കട്ടപ്പന: ഇടുക്കിയിൽ 27000 ചതുരശ്രയടിയിൽ തീർത്ത വീടെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ യാഥാർഥ്യം തന്നെയോ എന്ന് സമൂഹ മാധ്യമങ്ങളിൽ സംശയം ഉയർന്നിരുന്നു. എന്നാൽ സംഗതി സത്യമാണ് വള്ളക്കടവ് വാലുമ്മേൽ ബിനോയി വർഗീസാണ് 27,000 ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള നിർമിച്ച വീടിന്റെ ഉടമ.  

To advertise here,

നാലു നിലകളിലായി നിർമിച്ചിരിക്കുന്ന വീട്ടിൽ ഏഴു കിടപ്പു മുറികളും തിയേറ്ററും സ്വിമ്മിങ്ങ് പൂൾ സംവിധാനങ്ങളുമുണ്ട്.  2017 ലാണ് വീടിന്റെ നിർമാണം ആരംഭിച്ചത്. വ്യത്യസ്തമായ ഒരു വീട് നിർമിക്കുകയെന്ന ലക്ഷ്യത്തോടെ 10,000 ചതുരശ്രയടിയുള്ള   വീടിന്റെ പ്ലാൻ തയ്യാറാക്കി നിർമാണം തുടങ്ങി വെയ്ക്കുകയും പിന്നീട് വിപുലീകരിക്കുകയുമായിരുന്നു. ഇറക്കുമതി ചെയ്ത വസ്തുക്കൾ ഉപയോഗിച്ചാണ് വീട് അലങ്കരിച്ചിരിക്കുന്നത്. 

വീടിന്റെ വലിപ്പത്തിനൊപ്പം തന്നെ വരും വീട്ടിലെ സുരക്ഷാ ക്രമീകരണങ്ങളും. നിരീക്ഷണത്തിനായി 75 ക്യാമകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിനൊപ്പം ലേസർ ബീം സെക്യൂരിറ്റി സിസ്റ്റവും ക്രമീകരിച്ചിട്ടുണ്ട്. ഇത് മറികടക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ഫോണിലേക്ക് ചിത്രം ഉൾപ്പെടെ സന്ദേശം എത്തും. 

ഗേറ്റിന് മുൻപിൽ എത്തുന്നവരുമായി ഫോൺ മുഖേന വീഡിയോ കോളിൽ സംസാരിക്കാനും സാധിക്കും. ഗേറ്റ്, ലിഫ്റ്റ്, വാതിൽ, കർട്ടൻ എന്നിവ അടക്കമുള്ളവയെല്ലാം റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനാകും.  ഷെമിലിയാണ് ബിനോയിയുടെ ഭാര്യ. മക്കൾ ആകാശ്, ആദർശ്, അൽക്ക.