സ്വന്തം വീട് എല്ലാവരുടേയും സ്വപ്‌നമാണ്. ജീവതത്തിലെ വലിയൊരു ഭാഗം സമ്പത്തും അതിനായി മാറ്റിവെച്ചിട്ടാണ് പലരും ജീവിക്കുന്നത്. ജോലിയും സമ്പാദ്യവുമെല്ലാം ആ സ്വപ്‌നത്തിനായി മാറ്റിവെക്കും. വര്‍ഷങ്ങളുടെ അധ്വാനഫലമായാണ് ഓരോരുത്തരുടേയും വീടെന്ന ആഗ്രഹത്തെ സാക്ഷാത്ക്കരിക്കുന്നത്. 

To advertise here,

എന്നാല്‍ ചെറിയ പ്രായത്തില്‍ തന്നെ സമ്പാദിക്കുകയും സ്വപ്‌നങ്ങള്‍ നേടിയെടുക്കുന്നവരും നമുക്കിടയിലുണ്ട്. 15 വയസ് പ്രായമുള്ള മിനിസ്‌ക്രീന്‍ താരം റുഹാനിക ധവാനാണ്  നാലു കോടി വിലയുള്ള ആഡംബരഭവനം വാങ്ങിയിരിക്കുന്നത്. ബോളിവുഡ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ടയിടമായ മുംബൈയില്‍ തന്നെയാണ് ധുഹാനികയുടെ വീടും.

മിനിസ്ക്രീനില്‍ യേ ഹെ മൊഹ്ബത്തേന്‍ എന്ന സീരിയലിലൂടെയാണ് റുഹാനിക പ്രേക്ഷകരുടെ പ്രിയപ്പെട്ടതാകുന്നത്. ഇത് കൂടാതെ ബോളിവുഡ് സിനിമകളിലും റുഹാനിക ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. തന്റെ വീടിനെക്കുറിച്ചുള്ള വിവരങ്ങള്‍ താരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.

ചെറിയ സമയം കൊണ്ടാണ് റുഹാനിക ആരാധകശ്രദ്ധ പിടിച്ചുപറ്റിയത്. വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമായതില്‍ തന്റെ മാതാപിതാക്കള്‍ക്കും തനിക്ക് നല്‍കിയ അവസരങ്ങള്‍ക്ക് അവര്‍ നന്ദി അറിയിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. റുഹാനികയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അമ്മയുടെ പേരിലാണ് വീടിന്റെ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. 

ലോഖണ്ഡാല കോംപ്ലക്‌സിന് അടുത്തായുള്ള ഫ്‌ളാറ്റാണ് റുഹാനിക സ്വന്തമാക്കിയത്. വീട്ടിലെ വിശേഷങ്ങളും മാതാപിതാക്കളോട് സുഹൃത്തുക്കളോടൊപ്പമുള്ള ചിത്രങ്ങളും അവള്‍ പങ്കുവെക്കാറുണ്ട്. ചെറിയ പ്രായത്തില്‍ ഇത്രയും വലിയ കാര്യം സാക്ഷാത്ക്കരിച്ചെങ്കിലും താന്‍ ഇതെല്ലാം തുടക്കം മാത്രമായാണ് കാണുന്നതെന്നും ഇതിനേക്കാള്‍ വലിയ സ്വപ്‌നങ്ങള്‍ നേടേണ്ടതുണ്ടെന്നും അവള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2012-ലാണ് ടിവി സീരിയല്‍ രംഗത്തേയ്ക്ക് റുഹാനിക കടന്നുവരുന്നത്. എന്നാല്‍ യേ ഹെ മൊഹ്ബത്തേന്‍ എന്ന സീരിയല്‍ ജനശ്രദ്ധ നേടിയതാണ് റുഹാനികയുടെ കരിയറും വളര്‍ച്ചയിലേയ്ക്ക് നയിച്ചത്. അവളുടെ റൂഹിയെന്ന കഥാപാത്രം അത്രത്തോളം ആരാധകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു.