കോട്ടയ്ക്കൽ: സ്കൂൾപഠനംതന്നെ മുഴുവനാക്കിയിട്ടില്ല. തച്ചന്മാരുടെയോ എൻജിനീയർമാരുടെയോ കൂടെനിന്ന് പണി അഭ്യസിച്ചിട്ടുമില്ല. പക്ഷേ, മജീദ് എന്ന 47-കാരൻ സ്വയം രൂപകല്പനചെയ്ത്, ഒറ്റയ്ക്ക് പടുത്തുയർത്തിയ ചെങ്കൽവീടുകണ്ടാൽ ആരുടെയും കണ്ണുതള്ളിപ്പോകും! കൃത്യമായ അളവിലും ഭംഗിയിലുമുള്ള തൂണുകൾ, അടുക്കുകൾ കൊത്തിയുണ്ടാക്കിയ തിണ്ണകൾ, തൂണുകൾക്കിടയിൽ കല്ലുകൾ അടുക്കിയുണ്ടാക്കിയ കമാനങ്ങൾ...അങ്ങനെ ആ വീടിന്റെ ഓരോ ഭാഗവും നോക്കിയാലറിയാം അതിനുപിന്നിലെ കലാകാരന്റെ മിടുക്ക്.

കുഴിമണ്ണ മസ്ജിദിനുസമീപം താമസിക്കുന്ന മജീദ് വളപ്പൻ ആണ് വർഷങ്ങൾക്കുമുൻപ് 1,200 ചതുരശ്ര അടിയിൽ ഭൂരിഭാഗം ജോലികളും സ്വയംചെയ്ത് ഇങ്ങനെയൊരു വീടുപണിതത്. ചെങ്കൽക്വാറി നടത്തുന്ന മജീദ് സ്വയംപഠിച്ചെടുത്തതാണ് കല്ല് ചെത്തലും അതിലെ അലങ്കാരപ്പണികളും പടവുമെല്ലാം. അത്യാവശ്യത്തിന് മരപ്പണി, വെൽഡിങ് ജോലികൾ തുടങ്ങിയവയെല്ലാം സ്വയം മനസ്സിലാക്കിയെടുത്തിട്ടുള്ള മജീദ് മെയിൻവാർപ്പിനും മറ്റുമായി കുറച്ചുജോലിക്കാരുടെ സഹായംമാത്രമാണു തേടിയത്. കല്ല് മുറിക്കാനും ചെത്തി രൂപപ്പെടുത്തിയെടുക്കാനുമെല്ലാമുള്ള കുഞ്ഞ് ഉപകരണങ്ങളും സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ച് മജീദ് രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. വീടിന്റെ അകവും പുറവും വെറുംകല്ലുതന്നെ, തേച്ചിട്ടില്ല. ഇപ്പോൾ മുകൾനിലകൂടി പണിയാനുള്ള ശ്രമത്തിലാണ്. അതുതീർന്നിട്ടേ ചുമരുകൾ പോളിഷ് ചെയ്യൂവെന്ന് മജീദ് പറഞ്ഞു.
തന്റെ മഹല്ലിൽപ്പെട്ട കുഴിമണ്ണ ജുമാസ്ജിദിനുമുന്നിൽ നേർച്ചയെന്നോണം പണമൊന്നും വാങ്ങാതെ കല്ലുകളുൾപ്പെടെ എടുത്ത് രണ്ട് ചെങ്കൽ മിനാരങ്ങളോടെ ഒരു പ്രവേശനകവാടം പണിയുന്നതിന്റെ തിരക്കിലാണ് മജീദ് ഇപ്പോൾ. പണി ഏതാണ്ട് പൂർത്തിയായി. ചെങ്കല്ലുകൊണ്ടുള്ള മിനാരങ്ങൾ പള്ളികളിൽ അപൂർവമാണ്. കരുവാരക്കുണ്ടിൽ മുമ്പ് ഒരു ദർഗയ്ക്കു ചെങ്കല്ലിൽ കവാടം പണിതുനൽകിയിരുന്നു. ഭാര്യയും ഏഴുമക്കളുമടങ്ങുന്നതാണ് മജീദിന്റെ കുടുംബം. മൂത്തമകൻ ഹബീബ് റഹ്‌മാൻ സ്കൂൾ ശാസ്ത്രമേളയിൽ മറ്റൊരു കുട്ടിക്കൊപ്പം പ്ലാസ്റ്റിക്കിൽനിന്ന് മോട്ടോർ ഇന്ധനം ഉണ്ടാക്കിയെടുക്കുന്ന വിദ്യ ആവിഷ്കരിച്ച് ശ്രദ്ധനേടിയിരുന്നു.
Content Highlights: majeed builds red stone house
Published: 10 Jul 2024, 04:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented