
ചേളന്നൂർ: പട്ടർപാലം റോഡിൽ ശ്രീനാരായണ മന്ദിരത്തിനു സമീപം റോഡരികിലെ ഷെഡ്ഡിനുള്ളിലെ ചെറിയ തുണിക്കട. ഈ കടയ്ക്ക് ടെക്‌സ്റ്റൈൽ ഷോപ്പിനെപ്പോലെ പേരോ വലിയ സൗകര്യമോയില്ല. എന്നാൽ, ഈ കടയിൽ 88-ന്റെ പ്രായം മായ്ക്കാത്ത ഊർജസ്വലതയോടെ ഒരാളെ കാണാം, നാട്ടുകാർക്ക്് ഏവർക്കും സുപരിചിതനായ ടെയ്‌ലർ മാധവേട്ടൻ.
വർഷങ്ങളായി തുന്നൽജോലിയോടും തുണികളോടും ആത്മബന്ധം പുലർത്തുന്ന മാധവേട്ടന്റെ ജീവിതം ഇന്നും തുണിക്കടയിലൂടെ വിശ്രമമില്ലാതെ മുന്നോട്ടുപോവുകയാണ്. എട്ടണയ്ക്ക് ഷർട്ട് തുന്നിത്തുടങ്ങിയ ജീവിതം. ഒരു തലമുറയിലുള്ള ആളുകളുടെ പ്രിയപ്പെട്ട തയ്യൽക്കാരനായിരുന്നു.
1953-ലാണ് മാധവൻ ചേളന്നൂർ എട്ടേരണ്ടിൽ വാടകമുറി പീടികയിൽ തുന്നൽക്കട തുടങ്ങുന്നത്. അക്കാലത്ത് മാധവേട്ടന്റെ തുന്നൽക്കടയുൾപ്പെടെ രണ്ടോ മൂന്നോ കടകൾ മാത്രമാണ് എട്ടേരണ്ടിലുണ്ടായിരുന്നത്. സ്ത്രീകളടക്കം പ്രായഭേദമന്യേ എല്ലാവർക്കുമുള്ള വസ്ത്രങ്ങളുടെ തയ്യൽജോലികൾ ചെയ്തു. 60 വർഷത്തോളം തയ്യൽപ്പണിയിലേർപ്പെട്ടു.
എട്ടണയാണ് ഒരു ഷർട്ട് തൈച്ചുനൽകിയാൽ ലഭിച്ചിരുന്നത്. അരക്കയ്യൻ വെള്ള ഷർട്ടുകളാണ് അക്കാലത്ത് ആളുകൾ കൂടുതലും ഉപയോഗിച്ചിരുന്നത്. വെള്ളമുണ്ടിന്റെ വശങ്ങൾ തുന്നിനൽകിയാൽ ഒരണയായിരുന്നു കൂലി. അമ്പലങ്ങളിലേക്കുള്ള കൊടികളുടെ നിർമാണം, കിടക്കയുണ്ടാക്കി തവണവ്യവസ്ഥയിൽ കച്ചവടം നടത്തുക എന്നിവ കടയിൽവെച്ച് നടത്തി. അക്കാലത്ത് കിടക്കനിർമാണത്തിന് തലശ്ശേരിയിൽ പോയി ഉന്നം വാങ്ങിയതിന്റെ ഓർമകളും അനുഭവങ്ങളും മാധവൻ പങ്കുവെക്കുന്നു. സഹോദരൻ വാസുവും സഹായത്തിനുണ്ടായിരുന്നു.
സൂചിയിൽ നൂൽ കോർക്കുന്നതിന് പ്രയാസമുണ്ടായതോടെയും ശാരീരികമായ മറ്റ് പ്രയാസങ്ങൾ വന്നതോടെയുമാണ് തയ്യൽ ജോലിയോട് വിടപറയുന്നത്. പിന്നീട് വാടകമുറിക്കടയിൽ എട്ടേരണ്ടിൽ തുണിക്കച്ചവടം തുടങ്ങി. കട കാലപ്പഴക്കംകൊണ്ട് പൊളിച്ചതോടെ 2014-ലാണ് വീടിനുസമീപത്തെ ഷെഡ്ഡിലേക്ക് മാറ്റുന്നത്. രാവിലെ ഒൻപത് മണിയാവുമ്പോഴേക്കും കട തുറക്കും. വൈകീട്ട് അഞ്ചുവരെയുണ്ടാകും. തോർത്ത്, ടവ്വൽ, അമ്പലങ്ങളിലേക്കുള്ള പട്ട് തുടങ്ങിയ ചില്ലറ സാധനങ്ങൾ മാത്രമാണ് കടയിലുള്ളതെങ്കിലും കച്ചവടത്തിൽ മാധവേട്ടൻ തൃപ്തനാണ്.
Content Highlights: chelannur story of 88 years old tailor, Madhavan, Madhavettan, Kozhikode
Published: 01 Mar 2020, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented