തിരൂര്‍: പ്രകൃതിസൗഹൃദ വീടുനിര്‍മാണവുമായി കേരളത്തിലെ എന്‍ജിനീയര്‍മാരുടെയും ആര്‍കിടെക്റ്റുമാരുടെയും കൂട്ടായ്മ. കോ -എര്‍ത്ത് ഫൗണ്ടേഷനാണ് പ്രകൃതിസൗഹൃദ കെട്ടിടനിര്‍മാണം പ്രോത്സാഹിപ്പിക്കാനായി തിരൂര്‍ നൂര്‍ ലേക്കില്‍ പരിശീലനക്യാമ്പ് നടത്തിയത്. 2019- ലാണ് സംഘടന പദ്ധതിക്കു തുടക്കമിട്ടത്. പ്രകൃതിസൗഹൃദ വീടുനിര്‍മാണത്തിന്റെ സാങ്കേതികവിദ്യ ജനകീയവത്കരിക്കുകയാണ് ലക്ഷ്യം.

To advertise here,

രണ്ടുദിവസത്തെ ക്യാമ്പില്‍ ആര്‍ക്കിടെക്റ്റുമാര്‍, എന്‍ജിനീയര്‍മാര്‍, കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരടക്കം 70 പേര്‍ പങ്കെടുക്കുന്നുണ്ട്. വാട്ടില്‍ ആന്‍ഡ് ഡോബ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. കമ്പിക്കു പകരം മുള ഉപയോഗിച്ചാണ് സ്ലാബ് നിര്‍മിക്കുന്നത്.

വലിയ ആനമുളയും കല്ലന്‍മുളയും വെച്ച് വീടിന്റെ ഘടനയുണ്ടാക്കി. ആനമുള വെട്ടിക്കീറി അലകുകളാക്കി മെടഞ്ഞ് ഭിത്തികളാക്കി ഇരുപുറവും മണ്ണുകൊണ്ട് പൊതിയും. മണ്ണിന്റെ മിശ്രിതം ബലപ്പെടുത്താന്‍ കുമ്മായപ്പൊടിയും മണ്ണിന് പശിമകൂട്ടാന്‍ കടുക്കയും ശര്‍ക്കരയുംചേര്‍ത്ത് പുളിപ്പിച്ച വെള്ളവുമാണ് ഉപയോഗിക്കുന്നത്. കെട്ടിടത്തില്‍ ചിതല്‍ശല്യമൊഴിവാക്കാന്‍ ആര്യവേപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത വെള്ളവും ചേര്‍ക്കുന്നുണ്ട്. കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ. മോഹനന്‍ ഓണ്‍ലൈനിലൂടെ ക്യാമ്പ് ഉദ്ഘാടനംചെയ്തു.

കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ബാംബൂ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെയും സാങ്കേതികസഹായവുമുണ്ട്. ആര്‍ക്കിടെക്റ്റ് അഖില്‍, അനീഷ് വയനാട് എന്നിവരാണ് പരിശീലകര്‍. അബ്ദുള്‍ റൗഫ്, മൊയ്‌നുദ്ദീന്‍ അഫ്‌സല്‍, യാസിര്‍, അഫ്‌നാന്‍, ഷീഹ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്ന 70 പേരില്‍ 32 പേര്‍ യുവതികളാണ്.