വടകര: പിന്നിട്ട വഴികളിലെ കയ്പ്പുനീരത്രയും സ്വന്തമായി ഒരു വീട് യാഥാർഥ്യമായതിന്റെ സന്തോഷത്തിൽ അവർ മറന്നു. കണ്ണുനീർതുടച്ചുകൊണ്ട് പുഷ്പയും വത്സലയും ലിജിനയുമെല്ലാം ഒന്നിച്ചൊരു കെയ്ക്കിന്റെ മധുരം നുകർന്ന് പുതിയവീടിന്റെ ആഹ്ലാദം പങ്കുവെച്ചു. കെയ്ക്ക് മുറിച്ചും മധുരം കൈമാറിയും മാതൃഭൂമി ഡയറക്ടർമാരായ എം.എസ്. മയൂരയും എം.എസ്. ദേവികയും ഇവരുടെ സന്തോഷത്തിനൊപ്പം ചേർന്നു.

To advertise here,

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വംനൽകുന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മാതൃഭൂമിയുമായി ചേർന്ന് നടപ്പാക്കുന്ന 'എന്റെ വീട്' പദ്ധതിയിൽ നിർമിച്ച ആറ് വീടുകളുടെ താക്കോൽ കൈമാറ്റച്ചടങ്ങായിരുന്നു വേദി. എന്റെ വീട് പദ്ധതിയിൽ ജില്ലയിൽ ഇതോടെ 391 വീടുകൾ പൂർത്തിയായി. ഓർക്കാട്ടേരി തളിർ ഫാർമേഴ്സ് ക്ലബ് ഹാളിൽ ചേർന്ന താക്കോൽ കൈമാറ്റച്ചടങ്ങ് ഏറെ ഹൃദ്യമായിരുന്നു.

താക്കോൽ ഏറ്റുവാങ്ങിയശേഷം സംസാരിക്കവെ തൂണേരി ഒതയോത്ത് താഴകുനി ഒ.കെ. പുഷ്പ പലതവണ വിതുമ്പി. 'വാടകവീട്ടിലായിരുന്നു താമസം. സ്വന്തമായി ഒരു വീടെന്നത് വലിയ സ്വപ്നമാണ്. എന്റെ വീട് പദ്ധതിയെക്കുറിച്ച് പറഞ്ഞത് വില്ലേജ് ഓഫീസിലെ നന്ദകുമാർ സാറാണ്. ഇപ്പോൾ എനിക്കും വീടായി. എല്ലാവരോടും നന്ദിയുണ്ട്...' ഭർത്താവ് മരിച്ച പുഷ്പയ്ക്ക് ഒരു മകളും മകനുമുണ്ട്. രണ്ടുപേരെയുംകൊണ്ട് അടച്ചുറപ്പുള്ള വീട്ടിൽ താമസിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് പുഷ്പ. മറ്റുള്ളവരും സമാനമായ സാഹചര്യത്തിലൂടെ കടന്നുവന്നവരാണ്.

തൂണേരിയിലെ തുണ്ടിയിൽ താഴകുനിയിൽ കെ.ടി. ലിജിന, കായക്കൊടിയിലെ എളവന വി.പി. ബിജിന, ഒഞ്ചിയത്തെ കിഴക്കയിൽ ശാന്ത, കായക്കൊടിയിലെ കാപ്പുമ്മൽ വത്സല, മരുതോങ്കരയിലെ വില്യാമ്പാറ പ്രജിഷ ഷിജു എന്നിവരുടെ കുടുംബങ്ങൾക്കാണ് മാതൃഭൂമി ഡയറക്ടർ ഡിജിറ്റൽ ബിസിനസ് എം.എസ്. മയൂര, ഡയറക്ടർ ഓപ്പറേഷൻസ് എം.എസ്. ദേവിക എന്നിവർ താക്കോൽ കൈമാറിയത്.

എന്റെ വീട് പദ്ധതിയിലെ വീടുകൾ പൂർത്തിയാക്കാൻ എല്ലാവരും ഒരുമിച്ചുനിന്നിട്ടുണ്ടെന്നും അവർക്കെല്ലാം നന്ദിപറയുന്നുവെന്നും മയൂര പറഞ്ഞു.

പുതിയ വീടിലൂടെ എല്ലാവരുടെയും ജീവിതത്തിൽ പുതിയ തുടക്കമുണ്ടാകട്ടെയെന്ന് ദേവിക ആശംസിച്ചു. മാതൃഭൂമി കുടുംബം വലുതായിവരുന്നതിൽ സന്തോഷമുണ്ടെന്നും ദേവിക വ്യക്തമാക്കി. താക്കോൽ ഏറ്റുവാങ്ങിയശേഷം എല്ലാവരുംചേർന്ന് കെയ്ക്ക് മുറിച്ചു. ആറ് കുടുംബങ്ങൾക്ക് ഏറാമല സഹകരണബാങ്ക് നൽകുന്ന മാതൃഭൂമി പത്രം മയൂരയും ദേവികയും ബാങ്ക് ഡയറക്ടർ എൻ. ഉദയകുമാറും ചേർന്ന് കൈമാറി.

ചടങ്ങിൽ മാതൃഭൂമി ഏജന്റുമാരായ പ്രേമൻ മമ്പള്ളി, കൊളങ്ങാട്ട് താഴ ഹർഷൻ ബാബു, ഒഞ്ചിയം പാലം കുഞ്ഞികൃഷ്ണൻ, മണ്ടോടി സോമസുന്ദരൻ, ക്രാഷ്മുക്ക് ഷിജിത്ത് എന്നിവർ പങ്കെടുത്തു. മാതൃഭൂമി വടകര സ്റ്റാഫ് കറസ്‌പോണ്ടന്റ് പി. ലിജീഷ് സ്വാഗതവും സോഷ്യൽ ഇനിഷ്യേറ്റീവ് എക്‌സിക്യുട്ടീവ് വി.ആർ. അഖിൽ നന്ദിയും പറഞ്ഞു.