വീടുനിർമാണത്തിൽ പരമാവധി വ്യത്യസ്തത പുലർത്താൻ ആ​ഗ്രഹിക്കുന്നവരാണ് മിക്കയാളുകളും. സ്വന്തമായി വീട് നിർമിക്കുമ്പോൾ പരമാവധി പുത്തൻ ആശയങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് ഏറെയും. ചിലർ പരമ്പരാ​ഗതരീതികൾ തന്നെ പിന്തുടരുമ്പോൾ മറ്റുചിലർ പഴഞ്ചൻ ആശയങ്ങളെ തകർത്തെറിഞ്ഞ് വ്യത്യസ്തമായവ തിരഞ്ഞെടുക്കും. ഇപ്പോൾ സാമൂഹികമാധ്യമത്തിൽ വൈറലാകുന്നതും അത്തരത്തിൽ കളർഫുൾ ആയ ഒരു വീടാണ്. 

To advertise here,

ഇരുപത്തിയേഴുകാരിയായ കാരിൻ ജോയ് എന്ന ഇന്റീരിയർ ഡിസൈനറുടെ വീടാണിത്. നഴ്സ് കൂടിയായ കാരിന്റെ വീട്ടകങ്ങളുടെ ചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ തരം​ഗമായിരിക്കുകയാണ്. സ്ഥിരംശൈലികളെ വിട്ടുപിടിച്ച് പരമാവധി കളർഫുൾ ആക്കിയാണ് കാരിൻ തന്റെ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. 

ടിക്ടോക്കിലും ഇൻസ്റ്റ​ഗ്രാമിലും നിരവധി ഫോളോവേഴ്സുള്ള കാരിൻ വീടിന്റെ ചിത്രങ്ങൾ ഇവയിൽ പങ്കുവെക്കാറുമുണ്ട്. കളർഫുൾ ഡിസൈനുകൾ എന്നും തന്നെ ആകർഷിച്ചിരുന്നുവെന്ന് കാരിൻ പറയുന്നു. ഒരു ആർട് ​ഗ്യാലറിക്ക് സമാനമാണ് കാരിന്റെ വീടെന്നാണ് ചിത്രങ്ങൾക്ക് കീഴെ പലരും കമന്റ് ചെയ്യുന്നത്. അടുത്തിടെ പങ്കുവെച്ച വീടിന്റെ വീഡിയോയിൽ മഴവിൽ നിറങ്ങൾ നിറഞ്ഞ ചുവർ മുതൽ ഭക്ഷണങ്ങളിൽ നിന്ന് പ്രചോദനമായ ഫർണിച്ചർ വരെ കാണാം. 

പച്ചയും മഞ്ഞയും നീലയും എന്നുവേണ്ട പരമാവധി നിറങ്ങൾ വീടിനകത്തെല്ലാം കാരിൻ നൽകിയിട്ടുണ്ട്. വീട്ടിൽ വച്ചിരിക്കുന്ന ലൈറ്റുകളിൽപ്പോലുമുണ്ട് വ്യത്യസ്തത. ക്രയോൺ ആകൃതിയിലുള്ള ഷാൻലിയറുകളാണ് വീട്ടിൽ തൂക്കിയിരിക്കുന്നത്, അവയും വ്യത്യസ്ത നിറങ്ങളിലുള്ളവ തന്നെ. ഇവ സ്വന്തമായി തയ്യാറാക്കുന്നതിന്റെ വീഡിയോയും കാരിൻ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. 

ഐസ്ക്രീം സാൻവിച്ച് ആകൃതിയിലുള്ള ബെഞ്ചാണ് മറ്റൊരു ആകർഷണം. ചോക്ലേറ്റ് നിറവും വെള്ള നിറവും ഇടകലർന്ന ബെഞ്ചിൽ സ്റ്റോറേജ് സ്പേസും നൽകിയിട്ടുണ്ട്. ലിവിങ് റൂമിൽ വെള്ളനിറത്തിൽ പലവർണങ്ങൾ കൊണ്ടുള്ള നീണ്ട വരകൾ കാണാം. മത്സ്യക്കുളത്തിന് സമാനമായ ആകൃതിയിലാണ് ‍ഡൈനിങ് ടേബിൾ ഒരുക്കിയിരിക്കുന്നത്. സ്ട്രോബെറി കേക്കിന്റെ ആകൃതിയിലുള്ള ലൈറ്റും പെൻസിലിൽ കുത്തിനിർത്തിയതിനു സമാനമായ ലൈറ്റുമൊക്കെ വീട്ടിൽ കാണാം. 

മഞ്ഞനിറത്തിലുള്ള ബാത്റൂമിലെ പ്രധാന ആകർഷണം ടൂത്ബ്രഷിന്റെ ആകൃതിയിലുള്ള ഹാങ്ങിങ് ആണ്. വീട്ടിൽ നൽകിയ ബ്രേക്ഫാസ്റ്റ് കൗണ്ടറിനു ചുറ്റുമുള്ള ഇരിപ്പിടങ്ങൾക്കുമുണ്ട് പ്രത്യേകത, അവയെല്ലാം ഓറഞ്ച്, സ്ട്രോബെറി, നാരങ്ങ തുടങ്ങിയ ഫലങ്ങളുടെ ഡിസൈനുകളിലുള്ളവയാണ്. അതേയിടത്തിനു മുകളിൽ നൽകിയിരിക്കുന്ന ഷാൻലിയർ ലൈറ്റാകട്ടെ വിവിധ വർണങ്ങളിലുള്ള സ്പൂണുകൾ തൂക്കിയിട്ടതിനു സമാനമാണ്. 

കൈപ്പത്തിക്ക് സമാനമായ ഇരിപ്പിടങ്ങളും ബിസ്ക്കറ്റിന്റെ രൂപത്തിലുള്ള ടേബിളും പായലിനു സമാനമായ ടി.വി. ഫ്രെയിമും വീട്ടിൽ നൽകിയിട്ടുണ്ട്. സന്തോഷിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ വീടൊരുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് കാരിൻ പറയുന്നത്.

ആഴ്ചകളെടുത്താണ് വീട്ടിലെ ഓരോ ഡിസൈനുകൾക്കും കാരിൻ രൂപം നൽകുന്നത്. വ്യത്യസ്തമായ ഡിസൈനുകളോട് തനിക്ക് എന്നും പ്രിയം കൂടുതലായിരുന്നുവെന്നാണ് കാരിൻ പറയുന്നത്. തന്റെ വീടുകളിൽ ഒന്നിനും അതിരുകളില്ല, ഓരോദിവസവും തനിക്ക് പുഞ്ചിരി പകരുന്ന കാര്യങ്ങൾ വീട്ടിനുള്ളിൽ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യും-കാരിൻ പറയുന്നു.