
കോലഞ്ചേരി (എറണാകുളം): വീടെന്ന സ്വപ്‌നം യാഥാർഥ്യമായതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകുന്നില്ലെന്ന് ജിതിൻ സന്തോഷത്തിന്റെ വിതുമ്പലോടെ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.... മാതൃഭൂമിയും-കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് നടപ്പിലാക്കുന്ന എന്റെ വീട് പദ്ധതിയിൽ ഐക്കരനാട് പഞ്ചായത്തിലെ കറുത്തേടത്തെപ്പീടികയിൽ അഞ്ച് കുടുംബങ്ങൾക്ക് സ്വപ്‌ന ഭവനമൊരുക്കി താക്കോൽ ദാനം നടത്തിയ സദസ്സിന്റെയാകെ മനസ്സലിയിച്ച രംഗമായിരുന്നു അത്. എന്റെ വീട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ വീട് ലഭിച്ച വേട്ടൂച്ചിറ പ്രീമയുടെ ഭർത്താവാണ് ജിതിൻ.
വർഷങ്ങളോളം വാടകയ്ക്കു താമസിച്ച്, സ്വന്തമായൊരു തുണ്ടുഭൂമിയും അതിലൊരു ചെറിയ വീടെന്ന സ്വപ്‌നവും ഒരിക്കലും നടക്കില്ലെന്ന സങ്കടത്തിൽ കഴിഞ്ഞവർക്കു നേരേ കരുതലിന്റെയും കാരുണ്യത്തിന്റെയും കരങ്ങൾ നീളുകയായിരുന്നു. പ്രവാസിയായ ആലുംപറമ്പിൽ സാജു ഉലഹന്നാൻ സ്വന്തം പേരിലുള്ള സ്ഥലം സൗജന്യമായി ഇവർക്ക് വീടു വയ്ക്കുവാൻ നൽകുകയായിരുന്നു. വീട് വയ്ക്കാൻ വേണ്ട സഹായം മാതൃഭൂമിയും-കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ഉറപ്പാക്കിയതോടെ കാര്യങ്ങൾ വേഗത്തിലായി. നിർമാണച്ചുമതല ഫാ. പൗലോസ് ഞാറ്റുംകാല ഏറ്റെടുത്തതോടെ ഒരു വർഷം കൊണ്ട് വീടുകൾ പൂർത്തിയായി.
പറഞ്ഞാൽ തീരാത്ത കടപ്പാടും നന്ദിയുമുണ്ടെന്നാണ് താക്കോൽ ഏറ്റുവാങ്ങിയ പുത്തൻപുരയിൽ ഗീത പറഞ്ഞത്. സ്വപ്‌നം കാണാൻ കഴിയാതിരുന്ന കാലത്തു കിട്ടിയ സന്തോഷമാണ് എന്റെ വീടെന്ന് അപകടങ്ങളുടെ വേദന മറച്ചുകൊണ്ട് മഴുവന്നൂർ കല്ലിങ്കൽ മഞ്ജുവിന്റെ ഭർത്താവ് കൃഷ്ണകുമാർ പറഞ്ഞു.
എന്റെ മക്കൾക്ക് വീടുവെച്ചു നൽകുവാൻ ഈ ജന്മത്തു കഴിയുമെന്ന് കരുതിയില്ലെന്നും അവസരം തന്ന ദൈവത്തിന് നന്ദി പറയുന്നുവെന്നും മേലാങ്കുന്നത്ത് അമ്മിണി പറഞ്ഞു. സ്വപ്‌നത്തിൽ പോലും വിചാരിക്കാതെ സ്ഥലവും വീടും കിട്ടിയത് ദൈവനിയോഗത്താലാണെന്നായിരുന്നു അഞ്ചാമത്തെ വീട് ലഭിച്ച കിങ്ങിണിമറ്റം മരങ്ങാട്ടിൽ ഷിജ ജോണി പറഞ്ഞത്.
മാതൃഭൂമി വൈസ് പ്രസിഡന്റ് പബ്ലിക് റിലേഷൻസ് പി.വി. മിനി, മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജർ ഐശ്വര്യ ദാസ്, മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ടാനിയ ചെറിയാൻ എന്നിവർ ചേർന്ന് സ്വപ്‌ന ഭവനങ്ങളുടെ താക്കോലുകൾ കൈമാറി.
ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രദീപ്, വൈസ് പ്രസിഡന്റ് ഡീന ദീപക്, മാതൃഭൂമി സീനിയർ സർക്കുലേഷൻ മാനേജർ എസ്. മനോജ് കുമാർ, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഫിനാൻസ് മാനേജർ സ്‌നേഹ സേറാ ജോർജ്, സാജു ഉലഹന്നാൻ, ഭാര്യ സിസി സാജു, ഫാ. പൗലോസ് ഞാറ്റുംകാല, മാതൃഭൂമി ഏജന്റുമാരായ ടി.വി. തോമസ്, എ.സി. മണി, അബിൻ ജോർജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Content Highlights: Completion of the second phase of the Ente Veedu project in 2026., Five families in Aikkaranad Panchayat received new homes., Land donated by expatriate Saju Ulahannan for the construction., Collaborative effort between Mathrubhumi and Kochouseph Chittilappilly Foundation., Construction managed by Fr. Paulose Njattumkalam within a one-year timeline.
Published: 11 Apr 2026, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented