കോഴിക്കോട്: ആ നാല്പതുകുടുംബങ്ങൾക്ക് വീട് ഇനി വെറും കിനാവല്ല. അവർ ഒന്നിച്ചു കാൽവെച്ചു, ‘എന്റെ വീടെ’ന്ന സ്വപ്നത്തിലേക്ക്. അപ്പോൾ ഓരോ മുഖത്തും സന്തോഷം, കണ്ണുകളിൽ ആത്മവിശ്വാസം. സേവനരംഗത്തെ മുൻനിര പ്രസ്ഥാനമായ, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നൽകുന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മലയാളത്തിന്റെ അക്ഷരസുകൃതമായ മാതൃഭൂമിയും ചേർന്ന് ‘എന്റെ വീട്’ പദ്ധതിപ്രകാരം നിർമിച്ച 40 വീടുകളുടെ താക്കോൽദാനമാണ് തിങ്കളാഴ്ച നടന്നത്. കെ.പി. കേശവമേനോൻ ഹാളിൽനടന്ന ചടങ്ങിൽ താക്കോൽ കൈമാറ്റത്തിന്റെ ഉദ്ഘാടനം മേയർ ഒ. സദാശിവൻ നിർവഹിച്ചു.

To advertise here,

കിടപ്പാടമില്ലാത്തവരുടെ ദുഃഖം അവർക്കുമാത്രമേ അറിയൂവെന്നും അപ്പോൾ അങ്ങനെയുള്ളവർക്ക് ഈ പദ്ധതിയിലൂടെ ഒരു വീടൊരുക്കാൻ കഴിഞ്ഞു എന്നത് ചെറിയകാര്യമല്ലെന്നും മേയർ പറഞ്ഞു. വീടില്ലാത്തവർക്കായി സർക്കാരിന്റെ പലപദ്ധതികളുണ്ട്. എന്നാൽ, ചില സന്ദർഭങ്ങളിൽ ആ പദ്ധതികളുടെ ആനുകൂല്യം യഥാർഥ ഗുണഭോക്താക്കൾക്ക് കിട്ടുന്നതിന് പല നിയമതടസ്സങ്ങളും ഉണ്ടാകുന്നുണ്ട്. അഞ്ചോ ആറോ ആളുകളുള്ള കുടുംബത്തിന് മൂന്നുസെന്റ് സ്ഥലത്ത് വീട് ലഭിച്ചുകഴിഞ്ഞാൽ ഇവർക്കുപിന്നെ വീടുകൊടുക്കാൻ കഴിയില്ല. കാരണം, നിയമപ്രകാരം അവർക്ക് വീടുണ്ട്. എന്നാൽ, മക്കളൊക്കെ കുടുംബമായി മാറിത്താമസിക്കേണ്ട അവസ്ഥയിലായിരിക്കും. അപ്പോൾ വാടകവീട് ആശ്രയിക്കേണ്ടിവരും. അത്തരം ആളുകൾക്ക്, സർക്കാർസംവിധാനത്തിനപ്പുറം യഥാർഥപ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരംകാണാൻ ഇത്തരം പദ്ധതികളിലൂടെ സാധിക്കുമെന്നും മേയർ പറഞ്ഞു.

മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വീടില്ലാത്തവരുടെ സ്വപ്നം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃഭൂമിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ഇങ്ങനെ ഒരു ദൗത്യം ഏറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ‘‘ഞങ്ങളൊരുമിച്ച് അടച്ചുറപ്പിന്റെയും ആത്മവിശ്വാസത്തിന്റെയും താക്കോലാണ് തികച്ചും അർഹരായവരെ ഏൽപ്പിച്ചത്. ഒന്നാംഘട്ടത്തിൽ ഒട്ടേറെ വീടുകളുടെ താക്കോൽ നൽകാൻപോയപ്പോൾ വീടുലഭിച്ചവരുടെ സന്തോഷം ഞങ്ങൾക്ക് തൊട്ടറിയാനായി. അതിനെത്തുടർന്നാണ് രണ്ടാംഘട്ട പദ്ധതി ആലോചിച്ചത്‌’’ -അദ്ദേഹം കൂട്ടിച്ചേർത്തു.

മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ അധ്യക്ഷനായി. എല്ലായിടത്തും ആളുകൾ എന്റെ വീട് പദ്ധതിയെ ജനങ്ങളുടെ പദ്ധതിയായി ഏറ്റെടുത്തതാണ് ഏറ്റവുംവലിയ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. ‘‘പലയിടത്തും സ്ഥലമില്ലാത്തവർക്ക് അത് നൽകിയവരുണ്ട്. ചിലയിടങ്ങളിൽ നാലുലക്ഷം രൂപയ്ക്ക് വീട്‌ പൂർത്തിയാക്കാനാവാതെ വന്നിട്ടുണ്ട്. അപ്പോൾ നാട്ടുകാർ ചേർന്ന് ജനകീയകമ്മിറ്റി രൂപവത്കരിച്ച് പണം സ്വരൂപിച്ച് പദ്ധതിയോടുചേരുന്ന കാഴ്ച കാണാനായി. അവരുടെകൂടി സഹകരണത്തോടെയാണ് അവിടങ്ങളിൽ പദ്ധതി യാഥാർഥ്യമായത്‌’’ -ശ്രേയാംസ്‌കുമാർ ചൂണ്ടിക്കാട്ടി.

ലൈഫ് മിഷൻ ജില്ലാ മിഷൻ കോഡിനേറ്റർ എൽ.എൻ. ഷിജു, കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ സി.ജെ. മനോജ്, കോഴിക്കോടൻ അഗ്രോ ഫുഡ്‌സ് ആൻഡ് എക്സ്‌പോർട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഹാരിസ് മണലൊടി, അരിക്കുളം പഞ്ചായത്തംഗം ജസീന നജീദ്, മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.ജി. ഗിരീഷ് കുമാർ, അസിസ്റ്റന്റ് ജനറൽ മാനേജർ സി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.

പദ്ധതിയിൽ 1000 വീടുകൾ 2025-ൽ പൂർത്തിയാക്കി. അടുത്ത 1000 വീടുകളുടെ പദ്ധതിയിൽ 400 വീടുകൾ പൂർത്തിയാക്കി ഇതിനകം കൈമാറിക്കഴിഞ്ഞു.