കളെ കണ്ടെത്തുകയായിരുന്നു ആദ്യപടി. അവർക്ക് ഗുണമേന്മയുള്ള എണ്ണയും മറ്റു സാധനങ്ങളും എത്തിച്ചു കൊടുത്തും അവരുടെ ഹൽവ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിച്ചും ഫുൽവ ചെറുകിട ഹലുവ നിർമ്മാതാക്കൾക്ക് കൈത്താങ്ങായി.
ഈദ് ആശംസകളുമായിട്ടെത്തുമ്പോൾ ഫുൽവക്ക് പുതിയൊരു വിശേഷം കൂടി പറയാനുണ്ട്. ടെൻഡർ കോക്കനട്ടിൻ്റെയും മാങ്ങയുടെയും രുചിനിറച്ച ഫുൽവയുടെ ഹൽവപ്പെട്ടികൾ ഇനി ലഭ്യമാണ്.“കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കുന്ന ചെറുകിട കുടിൽ വ്യവസായ യൂണിറ്റുകളെ ഏറ്റെടുത്ത് ബ്രാൻഡ് ചെയ്തുകൊണ്ട് അവർക്ക് കൈത്താങ്ങായി പ്രവർത്തിക്കാനുള്ള മുന്നൊരുക്കത്തിലാണ് ഫുൽവ” എന്ന് ഫുൽവയുടെ സ്ഥാപകരിൽ ഒരാളായ സാനു മുഹമ്മദ് പറയുന്നു. അതിനായി ഒ.എൻ.ഡി.സി. പോലുള്ള സൗകര്യങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്താനാണ് ഇവരുടെ ശ്രമം.
എമ്പവർ ബൈ ഫുൽവ
റംസാൻ കാലത്ത് ഉണ്ടാക്കുന്ന പലതരം പലഹാരങ്ങൾക്കും നോമ്പുതുറ വിഭവങ്ങൾക്കും കോഴിക്കോടൻ രുചിയുടെ പാരമ്പര്യത്തിൽ ഇടമുണ്ട്. വീട്ടമ്മമാരുണ്ടാക്കുന്ന ഇത്തരം വിഭവങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നടത്തിയ ഒരു ക്യാമ്പയിനാണ് ‘എമ്പവർ ബൈ ഫുൽവ’. ഇത്തരം വിഭവങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളായി വിപണിയിലെത്തിക്കുന്നതുവഴി വീട്ടമ്മമാർക്ക് ഒരു വരുമാനമാർഗ്ഗം നൽകുക എന്നതാണ് കൂടിയാണ് ഫുൽവ ലക്ഷ്യം വയ്ക്കുന്നത്. ഇതിൻ്റെ ആദ്യഘട്ടമായി റംസാൻ കാലത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇവർ
ഇഫ്ത്താർ ബോക്സുകൾ നൽകുന്ന നൂറോളം കൗണ്ടറുകൾ തുറന്നിരുന്നു. 120 വീട്ടമ്മമാരാണ് ക്യാമ്പയിന്റെ ഭാഗമായത്.
എണ്ണക്കടികൾ, കട്ട് ഫ്രൂട്ട്സ്, കാരക്ക, ജ്യൂസ്, ചിക്കൻ മന്തി എന്നിവയാണ് ഫുൽവയുടെ ഇഫ്താർ ബോക്സിലുള്ളത്. കോഴിക്കോട് ചാലിയത്താണ് ഇവരുടെ പ്രധാന സ്റ്റാൾ പ്രവർത്തിച്ചിരുന്നത്. വിവിധയിടങ്ങളിലായി തയ്യാറാക്കുന്ന പലഹാരങ്ങൾ ചാലിയത്തേക്കെത്തിക്കുന്നതിനും അവിടെ നിന്ന് മറ്റു കൗണ്ടറുകളിലേക്കെത്തിക്കുന്നതിനുമായി 40 ഓട്ടോ ഡ്രൈവർമാരും ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തിച്ചു. നാലു വിദ്യാർഥികൾ തുടങ്ങിയ ഫുൽവ എന്ന സംരംഭത്തിൻ്റെ ഈ ക്യാമ്പയിനിൽ 150 ഓളം വിദ്യാർഥികളും സജ്ജീവമായി പങ്കെടുത്തു.
Content Highlights: 'Halwa' of 'Fulva' A Start Up Story from Malabar
Published: 10 Apr 2024, 10:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented