ജീവിതത്തില്‍ ഏറ്റവും സമാധാനം കിട്ടുന്ന സ്ഥലം ഏതെന്ന ചോദ്യത്തിന് 'ടോയ്‌ലറ്റ്' എന്ന ഉത്തരം പലരും കേട്ടുകാണും. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതും ആഴത്തില്‍ ചിന്തിക്കുന്നതുമെല്ലാം ടോയ്‌ലറ്റിലെ നിശബ്ദമായ, സമാധാനം നിറഞ്ഞ അന്തരീക്ഷത്തിലാണെന്ന് പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

To advertise here,

അത്രയ്ക്കും ശാന്തമായ ആ സ്ഥലം ഏറ്റവും മനോഹരമായിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. വീടിന്റെ പ്ലാന്‍ വരക്കുമ്പോഴും നിലത്തും ചുമരിലും വെയ്ക്കാനുള്ള ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോഴും അധികപേരും ടോയ്‌ലറ്റിന് പ്രത്യേകം പരിഗണന നല്‍കും. 

എന്നാല്‍ ഇതില്‍നിന്നെല്ലാം അല്‍പം കൂടി ഉയര്‍ന്നു ചിന്തിച്ച് പണിത ഒരു ടോയ്‌ലറ്റിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. വലിയ അക്വേറിയമാണെന്ന് തോന്നിക്കുന്ന തരത്തിലുള്ളതാണ് ഈ ടോയ്‌ലറ്റ്. ജപ്പാനിലെ ഹിപോപോ പാപ്പ കഫേയിലാണ് ഇതുള്ളത്. 

നാല് ചുമരുകള്‍ക്ക് പകരം ചില്ലിന്റെ ഭിത്തിയാണുള്ളത്. അതിനപ്പുറത്ത് വെള്ളവും അകത്ത് മീനുകളും കാണുമ്പോള്‍ അക്വേറിയമാണെന്ന് വിചാരിച്ചാല്‍ തെറ്റ് പറയാനും പറ്റില്ല. ഇതിന്റെ മേല്‍ക്കൂരയും കാണാന്‍ മനോഹരമാണ്. ചില്ലു ഭിത്തിക്ക് മുകളില്‍ വെള്ളം വന്ന് പതിക്കുന്നത് പോലെയാണ് മേല്‍ക്കൂര. 

വ്യത്യസ്തമായ ആശയമാണെന്നും എല്ലാവര്‍ക്കും ഇത് മാതൃകയാക്കാമെന്നും വീഡിയോക്ക് താഴെ ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. നേരത്തെ പുറത്തുവന്ന ഈ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.