ദുബായ് നഗരത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്നത് ലോകത്തിലെ ഏറ്റവും ഉയരമുള്ള അംബരചുംബിയേയാണ്-ബുര്‍ജ് ഖലീഫ. നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഇത്രയും ഉയരമുള്ള കെട്ടിടം പടുത്തുയര്‍ത്തിയത്. മണല്‍പ്രദേശമായ ദുബായില്‍ അനേകം നിലകളുള്ള കെട്ടിടത്തിന്റെ സ്ഥിരതയെക്കുറിച്ചുള്ള ആശങ്ക പോലും നിര്‍മാണഘട്ടത്തില്‍ നിലനിന്നിരുന്നു. 

To advertise here,

എന്നാല്‍ എല്ലാ ആശങ്കകളും പ്രതിബന്ധങ്ങളും ദൂരീകരിച്ച് ബുര്‍ജ് ഖലീഫ ആധുനികലോകത്ത് അത്ഭുതമായുയര്‍ന്നു. ബുര്‍ജ് ഖലീഫയുടെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ കാണുമ്പോള്‍ ആ സൗധത്തെ നേരിട്ടുകാണാനുള്ള ആഗ്രഹം ഒരിക്കലെങ്കിലും തോന്നാത്തവര്‍ വിരളമായിരിക്കും. അത്ഭുതപ്പെടുത്തുന്ന ഈ അംബരചുംബി നിര്‍മിച്ചതാരാണെന്നറിയാമോ? 

2004 ലാണ് ബുര്‍ജ് ഖലീഫയുടെ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചത്. അഞ്ച് വര്‍ഷക്കാലം കൊണ്ട് കെട്ടിടത്തിന്റെ ബാഹ്യമായുള്ള പണികള്‍ പൂര്‍ത്തിയായി. 828 മീറ്റര്‍ (2,716.5 അടി) ഉയരമുള്ള കെട്ടിടത്തിന് 163 നിലകളുണ്ട്. 2010 ജനുവരിയില്‍ ബുര്‍ജ് ഖലീഫയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. നിരവധി ലോകറെക്കോഡുകളും ഈ കെട്ടിടത്തിന് സ്വന്തം. 

ഏറ്റവും ഉയരമുള്ള നിര്‍മിതി, സ്വതന്ത്രമായി നിലയുറപ്പിച്ചിരിക്കുന്ന ഏറ്റവും ഉയരമുള്ള നിര്‍മിതി, ഏറ്റവുമധികം നിലകളുള്ള കെട്ടിടം, പുറംകാഴ്ചകള്‍ വീക്ഷിക്കുന്നതിനായി ഏറ്റവും ഉയരത്തിലുള്ള മേല്‍ത്തട്ട്, ഏറ്റവും ദൈര്‍ഘ്യമേറിയ ലിഫ്റ്റ് യാത്ര, ഏറ്റവും ഉയരമുള്ള ലിഫ്റ്റ് യാത്ര തുടങ്ങിയ റെക്കോഡുകള്‍ ബുര്‍ജ് ഖലീഫയ്ക്കുണ്ട്. ബുര്‍ജ് ഖലീഫയ്ക്ക് മുമ്പ് ഏറ്റവും ഉയരമുള്ള നിര്‍മിതിയെന്ന റെക്കോഡ് യുഎസ് സംസ്ഥാനമായ നോര്‍ത്ത് ഡകോട്ടയിലെ KVLY-TV ട്രാന്‍സ് മിഷന്‍ ടവറിനായിരുന്നു, സ്വതന്ത്രമായി നിലകൊള്ളുന്ന നിര്‍മിതിയുടെ റോക്കോഡാകട്ടെ ടൊറന്റോയിലെ സിഎന്‍ ടവറിനായിരുന്നു. 

മുഹമ്മദ് കജൂര്‍ അലബ്ബാറിന്റെ ഉടമസ്ഥയിലുള്ള റല്‍ എസ്‌റ്റേറ്റ് കമ്പനിയായ എമാര്‍ പ്രോപര്‍ട്ടീസിന്റേതാണ് ബുര്‍ജ് ഖലീഫ. അതസേമയം, ഈ കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ചുമതല ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് സി & ടി, യുഎഇയിലെ ആരബ്‌ടെക്, ബെല്‍ജിയം കമ്പനിയായ ബെസിക്‌സ് എന്നിവയ്ക്കായിരുന്നു. ദുബായ് മാള്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം നടത്തിയത് എമാര്‍ കമ്പനിയായിരുന്നു. 

പ്രതിവര്‍ഷം 15 ദശലക്ഷം ഗാലണ്‍ വെള്ളമാണ് ഈ കെട്ടിടഭീമന്‍ ശേഖരിക്കുന്നത്. കെട്ടിടത്തിലെ ചെടികളുടെ ജലസേചനത്തിനായി ഇത് ഉപയോഗപ്പെടുത്തുന്നു. 95 കിലോമീറ്റര്‍ അകലെ നിന്നും ബുര്‍ജ് ഖലീഫയുടെ മുനമ്പ് കാണാനാകും.