അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിലാണ് വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്ല്യയുടെ മകന്‍ സിദ്ധാര്‍ഥ മല്ല്യയും കാമുകി ജാസ്മിനുമായുള്ള വിവാഹം ശനിയാഴ്ച നടന്നത്. വിജയ് മല്ല്യയുടെ യു.കെയിലെ ബംഗ്ലാവായിരുന്നു വിവാഹവേദി. ലണ്ടന് സമീപത്താണ് വിജയ് മല്ല്യയുടെ 14 മില്യണ്‍ ഡോളര്‍ ( ഏകദേശം നൂറ് കോടിയിലേറെ രൂപ) വിലവരുന്ന ആഡംബരബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 

To advertise here,

ഹേര്‍ത്‌ഫോഡ്ഷയറിലെ ടെവിന്‍ എന്ന ശാന്തസുന്ദരമായ ഗ്രാമത്തിലാണ് 'ലേഡി വാക്' എന്ന ഈ ബംഗ്ലാവ്. 2015ലാണ് വിജയ് മല്ല്യ ഈ ബംഗാവ് വാങ്ങിയത്, ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് കടക്കുന്നതിന് ഏതാനും മാസം മുമ്പായിരുന്നു ഇത്. 900 കോടിയിലേറെ രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ഇഡി-സിബിഐ അന്വേഷണം നേരിടുകയാണ് വിജയ് മല്ല്യ.

എഫ് 1 ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ടണിന്റെ പിതാവ് ആന്തണി ഹാമില്‍ടണില്‍ നിന്നാണ് മല്ല്യ വീട് വാങ്ങിയത്. 30 ഏക്കര്‍ ഭൂമിയിലാണ് ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. മൂന്ന് ബംഗ്ലാവുകളുള്ള എസ്റ്റേറ്റില്‍ ഔട്ട്ഹൗസുകള്‍, സ്വിമ്മിങ് പൂളുകള്‍, ഫൗണ്ടെയ്‌നുകള്‍, ടെന്നീസ് കോര്‍ട്ടുകള്‍ കൂടാതെ മല്ല്യ കുടുംബത്തിന്റെ ആഡംബരകാറുകള്‍ നിര്‍ത്താനുള്ള വലിയ ഗാരേജുമുണ്ട്. 

സിദ്ധാര്‍ഥിന്റേയും ജാസ്മിന്റേയും സുഹൃത്തായ അമേരിക്കന്‍ നടി  ഇംകെ ഹാര്‍ട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച  വിവാഹചിത്രങ്ങളില്‍ ബംഗ്ലാവിന്റെ ചിത്രവുമുണ്ട്. വിവാഹത്തിന് വിജയ് മല്ല്യയും നീരജ് മോദിയും പങ്കെടുത്തിരുന്നു.