
കൊച്ചി: സി.എം. വന്നു കൈപിടിക്കുമ്പോൾ സി.കെ.യുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽ കുറേ ഓർമ്മകളുടെയും വിശേഷങ്ങളുടെയും നിറവുണ്ടായിരുന്നു. ‘കഴിഞ്ഞ തവണയും ഞാൻ ഡോക്ടറുടെ പിറന്നാളിന് വന്നിരുന്നു. അന്ന് സാനു മാഷ് കൂടെയുണ്ടായിരുന്നു. ഇത്തവണ മാഷ് ഇല്ലാതെ പോയല്ലേ...’ മുഖ്യമന്ത്രി പിണറായി വിജയൻ പിറന്നാൾ ആശംസകളുമായെത്തുമ്പോൾ ഡോ. സി.കെ. രാമചന്ദ്രന്റെ ഓർമ്മകളിലും വിശേഷങ്ങളിലും പ്രൊഫ. എം.കെ. സാനു ഉൾപ്പെടെ കുറച്ചു പേരുണ്ടായിരുന്നു. അവരിൽ പലരും മുഖ്യമന്ത്രിയുടെയും ഓർമ്മകളിലെ നിറവായപ്പോൾ ഇരുവരുടെയും സംഗമം അവിസ്മരണീയമായ കുറെ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
99-ാം പിറന്നാളിലെത്തിയ കേരളത്തിന്റെ ജനകീയ ഡോക്ടർ സി.കെ. രാമചന്ദ്രന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വീട്ടിലെത്തുമ്പോൾ നിറഞ്ഞ സന്തോഷത്തിലായിരുന്നു ഡോക്ടർ. ആരോഗ്യ കാര്യങ്ങൾ തിരക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഡോക്ടറുടെ ‘ഡബിൾ റോളി’നെപ്പറ്റി വീണ്ടും ഓർമ്മിച്ചത്. അതു കേട്ടതോടെ ചിരിച്ചുകൊണ്ടാണ് ആയുർവേദവും അലോപ്പതിയും പഠിച്ച കഥ ഡോക്ടർ പറഞ്ഞത്.
‘അച്ഛന്റെ വഴിയേയാണ് ഞാൻ ആയുർവേദം പഠിക്കാനെത്തിയത്. അച്ഛൻ പറഞ്ഞ മുറയനുസരിച്ച് മൂത്തമകനാണ് വൈദ്യ പാരമ്പര്യം തുടരേണ്ടിയിരുന്നത്. എന്നാൽ എന്റെ ചേട്ടൻ ഡോ. ഗോപാലകൃഷ്ണന് അലോപ്പതിയിലാണ് താത്പര്യമെന്ന് പറഞ്ഞതോടെ ഞാൻ ആയുർവേദം പഠിക്കാൻ തീരുമാനിച്ചു. ആയുർവേദം പഠിച്ചുകഴിഞ്ഞ് അത് മതിയാകില്ല എന്നു തോന്നിയപ്പോഴാണ് അലോപ്പതി പഠിക്കാൻ മദ്രാസിലെ സ്റ്റാൻലി മെഡിക്കൽ കോളേജിൽ ചേർന്നത്.’ ഡോക്ടർ പഴയ കഥകൾ പറഞ്ഞിരിക്കുമ്പോൾ മുഖ്യമന്ത്രി കൗതുകത്തോടെ കേട്ടുനിന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിനെമുതൽ പഠിപ്പിച്ചിട്ടുള്ള ഡോക്ടറോട് പഴയ ശിഷ്യൻമാരുടെ വിശേഷങ്ങളും മുഖ്യമന്ത്രി ചോദിച്ചു. അൽപനേരം മുഖ്യമന്ത്രി വീട്ടിൽ ചെലവഴിക്കുമ്പോൾ ഡോക്ടറുടെ മകൾ സുലേഖയും മരുമകൻ ഡോ. ബാബു ഉത്തമനും അരികിലുണ്ടായിരുന്നു.
പിറന്നാൾ ആശംസകളോടെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചപ്പോൾ കൂപ്പുകൈകളോടെ ഡോക്ടർ പറഞ്ഞു: ‘വലിയ സന്തോഷം.’ മടങ്ങാൻ നേരം മുഖ്യമന്ത്രി വീണ്ടും ആ കൈകളിൽ പിടിച്ച് പറഞ്ഞു: ‘ഇനിയും കാണാം...’ മുഖ്യമന്ത്രിയൂടെ കൈകളിൽ മുറുകെപ്പിടിച്ച് ഡോക്ടറുടെ മറുപടി അതിലും ദൃഢമായിരുന്നു: “കാണണം...’.
Content Highlights: Kerala CM Celebrates Dr. C.K. Ramachandran's 99th Birthday: A Warm Exchange of Memories
Published: 31 Aug 2025, 07:32 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented